വെളിച്ചെണ്ണ നിരോധനം ഏശില്ല; പേരുമാറി പുതിയ ബ്രാൻഡുമായി മായംകലര്‍ന്ന വെളിച്ചെണ്ണ വരും

മായം കലര്‍ന്ന 45 ഇനം വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പു നിരോധിച്ചെങ്കിലും ഇവ വിപണിയില്‍നിന്നു പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനാകില്ല. മറ്റൊരു പേരില്‍ ഇതേ നിര്‍മാതാക്കള്‍ തന്നെ വീണ്ടും എത്തിക്കും. സംസ്ഥാനത്തു വില്‍ക്കുന്ന മായംകലര്‍ന്ന വെളിച്ചെണ്ണ ഇനങ്ങളില്‍ 70 ശതമാനത്തിലേറെയും തമിഴ്നാട്ടില്‍നിന്നും മറ്റുമാണെത്തിക്കുന്നത്.

മുമ്പും നടപടിക്കു വിധേയമായ കമ്പനികള്‍ തന്നെയാണ് ഇവ വിപണിയില്‍ എത്തിക്കുന്നത്. പാരഫിന്‍ ഉള്‍പ്പെടെയുളള രാസപദാര്‍ഥങ്ങളാണു ചേര്‍ക്കുന്നത്. ലിറ്ററിന് 60 രൂപയ്ക്ക് ലഭിക്കുന്ന പാമോയിലും വ്യാപകമായി ചേര്‍ക്കുന്നുണ്ട്. മലേഷ്യയില്‍നിന്നാണു പാമോയില്‍ അധികവും ഇറക്കുമതി ചെയ്യുന്നത്. വന്‍ മാര്‍ജിന്‍ ലഭിക്കുന്നതിനാല്‍ ഇവ വില്‍ക്കാന്‍ വ്യാപാരികള്‍ തയാറാകുന്നു. നല്ല എണ്ണയ്ക്കു മാര്‍ജിന്‍ കുറവായിരിക്കും. മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപാരികള്‍ക്കു കമ്പനികള്‍ നല്‍കുന്നത് 140 നും 150 രൂപയ്ക്കും ഇടയിലാണ്. ഇതു വില്‍ക്കുന്നത് ശുദ്ധമായ വെളിച്ചെണ്ണയുടെ അതേ വിലയ്ക്കാണ്.

ശുദ്ധമായ വെളിച്ചെണ്ണയ്ക്കു വില ലിറ്ററിന് 225 മുതല്‍ 250 രൂപവരെയാണ്. ശക്തമായ നിയമത്തിന്റെ അഭാവമാണു ഭക്ഷ്യസാമഗ്രികളില്‍ മായം കലര്‍ത്താന്‍ കാരണം. മായം കലര്‍ത്തല്‍ നിരോധന നിയമം(പ്രിവന്‍ഷ്യന്‍ ഓഫ് ഫുഡ് അഡല്‍ട്ടറേഷന്‍) നിലവില്‍ ഉണ്ടായിരുന്ന വേളയില്‍ മായം കലര്‍ത്തുന്നതു ജയില്‍ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ക്കുറ്റമായിരുന്നു. എന്നാല്‍, 2006 ല്‍ ഭക്ഷ്യസുരക്ഷാനിയമം പാസാക്കിയതോടെ പിഴയടച്ചാല്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടാം. കഴിഞ്ഞ ദിവസമാണ് ഇത്രയും ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചത്. ഇതിലേറെയും വരുന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ്.

ഏതാനും മാസം മുമ്പ് എറണാകുളം ജില്ലയില്‍ വെളിച്ചെണ്ണ വ്യാപാരികള്‍ സ്വന്തം നിലയില്‍ വിവിധ കടകളില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ 24 ഇനം ബ്രാന്‍ഡുകള്‍ മായം കലര്‍ന്നവയാണെന്നു കണ്ടുപിടിച്ചിരുന്നു. ഇവയുടെ പേരുകള്‍ അടക്കം ഭക്ഷ്യസുരക്ഷാവിഭാഗത്തിനു പരാതിയും നല്‍കി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാരികളില്‍നിന്നു വകുപ്പ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കുകയായിരുന്നു.