തീവ്രവാദ ബന്ധ പരാമർശത്തിനെതിരെ പ്രതിപക്ഷം, നിയമ സഭ ബഹിഷ്‌ക്കരിച്ചു

ആലുവ എടത്തലയിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ തീവ്രവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയിൽ. തങ്ങൾ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.

മുഖ്യമന്ത്രിയുടെ പരാമർശം സഭനിറുത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് നടുക്കളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സഭ ബഹിഷ്ക്കരിച്ചു. താൻ മറുപടി പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ഇക്കാര്യം സമ്മതിക്കാൻ തയ്യാറായില്ല.

തീവ്രവാദികൾക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും പ്രതിപക്ഷത്തിരുന്ന് ഒച്ചയെടുക്കുന്ന ചിലർ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം കഴിഞ്ഞ ദിവസം നിയമസഭയിൽ വാക്പോരിനും വൻബഹളത്തിനുമിടയാക്കിയിരുന്നു.