പരിശോധനയ്‌ക്ക് അയച്ച പഴംതീനി വവ്വാലുകളിൽ നിപ്പ വെെറസില്ല; വീണ്ടും ആശങ്കകൾ

കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ നിപ്പ വെെറസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട ആശങ്കകൾ അവസാനിക്കുന്നില്ല. നിപ്പ വെെറസ് പടർന്നത് പഴംതീനി വവ്വാലിൽ നിന്നുമല്ലെന്നാണ് പരിശോധന ഫലം. ഭോപ്പാലിലെ ലാബിലേക്ക് അയച്ച 13 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ചങ്ങരോത്തെ ജാനകിക്കാട്ടിൽ നിന്നുമാണ് വവ്വാലിന്റെ സാമ്പിളുകൾ ശേഖരിച്ചത്. അതേസമയം വവ്വാലുകളുടെ പരിശോധന തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നേരത്തെ ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും നിപ്പ വെെറസ് കണ്ടെത്തിയിരുന്നില്ല. കോഴിക്കോട് അദ്യം നിപ്പ വെെറസ് കണ്ടെത്തിയ ചങ്ങരോത്തെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽ നിന്നും പിടികൂടിയ വവ്വാലുകളുടെ സാമ്പിളുകളായിരുന്നു പരിശോധനയ്‌ക്ക് അയച്ചത്. വവ്വാലുകളുടെ അടക്കം 21 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇവയുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ്.

അതേസമയം വൈറസിന്റെ ഉറവിടം വവ്വാലുകളില്‍ നിന്നല്ലെന്ന് പൂര്‍ണമായും പറയാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ്പാ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും.