നിയമസഭ ആദ്യദിനം, അടിച്ചു പിരിഞ്ഞു

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ആദ്യ ദിനം തന്നെ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് അടിച്ചു പിരിഞ്ഞു. കെവിൻ വധക്കേസിനെ ചൊല്ലി ഭരണ – പ്രതിപക്ഷ വാക്കേറ്റത്തിനൊടുവിൽ നിയമസഭ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.കെവിന്റെ മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയമാണ് സഭയെ ബഹളത്തിലാഴ്ത്തിയത്.കെവിന്റെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും സംസ്ഥാനത്ത് പൊലീസ് തികഞ്ഞ പരാജയമാണെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

എന്നാൽ സി.ബി.ഐ അന്വേണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. കെവിൻ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരായ മുഴുവൻ പേക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേസിൽ 14 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ കൊലക്കേസിൽ പ്രതികളായവരുടെ പട്ടികയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഉൾപ്പെട്ടിട്ടുളളതിനാൽ ഇത് പൊലീസിന്റെ പിന്തുണയോടെയുള്ള ദുരഭിമാന കൊലയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

എന്നാൽ,​ കൊലപാതകത്തിൽ രാഷ്ട്രീയം കാണരുതെന്നും തെറ്റായ പരാമർശങ്ങൾ നടത്തുന്നത് അഭികാമ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നു. നീനുവിന്റെ പിതാവ് ചാക്കോ ജോണും മാതാവ് രഹ്നയും സഹോദരൻ സാനുവും കോൺഗ്രസ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് സി.ബി.ഐയ്ക്ക് വിടാൻ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ശാന്തരാകാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല. തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.