നിപ വൈറസ്: മരുന്നുണ്ടെന്ന അവകാശവാദവുമായി ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍

നിപ വൈറസിനെതിരെ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

എല്ലാ പനികള്‍ക്കുമുള്ള മരുന്ന് ഹോമിയോപതിയിലുണ്ടെന്നാണ് ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ അവകാശവാദമുന്നയിക്കുന്നത്. വിവധതരത്തിലുള്ള പനികള്‍ക്കുള്ള മരുന്ന് ഹോമിയോപതിയിലുണ്ട്. ഇത്തരം പനികള്‍ക്കെതിരെ പ്രതിരോധ മരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാരും നിര്‍ദേശിച്ചിട്ടുള്ളത്. നിപ രോഗികളെ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

ഇതിന് പുറമേ നിപ രോഗബാധയുള്ളവരുടെ ആരോഗ്യവിവരങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും അസോസിഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിപ രോഗബാധിതര്‍ക്കായി ആസ്‌ട്രേലിയയില്‍ നിന്നാണ് അലോപതി മരുന്ന് എത്തിച്ചത്. നിലവിലെ അലോപതി ചികിത്സാരീതിയില്‍ ഒരു രോഗിയുടെ അസുഖം ഭേദമായിരുന്നു. നിപയെ പരിധിവരെ പ്രതിരോധിക്കാനും അലോപതി മരുന്നുകള്‍ക്ക് കഴിയുന്നുണ്ട്.

കഴിഞ്ഞദിവസം നിപയുടെ പേരില്‍ വ്യാജ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തതിന്റെ പേരില്‍ ഓഫീസ് അറ്റന്ററെ സസ്‌പെന്റ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു. മാണാശ്ശേരി ഹോമിയോ ആശുപത്രിയിലായിരുന്നു ഡോക്ടറില്ലാത്ത സമയം അറ്റന്‍ഡര്‍ നിപ പ്രതിരോധ മരുന്നെന്ന പേരില്‍ വ്യാജഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തത്. സംഭവം പുറത്തായതോടെ ആരോഗ്യമന്ത്രി നേരിട്ട് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.