വീണ്ടും സിസി ടിവി ചതിച്ചു: അച്ചന്റെ അവിഹിതം സിസി ടിവിയില്‍ പതിഞ്ഞു; രണ്ടു വൈദികരെ നാടുകടത്തി

മാര്‍ത്തോമാ സഭയില്‍ വൈദികരുടെ ലൈംഗിക അപവാദവും സാമ്പത്തിക തട്ടിപ്പും അരങ്ങ് തകര്‍ക്കുന്നു. വിദേശങ്ങളിലെ സഭയുടെ ഇടവകകളിലാണ് വിശ്വാസികള്‍ക്കാകെ നാണക്കേടുണ്ടാകുന്ന സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. കുടുംബപ്രശ്‌നം തീര്‍ക്കാന്‍ പോയ ഇടവക വികാരി പരാതിക്കാരന്‍െറ ഭാര്യയുമായി അവിഹിതത്തില്‍ ഏര്‍പ്പെട്ടതിന്റെ നാണക്കേട് മാറുന്നതിന് മുമ്പ് മറ്റൊരു പള്ളിയിലെ വൈദികനും ഭാര്യയും തമ്മിലെ അടിപിടിയും സഭയെ നാണക്കേടിലാക്കിയിരിക്കുകയാണ്. ഇതിനു പുറമെ രോഗാവസ്ഥയിലായ കുടുംബത്തിനു വേണ്ടി പിരിച്ച പണം വൈദികനും ഭാരവാഹികളും ചേര്‍ന്നു തട്ടിയെടുത്തതും വിശ്വാസികള്‍ക്ക് അപമാനം വരുത്തി വെച്ചിരിക്കുകയാണ്.

അമേരിക്കയില്‍ മാര്‍ത്തോമാ സഭയുടെ രണ്ടു പള്ളികളില്‍ ജോലിചെയ്യുന്ന രണ്ടു വൈദികരെ സ്ത്രീപീഡന കേസിന്റെയും ഗാര്‍ഹിക പീഡന കേസിന്റെയും പേരില്‍ നാട്ടിലേക്ക് പറഞ്ഞുവിട്ടതായാണ് വിവരം. ലോസ് ആഞ്ചല്‍സിലെ മാര്‍ത്തോമാ പള്ളിയില്‍ ജോലിചെയ്തിരുന്ന വൈദികനും ഭാര്യയും തമ്മില്‍ പരസ്പരം തമ്മില്‍ തല്ലലും തെറിവിളിയും രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

രണ്ടുപേരും തമ്മിലുള്ള വിഴിപ്പുലക്കുകള്‍ നിയന്ത്രണാതീതമായതോടെ അമേരിക്കയിലെ മാര്‍ത്തോമാ ബിഷപ് ഇടപെട്ട് ഭാര്യയെയും ഭര്‍ത്താവിനെയും നാട്ടിലേക്കു പറഞ്ഞുവിട്ടു. സാന്‍ ഫ്രാന്‍സിസ്‌കോ ഇടവകയിലെ മലയാളിയായ മറ്റൊരു വൈദികന്‍ പീഡനക്കേസില്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടതോടെ സഭ അദ്ദേഹത്തെയും നാട്ടിലേക്കു പറഞ്ഞുവിട്ടു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന സംഭവങ്ങളാണിത്. സാന്‍ഫ്രാന്‍സിസ്കോ ഇടവകയിലെ ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കം തീര്‍ക്കാന്‍ മധ്യസ്ഥനായി പോയ പള്ളിവികാരി ഇടവക അംഗത്തിന്റെ ഭാര്യയുമായി അവിഹിതം തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ ക്യാമറ സ്ഥാപിച്ചു.

അങ്ങനെ ഒരു ദിവസം ഇടവക വികാരി ക്യാമറയില്‍ കുടുങ്ങി. കിടപ്പുമുറിയില്‍ നിന്ന് ഇറങ്ങിയോടുന്ന വികാരിയുടെ മുഴുനീള ചിത്രം കണ്ട ഭര്‍ത്താവ് ദൃശ്യങ്ങള്‍ സഹിതം അമേരിക്കയിലെ മാര്‍ത്തോമാ സഭയുടെ ഭദ്രാസന ബിഷപ്പിന് എത്തിച്ചുകൊടുത്തു. ബിഷപ്പില്‍ നിന്ന് വിവരമറിഞ്ഞ ഇടവകവികാരി നെഞ്ചുവേദനയാണെന്ന കാരണം പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റുമായി.

കാര്യം മനസിലാക്കിയ ബിഷപ്പ് നെഞ്ചുവേദനക്കാരനായ വൈദികനു വേണ്ടി പ്രാര്‍ത്ഥിച്ചതോടൊപ്പം ഇടവകയില്‍ നിന്ന് കുറേ പണം പിരിച്ചുനല്‍കി നാട്ടിലേക്കു കയറ്റിവിട്ടു. 35 ലക്ഷത്തോളം രൂപയാണ് ഇടവകക്കാര്‍ അച്ചന് പിരിച്ചു നല്‍കിയത്. അഞ്ചാം ദിവസം വൈദികന്‍ നാട്ടിലെത്തി. അച്ചന്‍ നാട്ടിലെത്തിയ ശേഷമാണ് അമേരിക്കയിലെ പാവം ഇടവക ജനങ്ങള്‍ അച്ചന്റെ ലീലാവിലാസങ്ങള്‍ അറിഞ്ഞുതുടങ്ങിയത്. ഏതായാലും അച്ചന്‍ കൗണ്‍സിലിംഗ് നടത്തി കുടുംബം ഒന്നാക്കാന്‍ ശ്രമിച്ച ഭാര്യയും ഭര്‍ത്താവും ഇപ്പോള്‍ വിവാഹ മോചനത്തിനായി കേസ് കൊടുത്തിരിക്കുകയാണ്.

ഈ നാണക്കേടില്‍ നിന്ന് തലയൂരുന്നതിന് മുമ്പാണ് ന്യൂസിലന്‍ഡിലെ മാര്‍ത്തോമാ പള്ളിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് ലോകം മുഴുവന്‍ അറിഞ്ഞത്. വിഷബാധയേറ്റ് രോഗക്കിടക്കയിലായ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം വികാരിയും ഭാരവാഹികളും ചേര്‍ന്ന് തട്ടിയെടുത്തത് ന്യൂസിലന്‍ഡിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. മാര്‍ത്തോമാ സഭയുടെ പള്ളിയുടെ ലൈസന്‍സ് പോലും റദ്ദാക്കാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് പത്രങ്ങളില്‍ വന്ന വാര്‍ത്ത.

വിഷബാധ ഉള്ള ഭക്ഷണം കഴിച്ച് മരണാവസ്ഥയിലായ മലയാളി മാര്‍ത്തോമാ കുടുംബത്തിനായി പിരിവെടുത്ത പണം അടിച്ചുമാറ്റിയ ഇടവക വികാരിയും ശിങ്കിടികളും ക്രിസ്തുവിന്റെ ആളുകളോ എന്ന ചോദ്യം വിശ്വാസികള്‍ക്കിടയില്‍ പ്രചരിക്കുകയാണ്. പ്രവാസി സമൂഹത്തിന് തന്നെ മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. മാര്‍ തോമാ സഭയുടെ ന്യൂസ് ലാന്റില്‍ പ്രവര്‍ത്തിക്കുന്ന ഇടവകയിലെ മലയാളികളില്‍ നിന്നും പിരിച്ചെടുത്ത 40 ലക്ഷത്തോളം രൂപ തിരിമറി നടത്തിയത് അവിടത്തെ പത്രങ്ങളില്‍ വാര്‍ത്തയായി. മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഈ സംഭവം നാണക്കേടായി മാറിയിരിക്കുകയാണ്.

വിഷബാധയുള്ള പന്നിയിറച്ചി കഴിച്ച് ആഴ്ച്ചകളോളം അബോധാവസ്ഥയില്‍ ന്യൂസ് ലാന്റില്‍ കഴിഞ്ഞ മലയാളി കുടുംബത്തിനു മാര്‍തോമാ വിശ്വാസികള്‍ വ്യാപകമായി പിരിവെടുത്തിരുന്നു. ന്യൂസ് ലാന്റിലെ പ്രവാസി മലയാളികളില്‍ നിന്നും പിരിച്ച 102764 ഡോളര്‍ (ഏകദേശം 69 ലക്ഷം രൂപ) തുകയില്‍ 60,000 ഡോളര്‍ തുകയും (ഏകദേശം 40 ലക്ഷം രൂപ) കൊടുക്കാതെ പള്ളിക്കാര്‍ അടിച്ചു മാറ്റി. കാരണം പ്രതീക്ഷിച്ചതിലും കൂടുതല്‍ പിരിവു കിട്ടിയെന്നും പ്രതീക്ഷിച്ച പിരിവ് കുടുംബത്തിനു കൊടുത്തു എന്നും അപ്രതീക്ഷിതമായി കിട്ടിയ തുക പള്ളിക്ക് മുതല്‍ കൂട്ട് ആക്കിയെന്നും വിശദീകരണം. മരണാവസ്ഥ ചൂണ്ടിക്കാട്ടി പ്രവാസി മലയാളികളില്‍ നിന്നും കൈപറ്റിയ പണമാണ് വികാരിയും ഇടവക ഭാരവാഹികളും ചേര്‍ന്ന് അടിച്ചുമാറ്റിയത്.

കൊട്ടാരക്കര സ്വദേശികളായ ഷിബു കൊച്ചുമ്മന്‍ (36), അദ്ദേഹത്തിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (65), ഭാര്യ സുബി ബാബു (34) എന്നിവരെയാണ് പന്നിയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാട്ടുപന്നിയിറച്ചി കഴിച്ച ഇവര്‍ക്ക് പിന്നീട് ഛര്‍ദ്ദിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു.പിന്നീട് ആഴ്ചകളോളം ഇവര്‍ അബോധാവസ്ഥയിലായിരുന്നു. എങ്ങനെയാണ് ഇവരുടെ ഭക്ഷണത്തില്‍ വിഷാശം ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. തുടര്‍ന്ന് മാര്‍ത്തോമാ പള്ളിയുടെ നേതൃത്വത്തില്‍ ഇവരുടെ ചികിത്സക്കായി ഏകദേശം 102764 ഡോളര്‍ തുക സ്വരൂപിക്കുകയായിരുന്നു. പിന്നീട് ഏകദേശം 42000 ഡോളര്‍ തുക (ഏകദേശം 28 ലക്ഷം രൂപ) മാത്രം ഇവര്‍ക്ക് നല്‍കുകയും ഇവര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

വിഷാംശം കലര്‍ന്ന ഭക്ഷണം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കുടുംബത്തെ സഹായിക്കുവാന്‍ പിരിച്ച ഫണ്ട് തുകയില്‍ ഭൂരിഭാഗവും കുടുംബത്തിന് നല്‍കാത്ത പള്ളി അധികാരികളുടെ പ്രവൃത്തി ചോദ്യം ചെയ്യപ്പെടുന്നു.ന്യൂസിലാന്‍ഡിലെ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയാണ് പിരിച്ചെടുത്ത 102764 ഡോളര്‍ (ഏകദേശം 69 ലക്ഷം രൂപ) തുകയില്‍ 60,000 ഡോളര്‍ തുകയും (ഏകദേശം 40 ലക്ഷം രൂപ) കൊടുക്കാതെ വെച്ചിരിക്കുക്കുകയാണ്.

ഭക്ഷണത്തിലെ വിഷാംശം ഉള്ളില്‍ചെന്നാണ് മലയാളികുടുംബത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഷിബു ഉമ്മന്റെ കുടുംബം ഇപ്പോഴും പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. നാട്ടില്‍ തൊഴിലില്ലാതെ കഴിയുന്ന ഈ കുടുംബത്തിനു വേണ്ടി പിരിച്ച തുകയാണ് ഇടവക വികാരിയും ചുമതലക്കാരും ചേര്‍ന്ന് തട്ടിയെടുത്തത്. ഷിബുവിനും കുടുംബത്തിനും വേണ്ടി സ്വരൂപിച്ച പണം പൂര്‍ണമായും അവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും വൈദികര്‍ അവര്‍ക്ക് കൊടുക്കാന്‍ തയാറായില്ലെന്ന് ഷിബുവിന്റെ ബന്ധുവായ ജോജി വര്‍ഗ്ഗീസ് പറഞ്ഞു.

അഞ്ചുവര്‍ഷം മുമ്പാണ് ഷിബുവും കുടുംബവും ന്യൂസിലന്‍ഡിലെത്തിയത്. വടക്കന്‍ ന്യൂസിലന്‍ഡിലെ പുടാരുവിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജീവിനക്കാരനാണ് ഷിബു. സുബി നഴ്‌സാണ്. വിസിറ്റിംഗ് വിസയിലെത്തിയ ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേലിനും വിഷബാധയേറ്റിരുന്നു.