കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മിസോറാമില്‍ ശക്തമായ പ്രതിഷേധം. കുമ്മനം തീവ്ര ഹിന്ദുത്വ വാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. പ്രിസം (പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത സംഘടനയാണിത്. ഗവര്‍ണര്‍ നിയമനത്തിനെതിരെ സംഘടിക്കണം എന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവസംഘടനകളെയും രാഷ്ട്രീയപാര്‍ട്ടികളെയും എന്‍ജിഒ യൂണിയനുകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം.

തങ്ങളുടേത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്നാണ് പ്രിസത്തിന്റെ നിലപാട്. കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ്സിന്‍െ സജീവ പ്രവര്‍ത്തകനാണെന്നും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും ക്രൈസ്തവ വിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി വാദിക്കുന്ന ആളാണെന്നുമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു-ക്രൈസ്തവ സംഘര്‍ഷത്തില്‍ കുമ്മനം നേരിട്ട് ഇടപെട്ടിരുന്നു. 2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുനൂറാം വാര്‍ഷികാഘോഷപരിപാടിയില്‍ സുവിശേഷപ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം പറയുന്നു.