കെവിന് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെവിന്റെ ഭാര്യ നീനുവിന്റെയും മുഖ്യപ്രതി ഷാനുവിന്റെയും അമ്മയായ രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തന്നെ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി.
കേസുമായി തനിക്ക് ഒരു ബന്ധവുമില്ല. കൊലപാതക വിവരം താന്‍ അറിഞ്ഞതു പോലുമില്ലെന്നും കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രഹ്ന വ്യക്തമാക്കുന്നു.
കേസില്‍ രഹ്നയെ കൂടി ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റു ചെയ്യാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍ രഹ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. ഇതിനിടെയാണ് രഹ്നയുടെ ഭാഗത്തു നിന്നും താന്‍ നിരപരാധിയാണെന്ന് വെളിപ്പെടുത്തുന്ന തരത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാൽ കെവിന് വധക്കേസിലെ മുഖ്യആസൂത്രക എന്നു കരുതുന്ന നീനുവിന്റെ മാതാവ് രഹ്നക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ടെന്ന് തന്നെയാണ് വിവരം. പ്രതിയാകുമെന്നു കണ്ടതോടെയാണ് രഹ്ന ഒളിവില്‍നിന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്. ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുന്‍പുതന്നെ രഹ്നയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചതായാണ് പോലീസ് വിലയിരുത്തല്‍. ഇവരെ ഒളിപ്പിച്ചതിനു പിന്നില്‍ ചില രാഷ്ട്രീയ ഇടപെടല്‍ ഉള്ളതായും ആരോപണമുണ്ട്. കെവിന്റെ മരണവിവരം പുറത്തുവന്ന ഞായറാഴ്ച തന്നെ ഇവര്‍ മുങ്ങിയിരിരുന്നതായാണ് വിവരം.
കെവിനെ കൊന്നുകളയണമെന്ന നിര്‍ദേശം അക്രമിസംഘത്തിന് നല്‍കിയത് രെഹ്നയായിരുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി വകവരുത്താനായി ഗള്‍ഫിലായിരുന്ന ഷാനുവിനെ വിളിച്ചുവരുത്തിയതും കെവിന് താമസിക്കുന്നത് അനീഷിന്റെ വീട്ടിലാണെന്നു കണ്ടെത്തിയതും രഹനയായിരുന്നു. തെന്മലയിലേയും തമിഴ്നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് രഹ്നയ്ക്കായി അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമില്ല.
കോട്ടയം ഗാന്ധിനഗര്‍ പോലീസ് നീനുവിനെ കെവിനൊപ്പം പോകാന്‍ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവര്‍ കോട്ടയത്ത് എത്തി കെവിന് താമസിച്ചിരുന്ന മാന്നാനത്ത് എത്തിയിരുന്നു. കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നു നേരത്തേ കെവിന്റെ ബന്ധുവും തട്ടിക്കൊണ്ടു പോകലിന് ഇരയായ ആളുമായ അനീഷ് ആരോപിച്ചിരുന്നു. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം.
മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകള്‍ ആക്രമിക്കില്ലെന്ന് നീനുവും പറഞ്ഞിരുന്നു. കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങള്‍ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങള്‍ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകള്‍ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു.
എന്നാല്‍ അപ്പോള്‍ കെവിന് മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. അനീഷിനെ വണ്ടിയില്‍ പൂട്ടിയിട്ടാണ് പ്രതികള്‍ പിന്നീട് പോയത്. അവര്‍ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന് ഓടിപ്പോയെന്നാണ് പറഞ്ഞത്. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികള്‍ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു. അത് കണ്ണും മൂക്കും തകര്‍ക്കുന്നതായിരുന്നെന്നും അനീഷ് പറഞ്ഞിട്ടുണ്ട്.
മകളുടേതിന് സമാനമായ രീതിയില്‍ തെന്മലയില് കോളിളക്കം സൃഷ്ടിച്ച പ്രണയത്തിന് ശേഷമായിരുന്നു നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്ന ബീവിയും വിവാഹിതരായത്. ഷാനുവും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. നീനുവിന്റെ പിതാവ് ചാക്കോ ക്രിസ്ത്യാനിയും മാതാവ് രഹ്ന ബീവി മുസ്ലിമുമാണ്. കാല്‍നൂറ്റാണ്ടു മുമ്പുണ്ടായ സംഭവങ്ങള്‍ നാട്ടുകാര്‍ മറന്നിട്ടില്ല. അന്നു രഹനയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതം മൂളിയപ്പോള്‍ ചാക്കോയുടെ ബന്ധുക്കള്‍ എതിര്‍ത്തു. ഇതിന്റെ പേരില്‍ പിന്നീടു തെന്മല പോലീസ് സ്റ്റേഷനില്‍ കേസുണ്ടായി. പിന്നീട് ഒത്തുതീര്‍പ്പിലൂടെയാണു വിവാഹം നടന്നതെന്നും നാട്ടുകാര്‍ ഇപ്പോഴും ഓര്‍മിക്കുന്നു. ചാക്കോയുടെ ബന്ധുക്കള്‍ വിവാഹത്തില്‍ സഹകരിച്ചിരുന്നില്ല.
പിന്നീടു ചാക്കോ വിദേശത്തു ജോലിക്കായി പോയി. ഏതാനും വര്‍ഷത്തിനു ശേഷം രഹനയെയും കൊണ്ടുപോയി. പിന്നീട് വിദേശത്തെ ജോലി മതിയാക്കി നാട്ടില്വന്ന ചാക്കോ വീടിനു സമീപം സ്റ്റേഷനറിക്കട തുടങ്ങി. കട നോക്കിനടത്തുന്നതു ഭാര്യയാണ്. പുനലൂരിലെ സുവാര്‍ത്ത സ്വതന്ത്ര പെന്തക്കോസ്ത് സഭാംഗങ്ങളായതിനാല് മകളെ വളര്‍ത്തിയത് ക്രിസ്തിയ വിശ്വാസത്തിലാണ്.എന്നാണ് ഇവർ തന്നെ അവകാശപ്പെടുന്നത്.
അതിനിടയിൽ നീനു ചാക്കോ നേരത്തെ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി പിതാവ് ചാക്കോ. പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് നീനുവിന് ചികിത്സ നടത്തിയിരുന്നതെന്നും ചാക്കോ പറഞ്ഞു.അനന്തപുരി ഹോസ്പിറ്റലിൽ നീനു സൈക്കാട്രിക് ട്രീറ്റ്മെൻറ് എടുത്തിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷെ കൂടുതൽ വിവരങ്ങൾ നൽകാൻ ഹോസ്പിറ്റൽ അധികൃതർ തയ്യാറായില്ല.ഇപ്പോള്‍ അന്യവീട്ടില്‍ നില്ക്കുന്നതിനാല് ചികിത്സ മുടങ്ങിയെന്നും തുടര്‍ ചികിത്സ നല്കാന് ഇടപെടണമെന്നും ആവശ്യപ്പെട്ട് ചാക്കോ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.