രാമായണത്തിലെ സീത ‘ടെസ്റ്റ്യൂബ് ശിശു’ ആയിരുന്നുവെന്ന് യു പിയിലെ ഉപ മുഖ്യമന്ത്രി

വിവരക്കേടുകളുടെ കോമ‍ഡി പ്രസ്താവനകൾ ഇറക്കാൻ ബി ജെ പി നേതാക്കളും മന്ത്രിമാരും മത്സരിക്കുന്നു. . ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത് മഹാഭാരത കാലത്താണെങ്കില്‍ ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായത്തിന് തുടക്കമിട്ടത് അതിനും മുമ്പ് രാമായണകാലത്ത് ആണെന്ന ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയുടെ പ്രസ്താവനയാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അന്നത്തെ കാലത്ത് ടെസ്റ്റ്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനര്‍ത്ഥം. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ദിനേഷ് ശര്‍മയുടെ പരാമര്‍ശം.

ആധുനിക കരാലത്തെ പല സാങ്കേതിക വിദ്യകളുടെയും തുടക്കം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആയിരുന്നുവെന്നും ദിനേഷ് ശര്‍മ കണ്ടു പിടിച്ചു. കുരുക്ഷേത്ര യുദ്ധവിവരം തത്സമയം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രറെ അറിയിച്ചത് തേരാളിയായിരുന്ന സഞ്ജയനാണ്. അത് തത്സമയ വാര്‍ത്താൈ സംപ്രേഷണമാണ്. അങ്ങനെയല്ലെങ്കില്‍ പിന്നെന്താണ് ലൈവ് ടെലികാസ്റ്റെന്നും മന്ത്രി ചോദിച്ചു.

അന്ധനായ ധൃതരാഷ്ട്രര്‍ കൊട്ടാരത്തിലിരുന്ന് യുദ്ധവിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞത് ശാസ്ത്രത്തിന്‍റെ വിജയമാണെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അത് സാധിച്ചതെന്നും ദിനേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തേക്കും ചെല്ലുകയും മറ്റുളളവരിലേക്ക് സന്ദേശമെത്തിക്കുകയും ചെയ്ത നാരദന്‍റെ സേവനം മാധ്യമപ്രവര്‍ത്തകന്‍റേതു തന്നെയെന്നും ശര്‍മ പറയുന്നു.