‘കെവിന്റെ സാമ്പത്തികവും ജാതിയുമായിരുന്നു വീട്ടുകാർക്ക് ‘പ്രശ്നം: നീനുവിൻറെ മൊഴി; കെവിന്‍റേത് മുങ്ങിമരണമെന്ന് അന്തിമപോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയത്ത് കൊല്ലപ്പെട്ട കെവിൻ ജോസഫിന്റേത് ദുരഭിമാനക്കൊലയെന്ന് ഭാര്യ നീനുവിന്റെ മൊഴി. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയെ ചൊല്ലിയുമാണ് കല്യാണത്തിന് വീട്ടുകാർ എതിർപ്പുയർത്തിയത്. എന്നിട്ടും താൻ ബന്ധത്തിൽ നിന്നും പിന്മാറാത്തതാണ് കൊലയ്ക്ക് കാരണമെന്നും നീനുവിന്റെ മൊഴിയിൽ പറയുന്നു.

അതേയമയം, കെവിന്റെത് മുങ്ങിമരണം തന്നെയെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. രക്ഷപ്പെടാൻ ചാടിയപ്പോൾ പുഴയിൽ വീണതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. കെവിന് നീന്തൽ അറിയില്ലെന്ന് നേരത്തെ തന്നെ ബന്ധുക്കളിൽ ചിലർ പറഞ്ഞിരുന്നു. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം കിട്ടിയിട്ടില്ല.

ശരീരത്തിൽ 14 മുറിവുകൾ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ച ശേഷം അന്തിമറിപ്പോർട്ട് നൽകും. മർദ്ദിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടതാണോ എന്നതാണ് ഇനി ഉയരുന്ന സംശയം. അതുമല്ലെങ്കിൽ മർദ്ദിച്ച് അവശനായ കെവിൻ രക്ഷപ്പെടുന്നതിനിടെ തോട്ടിൽ വീണതാണോ എന്ന സംശയവും ഉയരുന്നു.

പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ കെവിനെ മുക്കുക്കൊന്നതാണെന്നായിരുന്നു ആദ്യം തന്നെ പൊലീസ് നിഗമനം. തെന്‍മലയ്ക്കു സമീപം എത്തിയപ്പോള്‍ കെവിന്റെ സുഹൃത്ത് അനീഷിന് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഛര്‍ദിച്ചിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തി അനീഷിനെ പുറത്തിറക്കുകയായിരുന്നു. ഈസമയം കെവിനെയും കൊണ്ടുവന്ന വാഹനവും നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ അനീഷിന്റ വാഹനത്തിനു സമീപമെത്തി. ഈസമയം കെവിനെയും പുറത്തിറക്കിയിരുന്നു. അനീഷ് ഇതു കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും അനീഷിനു സമീപമെത്തിയ തക്കം നോക്കി കെവിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഇതു കണ്ട ഷാനും നിയാസും കെവിനെ പിടികൂടാനായി പുറകെ ഓടി.

തെന്‍മല ചാലിയക്കര ആറ്റിനു സമീപമെത്തിയ കെവിനെ ആറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഷാനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ ആറ്റില്‍ മുക്കിപ്പിടിച്ചെന്നും അപ്പോഴേക്കും മരണം സംഭവിച്ചെന്നുമാണ് പൊലീസ് നിഗമനം. ഒരാള്‍ ജീവനോടെ വെള്ളത്തില്‍ വീണാല്‍ മാത്രമേ ശ്വാസകോശത്തില്‍ വെള്ളം കയറുകയുള്ളു. അതിനാല്‍ വെള്ളത്തില്‍ വീണപ്പോള്‍ കെവിന് ജീവനുണ്ടായിരുന്നുവെന്നും അവിടെവച്ചുണ്ടായ മല്‍പ്പിടിത്തത്തിലാണ് കെവിന്‍ കൊല്ലപ്പെട്ടതെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞിരുന്നു. . ശ്വാസം ഉള്ളിലേക്കെടുത്താല്‍ മാത്രമേ വെള്ളം അകത്തേക്കു കയറുകയുള്ളു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം