സൗമ്യയാണ് താരം ! ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം പിന്‍മാറി

ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് ആതിഥേയ രാജ്യമായ ഇറാന്‍റെ നിബന്ധനയെ തുടര്‍ന്നാണ് സൗമ്യയുടെ പിന്‍മാറ്റം. തങ്ങള്‍ ഇസ്ലാം രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ നിബന്ധന വച്ചത്.

നിര്‍ബന്ധിതമായി ശിരോവസ്ത്രം ധരിക്കില്ലെന്ന് സൗമ്യ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ഇറാന്റെ നിബന്ധന തന്റെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്നും സൗമ്യ ആരോപിച്ചു. തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും ലംഘിക്കുന്ന ഉത്തരവ് അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാതെ മറ്റ് പോംവഴിയില്ല.

കളിക്കാരുടെ അവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തത് ഖേദകരമാണ്. ദേശീയ ടീമിന്റെ യൂണിഫോം ധരിച്ച് മത്സരിക്കണമെന്നാണ് നിയമം. അതില്‍ മതപരമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മുന്‍ ലോക ജൂനിയര്‍ ഗേള്‍സ് ചാംപ്യനാണ് സൗമ്യ. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പ്.

ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായി ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ താരം തീരുമാനിച്ചപ്പോള്‍ ബംഗ്ലാദേശ് ആയിരുന്നു വേദി. എന്നാല്‍ പിന്നീട് തീയതി മാറുകയും ആതിഥേയ രാജ്യം ഇറാനായി മാറുകയായിരുന്നു.

തന്റെ അവകാശങ്ങള്‍ക്ക് മേലുളള കടന്നുകയറ്റമാണ് ഇറാന്റെ നിയമങ്ങളെന്ന് സൗമ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ആവിഷ്‌കാര സ്വാതന്ത്ര്യം, ചിന്തിക്കാനുളള സ്വാതന്ത്ര്യം, മതം തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണ് ഇറാന്റെ നിയമം. ഈയൊരു സാഹചര്യത്തില്‍ ഇറാനിലേക്ക് പോകാതിരുന്ന് എന്റെ അവകാശങ്ങളെ സംരക്ഷിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. എന്ന് സൗമ്യ കൂട്ടിച്ചേർത്തു.