തൂത്തുക്കുടി സമരം: വിവാദപ്രസ്താവനയിൽമാപ്പ് പറഞ്ഞ് രജനീകാന്ത്

തൂത്തുക്കുടി സമരക്കാർക്കെതിരെ നടത്തിയ വിവാദപ്രസ്താവനയിൽ മാപ്പ് പറഞ്ഞ് തമിഴ് സൂപ്പർ താരം രജനീകാന്ത്. തന്റെ ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇന്നലെ വിമാനത്താവളത്തിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലെ എന്റെ പ്രതികരണം പരുക്കനും ഭീഷണി നിറഞ്ഞതുമായിരുന്നുവെന്ന് മാദ്ധ്യമ പ്രവർത്തകർ പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു”- അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, പ്രസ്‌താവന വിവാദമായതിന് പിന്നാലെ രജനീകാന്തിന്റെ പോയസ്ഗാർഡനിലെ വസതിക്ക് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തൂ​​​ത്തു​​​ക്കു​​​ടി​​​യിൽ സന്ദർശനത്തിനിടെ നടത്തിയ വിവാദ പ്രസ്താവനകൾ പിൻവലിച്ച് താരം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. വീടിന് സമീപത്തെ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. പൊതുജനങ്ങളെ ഈ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. ഏകദേശം 200ഓളം പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചതായാണ് കണക്കാക്കുന്നത്.

പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്ക് കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്. പൊലീസിനെ ആക്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എല്ലാറ്റിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകുമെന്നും തൂത്തുക്കുടി വെടിവയ്പിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം രജനി പറഞ്ഞിരുന്നു.