രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി കേസില്‍ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആംബുലന്‍സുകള്‍ വാങ്ങാന്‍ രവികൃഷ്ണയുടെ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കി എന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടത്തിയത്. രവി കൃഷ്ണയെ കൂടാതെ കൃഷ്ണ, സ്വികിറ്റ്സ ഹെൽത്ത് കെയർ ലിമിറ്റഡ് കമ്പനിയുടെ സി.ഇ.ഒ ശ്വേത മംഗൾ, ജീവനക്കാരനായ അമിത് ആന്റണി അലക്സ് എന്നിവരേയും കന്പനിയേയും പ്രതിയാക്കിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

2010 -13ലെ യു.പി.എ സർക്കാരിന്റെ കാലത്ത് 108 ആംബുലൻസ് സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 2.56 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. രവി കൃഷ്ണ,​ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്,​ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവർ കന്പനിയുടെ സ്വതന്ത്ര ഡയറക്ടർ സ്ഥാനം വഹിക്കുന്പോഴായിരുന്നു അഴിമതി നടന്നത്.അതേസമയം ആരോപണവിധേയരായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ്, കാർത്തി ചിദംബരം എന്നിവരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിച്ചാൽ പ്രതി ചേർക്കുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ജയ്പൂർ മേയർ പങ്കജ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്. തുടർന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറി. ആംബുലൻസ് സർവീസ് നടത്തിപ്പ് ചട്ടങ്ങൾ ലംഘിച്ച് സ്വികിറ്റ്സ കന്പനിക്ക് നൽകിയെന്നാണ് പരാതി. സ്വികിറ്റ്സയ്ക്ക് മതിയായ യോഗ്യതയില്ലാതെയാണ് കരാർ ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആംബുലൻസിന്റെ ട്രിപ്പുകളുടെ എണ്ണത്തിൽ ക്രമക്കേടുണ്ടായിരുന്നെന്നും ജി.പി.എസ്. സംവിധാനം ഘടിപ്പിച്ചില്ലെന്നും കണ്ടെത്തി.