ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല; രമേശ് ചെന്നിത്തലയെ ചൊറിഞ്ഞ മുരളീധരനെതിരെ ആഞ്ഞടിച്ച് ജോസഫ് വാഴക്കന്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരനെതിരെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. സ്വന്തം അച്ഛനെ ചൊറിഞ്ഞയാള്‍ എത്ര പറഞ്ഞാലും നന്നാകില്ലെന്ന് ജോസഫ് വാഴക്കന്‍.നത്തോലി ഒരു ചെറിയ മീനല്ല, ചൊറിച്ചില്‍ ഒരു രോഗമല്ല എന്ന് പറഞ്ഞാണ് ജോസഫ് വാഴക്കന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. രമേശ് ചെന്നിത്തല വോട്ട് ചെയ്യുന്ന ചെന്നിത്തല പഞ്ചായത്തിലെ ബൂത്തില്‍ പോലും യുഡിഎഫ് പിന്നിലായത് ചൂണ്ടിക്കാട്ടിയാണ് കെ മുരളീധരന്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നത്.

തന്റെ ബൂത്ത് ഭദ്രമാണ് എന്നാണ് മുരളീധരന്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കാരണം മുരളീധരന്റെ ബൂത്ത് ഏതാണ് എന്ന് ആര്‍ക്കും നിശ്ചയമില്ലെന്നും മുരളിയുടെ പേരെടുത്ത് പറയാതെ ജോസഫ് വാഴക്കന്‍ പരിഹസിക്കുന്നു. നമുക്കറിയാവുന്ന ബൂത്തുകളിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണെന്നും വാഴക്കന്‍ അഭിപ്രായപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയേയും നേതാക്കളെയും ചെളി വാരി എറിയുന്ന പണി നിര്‍ത്തണമെന്നും വാഴക്കന്‍ മുരളീധരനോട് പറയുന്നു.ഒയിന്മെന്റ്റ് ട്യൂബില്‍ നിന്ന് വിരലിലേക്ക് എടുക്കുന്ന പ്രതീകാത്മക ചിത്രവും വാഴക്കന്‍ പോസ്റ്റിയിട്ടുണ്ട്.

ജോസഫ്‌ വാഴക്കന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

“നത്തോലി ഒരു ചെറിയ മീനല്ല”

“ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല”

എന്ത് ചെയ്യാം !!!

ചിലരുടെ ശീലങ്ങൾ നമുക്ക് മാറ്റാനാവില്ല.രാഷ്ട്രീയത്തിൽ നേതൃത്വത്തിലിരിക്കുന്നവർ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോൾ പരസ്പരം ബഹുമാനം പുലർത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസൽട്ടായിരുന്നു വിഷയം.തന്റെ ബൂത്ത്‌ ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.കേരളത്തിൽ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത്‌ ഏതാണെന്ന് ആർക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ കൂലിയെഴുത്തുകാരെ വച്ച് പാർട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണം.