സംസ്ഥാനത്ത് ശക്തമായ കാറ്റും, മഴയും: മരണം പത്തായി; കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നയിപ്പ്

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതോടൊപ്പം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഉയരുകയാണ്. ഇതുവരെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം പത്തായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. നാലര മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുത ലൈന്‍ തട്ടി ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി ശശിധരന്‍(75) ആണ് മരിച്ചത്. സംസ്ഥാനത്ത് പലയിടത്തും മരങ്ങള്‍ വീണും മണ്ണടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മലയോര േേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ഗവിയിലേക്കുള്ള പാതയില്‍ മരം കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.