അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി

മൂന്ന് വര്‍ഷമായി ദുബായിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായി. രണ്ട് ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പാസ്‌പോര്‍ട്ട് രേഖകള്‍ അദ്ദേഹത്തിന്റെ ജയില്‍മോചനം സ്ഥിരീകരിക്കുന്നു. കേസ് കൊടുത്തിരുന്ന ബാങ്കുകളുമായി ധാരണയായതോടെയാണ് ജയില്‍മോചനം സാധ്യമായത്.

2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ജയിലിലായിരുന്നു. 55.5 കോടി ദിര്‍ഹം (ആയിരം കോടി രൂപ) വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ 22 ബാങ്കുകളുമായാണ് കേസ് നിലവിലുള്ളത്. ബാങ്കുകളുമായി ധാരണയായതും പ്രായത്തിന്റെ ആനുകൂല്യവും അറ്റ്‌ലസ് രാമചന്ദ്രന് തുണയായി. 77കാരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ അസുഖബാധിതനായിരുന്നു.

ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് 2013ല്‍ അദ്ദേഹം ജയിലിലായത്. ആ വര്‍ഷം നവംബറില്‍ സാമ്പത്തിക കുറ്റങ്ങളുടെ കോടതി അദ്ദേഹത്തെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അതേസമയം ജയില്‍മോചിതനായെങ്കിലും അദ്ദേഹത്തിന് ദുബായ് രാജ്യം വിടാന്‍ സാധിക്കില്ല. ബാധ്യതകള്‍ തീര്‍ക്കുന്ന മുറയ്ക്ക് മാത്രമേ അദ്ദേഹത്തിന് ദുബായ് വിടാനാകൂ.