നീനു മാനസികരോഗിയെന്ന് പിതാവ്; ചികിത്സ മുടങ്ങാതിരിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യം

കെവിന്‍ വധക്കേസില്‍ ചില പുതിയ വെളിപ്പെടുത്തലുകളുമായി പ്രതികള്‍. നീനു ചാക്കോ നേരത്തെ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി പിതാവ് ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് നീനുവിന് ചികിത്സ നടത്തിയിരുന്നതെന്നും ചാക്കോ പറഞ്ഞു.അനന്തപുരി ഹോസ്പിറ്റലിൽ നീനു സൈക്കാട്രിക് ട്രീറ്റ്മെൻറ് എടുത്തിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷെ കൂടുതൽ വിവരങ്ങൾ നൽകാൻ ഹോസ്പിറ്റൽ അധികൃതർ തയ്യാറായില്ല.

ഇപ്പോള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയെന്നും തുടര്‍ ചികിത്സ നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചാക്കോ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെ, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെവിന്റെ ഭാര്യ നീനുവിന്റെയും മുഖ്യപ്രതി ഷാനുവിന്റെയും അമ്മയായ രഹ്ന ഹൈക്കോടതിയെ സമീപിച്ചു.

കേസില്‍ തന്നെ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി. കൊലപാതക വിവരം താന്‍ അറിഞ്ഞതു പോലുമില്ലെന്നും കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രഹ്ന വ്യക്തമാക്കുന്നു.