കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

 കെവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെവിന്റെ മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ ഗുരുതര വീഴ്ചയാണ് കെവിന്റെ മരണത്തിന് കാരണമെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പൊലീസിന്റെ അറിവോടെ നടന്ന ദുരഭിമാനക്കൊലയാണിതെന്നും അദ്ദേഹം ആരോപിച്ചു. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സി.പി.എമ്മുകാരാണ് . കേസ് പൊലീസ് അന്വേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമെന്നും അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

എന്നാൽ, കെവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കെവിന്റെ മരണം ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു. കെവിന്റെ ഭാര്യ നീനു പരാതിയുമായി വന്നപ്പോൾ പൊലീസ് ആവശ്യമായ നടപടി എടുത്തില്ല. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എസ്.ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേസിലെ 14 പ്രതികളേയും അറസ്‌റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

കെവിനെ തട്ടിക്കാണ്ടുപോയി കൊന്നതാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ദുരഭിമാനാക്കൊലയ്ക്കെതിരെ കേരളം രംഗത്ത് വരണം. എന്നാൽ, കൊലപാതകത്തിൽ രാഷ്ട്രീയം കാണരുത്. തെറ്റായ പരാമർശങ്ങൾ നടത്തുന്നത് അഭികാമ്യമല്ല. കെവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നു. ഇത് എന്തിനുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. നീനുവിന്റെ പിതാവ് ചാക്കോ ജോണും മാതാവ് രഹ്നയും സഹോദരൻ സാനുവും കോൺഗ്രസ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതികളുടെ രാഷ്ട്രീയം നോക്കിയല്ല സർക്കാർ നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസ് വഴിതിരിച്ചു വിടാൻ പൊലീസ് ശ്രമിക്കുന്നതായി തിരുവഞ്ചൂർ ആരോപിച്ചു. പല കേസുകളിലും ഇതാണ് കണ്ടത്. വരാപ്പുഴ കേസിലും പൊലീസുകാരാണ് പ്രതിസ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വരാപ്പുഴ കേസിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി.ജോ;ർജിന് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ റൂറൽ ടൈഗർ ഫോഴ്സ് നിർദ്ദേശിച്ചതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.