‘എനിക്കെന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്റെ കുടുംബത്തിന് ഈ പണം വാങ്ങി നല്‍കണം’: ശമ്പളം കിട്ടാത്ത യുവ കവിയുടെ കത്ത്

റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പളം ലഭിക്കാത്ത മാധ്യമ പ്രവർത്തകരുടെ അസ്വസ്ഥത പുകയുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അടക്കം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇതിനിടെ ചാനല്‍ പ്രോഗ്രാം മേധാവി എം.എസ്. ബനേഷ് തനിക്ക് ഒമ്പതു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നു കാണിച്ച് ചാനലുടമയും മാനേജിംഗ് ഡയറക്ടറുമായ നികേഷ്‌കുമാറിന് അയച്ച കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. യുവ കവികളില്‍ ശ്രദ്ധേയനായ വ്യക്തിയാണ് എം.എസ്. ബനേഷ്.

‘സര്‍, റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രോഗ്രാം ഹെഡ് തസ്തികയില്‍ 40,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ 2016 ഏപ്രില്‍ 15 മുതല്‍ ജോലിചെയ്തുവരുന്ന എനിക്ക് ശമ്പളക്കുടിശികയായി ഇതുവരെ 3,06,106 രൂപ ലഭിക്കാനുണ്ടെന്ന കാര്യം അറിയിക്കട്ടെ. ഒമ്പതുമാസമായി എനിക്ക് ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളക്കുടിശികയുള്ള മാസങ്ങളുടെയും ഇതുവരെയും ശമ്പളം നല്‍കാത്ത മാസങ്ങളുടെയും വിശദമായ കണക്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. 2016 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള ശമ്പളക്കുടിശികയുടെ കണക്കുകളാണ് കത്തില്‍ കാണിച്ചിരിക്കുന്നത്. ശമ്പളം എത്രയും വേഗം തന്നു തീര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്.’

ഈ കത്തുകള്‍ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും മെയിലിലൂടെയും മറ്റും പങ്കുവയ്ക്കുന്നുണ്ട്. സ്‌കൂള്‍ തുറന്നിട്ടും ജീവനക്കാര്‍ക്ക് ശമ്പളക്കുടിശിക നല്‍കാത്തതിനാല്‍ ചാനലിന്റെ ഭൂരിഭാഗം ബ്യൂറോ ഓഫീസുകളും പ്രവര്‍ത്തനരഹിതമാണ്. എക്‌സിക്യൂട്ടീവ് എഡിറ്ററടക്കം മാധ്യമപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ദീര്‍ഘകാല അവധിയെടുത്ത് മാറിനില്‍ക്കുകയാണ്.

ചെങ്ങന്നൂര്‍ ഇലക്ഷന്റെ ദിവസങ്ങളില്‍പ്പോലും കാര്യമായ വാര്‍ത്തകളോ വിശകലനങ്ങളോ ഒന്നും ചാനലില്‍ ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഒമ്പതുലക്ഷത്തോളം രൂപ ടാക്‌സി കാര്‍ ഓടിയ ഇനത്തില്‍ നല്‍കാനുള്ളതിന്റെ പേരില്‍ കൊച്ചിയിലെ ഒരു ടൂറിസ്റ്റ് ടാക്‌സി കമ്പനി ഉടമ കഴിഞ്ഞമാസം 29ന് രാത്രിയില്‍ എച്ച്എംടി കോളനിയിലെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോംപ്ലക്‌സില്‍ വന്ന് ആത്മഹത്യാഭീഷണി മുഴക്കുകയും എച്ച്ആര്‍ മാനേജരുമായി സംഘട്ടനത്തില്‍ ഏര്‍പ്പെട്ടതായും ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് കളമശ്ശേരി പൊലീസ് എത്തിയാണ് ടാക്‌സി കമ്പനി ഉടമയെ സംഭവസ്ഥലത്തുനിന്നും മാറ്റിയത്.

ഇതിനും പുറമെ ജില്ലാ ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് മാസങ്ങളായി വാടകക്കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് പല ഓഫീസുകളും കെട്ടിട ഉടമകള്‍ കോടതിയെയും മറ്റും സമീപിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് എസ്എല്‍ തീയറ്ററിനു സമീപം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു പ്രധാന ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന് ലക്ഷങ്ങളുടെ വാടകക്കുടിശിക വന്നതിനെ തുടര്‍ന്ന് ആ കെട്ടിട ഉടമ കോടതിയെ സമീപിക്കുകയും വിധി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെനിന്നും പുറത്താക്കുകയുമായിരുന്നു. നിലവിലെ ഇടതുപക്ഷ സര്‍ക്കാരുമായി നികേഷ്‌കുമാറിനുള്ള സ്വാധീനവും ബന്ധവും ഉപയോഗിച്ചാണ് പല വാടക കുടിശികക്കാരെയും നിശബ്ദരാക്കി നിര്‍ത്തിയിരിക്കുന്നത്.

ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത വിഷയത്തില്‍ ഇടപെടാന്‍ തൊഴിലാളി സംഘടനകളോ പത്രപ്രവര്‍ത്തക യൂണിയനോ ഇതുവരെയും തയാറായിട്ടില്ല. ലേബര്‍ വകുപ്പില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഭാഗത്തു നിന്നും ഇതുവരെ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ല.