ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ നിധിയും ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയ ഭക്തശിരോമണികളും

ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിലെ പുരാതനമായ ഊട്ടുപുരയുടെ അറ പൊളിച്ചപ്പോള്‍ നിധി. സോഷ്യല്‍ മീഡിയയിലൂടെ ‘നിധിപ്പെട്ടി’യുടെ ചിത്രം കൂടി എത്തിയതോടെ സംഗതി വൈറലായി. അറിഞ്ഞവരെല്ലാം ഇവിടേയ്ക്ക് ഒഴുകിയതോടെ രംഗം ശാന്തമാക്കാന്‍ പോലീസിനും ഏറെ പണിപ്പെടേണ്ടി വന്നു.

പുതിയ ഓഡിറ്റോറിയം പണിയാനായാണ് ക്ഷേത്രത്തിന് പിന്നിലെ ഊട്ടുപുരയും ഉള്ളിലെ അറകളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചത്. അറ പൊളിക്കും മുന്‍പു തന്നെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു.

വൈകിട്ട് മൂന്നരയോടെ ക്ഷേത്രം നാട്ടുകാരെക്കൊണ്ട് നിറഞ്ഞു. ഒടുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഇരുമ്പ് പെട്ടി രണ്ട് ആഴ്ച മുന്‍പു വരെ ഉപയോഗിച്ചതാണെന്നും അറ പൊളിക്കും മുന്‍പു തന്നെ പെട്ടിയില്‍ ഉണ്ടായിരുന്ന ദേവിയുടെ തിരുവാഭരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതോടെ രംഗം അല്‍പ്പം ശാന്തമായി.

എന്നാല്‍, കേട്ട നിധിക്കഥകള്‍ അങ്ങനെയന്ന് അവിശ്വസിക്കാന്‍ കഴിയാത്ത നാട്ടുകാര്‍ക്ക് പെട്ടി തുറന്നു കാണണമെന്നായി. അങ്ങനെ ഊട്ടുപുരയില്‍ നിന്നു പുറത്തെടുത്ത പെട്ടി ജനങ്ങളുടെ സാന്നിധ്യത്തി തുറന്നു കാണിച്ചതോടെ പുതിയ നിധിക്കഥകള്‍ തേടി നാട്ടുകാര്‍ പിരിഞ്ഞു പോയി.