ലസിത പാലക്കലിനെ അപമാനിച്ച സംഭവത്തില്‍ തരികിട സാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്ന ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ നടനും ടി വി അവതാരകനുമായ തരികിട സാബുവെന്ന സാബു അബ്ദുസമദിനെതിരെ പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. ജൂണ്‍ മൂന്നിനായിരുന്നു സാബു ഫെയ്‌സ്ബുക്കില്‍ തന്റെ ജീവിതസഖിയായി ക്ഷണിച്ചുകൊണ്ട് ലസിതയ്‌ക്കെതിരെ പോസ്റ്റിട്ടത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബു എത്തിയത്

ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും സമാന നിലവാരത്തിലുള്ള പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ തെറിവിളിച്ചകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.വിവാദമായതോടെ പോസ്റ്റുകള്‍ മുഴുവന്‍ തരികിട സാബു അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ് എന്ന തരത്തിലാണ് ഓരോ പോസ്റ്റുകളും.

തരികിട എന്ന ചാനല്‍പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്.

നേരത്തെ വീട്ടമ്മയെ തെറിവിളിച്ചതിന്റെ പേരിലും തരികിട സാബു വിവാദത്തിലായിരുന്നു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തരികിട സാബുവിനെതിരെ സംശയം ഉന്നയിച്ച വീട്ടമ്മയുടെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സാബു തെറിവിളിച്ചത്. ഇത് വിവാദമായതോടെ ആളുകള്‍ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിരുന്നു. നേരത്തെ കലാഭവന്‍ മണിയുടെ ഭാര്യയേയും സഹോദരനേയും സാബു അസഭ്യം പറഞ്ഞതും വിവാദമായിരുന്നു.

സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ലസിത പാലക്കൽ അന്ന് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതാണ്:

പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളിൽ ഒരാൾ. ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസിൽ പരാതി നൽകണം എന്നാണ് എല്ലാവരും പറയുന്നത്.