20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആക്രമിച്ചിട്ടായാലും 2019 ൽ ഹിന്ദുരാഷ്ട്രം പുലരണം ഇവിടെ

ലോകത്തെ ഹിന്ദുവെന്നും ഹിന്ദു വിരുദ്ധരെന്നും മാത്രം മനസ്സിലാക്കി, സ്വന്തം അധമബോധം കൊണ്ട് (inferiority complex) താജ്മഹൽ തകർക്കാനും അതിന്റെ കഥ മാറ്റിയെഴുതാനും നടക്കുന്ന ഹിന്ദുത്വക്കാർ തകർക്കാൻ ശ്രമിക്കുന്നത് ഒരു സാമ്പത്തികവ്യവസ്ഥയെയും ഒരനുഭവ മണ്ഡലത്തെയും തന്നെയാണ്. വിനോദയാത്ര വരുന്ന വിദേശിയെപ്പോലും അടുപ്പിക്കാൻ കഴിയാത്ത മാടമ്പിത്തരം ഈ നാട്ടിലെ നിയമവാഴ്ചയെ എവിടെ എത്തിക്കും എന്ന് ആലോചിച്ചാൽ മതി. ഈ അക്രമികളെ എല്ലാവരും പിന്നെപ്പിന്നെ സഹിക്കേണ്ടി വരും.

അവർക്കിങ്ങനെ ചെയ്യാൻ കഴിയുന്നതിൽ ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശത്തോടു നാം കാണിച്ച ഉദാസീനത കൂടി ഇല്ലേ? 20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത് കെട്ടിടരൂപകല്പനയിലും സ്ഥലസങ്കൽപനത്തിലും നിറങ്ങളുടെ, വരകളുടെ ഉപയോഗത്തിലും എവിടെനിന്നു നോക്കിയാലും തൊട്ടടുത്തെന്നു തോന്നിക്കുന്ന എഞ്ചിനീയറിംഗ് വൈഭവത്തിലും അമ്പരപ്പിക്കുന്ന symmetry-യിലും മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആയി മനസ്സിലാക്കപ്പെടേണ്ടിയിരുന്ന താജ്മഹലിനെ ഒരാളുടെ പ്രണയകഥയായി അവസാനിപ്പിച്ചതിൽ നമ്മുടെ ചരിത്രകാരന്മാരുടെ അലസതയ്ക്കും നല്ല പങ്കുണ്ട്.

താജ്മഹലിൻറെ കവാടം ആക്രമിക്കപ്പെട്ട ശേഷം വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു കുറിപ്പിൽ പറയുന്നതിപ്രകാരമാണ്.

1. മുംതാസ് ഷാജഹാന്റെ ഏഴാമത്തെ ഭാര്യയാണ്, അദ്ദേഹത്തിന് 14 ഭാര്യമാർ ഉണ്ട്.
2. ഷാജഹാനാണ് മുംതാസിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത്.
3. മുംതാസിന്റെ മരണ ശേഷം ഷാജഹാൻ അവരുടെ സഹോദരിയെ വിവാഹം ചെയ്തു.
4. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രം ആയിരുന്നു.

ഓരോ വ്യാഖ്യാനങ്ങളും എടുത്തു പരിശോധിക്കാം.

1. മുംതാസ് ഷാജഹാന്റെ ഏഴാമത്തെ ഭാര്യയാണ്, അദ്ദേഹത്തിന് 14 ഭാര്യമാർ ഉണ്ട്?

1607ലാണ് ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ ഖുരാം എന്ന ഷാജഹാനും അർജുമാന്ദ് ബാനു ബീഗം എന്ന മുംതാസും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത്. അന്ന് ഷാജഹാന് പതിനഞ്ച് വയസ്സും അർജുമാന്ദ് ബീഗത്തിന്റെ പതിനാല് വയസ്സും ആയിരുന്നു പ്രായം. ഷാജഹാന്റെ പിതാവായ ജഹാംഗീര്‍ ചാക്രവര്‍ത്തിയുടെ ഭാര്യ നൂർ ജഹാന്റെ മുതിർന്ന സഹോദരനായ അബ്ദുൾഹസ്സന്റെ മക്കളായിരുന്നു അര്‍ജുമാന്ദ് ബീഗം. ഷാജഹാനും ഇവരും തമ്മില്‍ ഉള്ള ഔദ്യോഗിക വിവാഹം നടക്കുന്നത് 1612യില്‍ ആണ്. മുംതാസ് എന്ന പേര് നല്‍ക്കുന്നത് ഷാജഹാന്‍ തന്നെയാണ്. ഷാജഹാന്‍ മുംതാസിനെ കൂടാതെ രണ്ട് ഭാര്യമാര്‍ കൂടി ഉണ്ടായിരുന്നു (അക്ബരാബാദി മഹല്‍, കന്ധഹരി മഹല്‍) ഈ ബന്ധങ്ങൾ രാഷ്ട്രീയ ആവിശ്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നു എന്നതിന് ചരിത്ര രേഖകൾ സാക്ഷിയാണ്. ഷാജഹാന്‍ 14 ഭാര്യമാർ ഉണ്ടായിരുന്നു എന്നത് പച്ചക്കള്ളം ആണ്.

2. ഷാജഹാനാണ് മുംതാസിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത്

മുംതാസ് ഒരേയൊരു വിവാഹമേ ചെയ്തിട്ടുള്ളു അത് ഷാജഹാനെയാണ്. ഷാജഹാന്‍റെ മറ്റൊരു വിശേഷണം ആയിരുന്നു ഖുറാം രാജകുമാരന്‍ എന്നത്. ചരിത്രത്തെ വളരെ വികലമായി സമീപിച്ച ഏതോ ഒരു മഹാൻ ഖുറാം രാജകുമാരൻ വേറെ ആളാണെന്നു തെറ്റിദ്ധരിക്കുകയോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തതിന്റെ ഫലം ആണ് ഈ കള്ളക്കഥ. രജപുത്രന്മാരുടെ ഒരു ചരിത്ര സംഭവം ഷാജഹാനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാകാനും സാധ്യത ഉണ്ട്. നിർമാണവും, സംവിധാനവുമെല്ലാം സംഘപരിവാർ ആയതുകൊണ്ട്.

3. മുംതാസിന്റെ മരണ ശേഷം ഷാജഹാൻ അവരുടെ സഹോദരിയെ വിവാഹം ചെയ്തു.

കൊസാംബി മുതൽ ശ്രീധര മേനോൻ വരെ മുംതാസിന്റെ മരണ ശേഷം ഷാജഹാനെ വായിക്കുന്നത് ഏതാണ്ട് ഒരേ രീതിയിലാണ്. മുംതാസിന്റെ മരണ ശേഷം ആകെ തളര്‍ന്നു പോയ ഷാജഹാന്‍ താജ്മഹലിന്റെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയും മറ്റ് രാജ്യഭരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. ഈ സമയങ്ങളില്‍ ഒന്നും മുംതാസിന്റെ ഏതെങ്കിലും അനുജത്തിയേയും ഷാജഹാന്‍ വിവാഹം കഴിക്കയോ, അതിനു ശ്രമിക്കയോ ചെയ്തിട്ടില്ല. 1666 ജനുവരിയിൽ ഉദരരോഗത്താല്‍ മരിച്ച ഷാജഹാന്‍ താജ് മഹലിൽ, തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ കബറിടത്തിൽ തന്നെയാണ് അടക്കപ്പെട്ടതും.

4. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രം ആയിരുന്നു

മറ്റൊരു ബാബറി മസ്ജിദ് തകര്‍ക്കലിനുള്ള റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മാത്രമുള്ള പ്രചാരണമാണിത്. 1965 ല്‍ പുറത്തിറങ്ങിയ താജ്മഹല്‍ യഥാര്‍ത്ഥ കഥ (Tajmahal:True story) എന്ന പുസ്തകം എഴുതിയ പ്രൊഫസര്‍ പി എന്‍ ഓക്ക് ആണ് ഈ വാദഗതി മുന്നോട്ടു വക്കുന്നത്. താജ്മഹലിന്‍റെ പിന്‍ഭാഗത്തുള്ള വാതിലില്‍ നിന്ന് എടുത്ത ഒരു കഷണം കാര്‍ബണ്‍ ഡേറ്റിംഗിന് വിധേയമാക്കിയപ്പോള്‍ നിര്‍ണായക തെളിവ് ലഭിച്ചു എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ താജ്മഹൽ ശിവക്ഷേത്രമല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹൽ ശിവക്ഷേത്രമല്ല, ശവകൂടിരമാണെന്ന സത്യവാങ്മൂലം ആർക്കിയോളജി വകുപ്പ് നൽകിയത്. 2015 നവംബറിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് താജ്മഹൽ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമുള്ളതിന് തെളിവുകളില്ലെന്ന് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ് അഭിഭാഷകർ താജ്മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നു. ഇൗ ഹരജിയിൽ കേന്ദ്രസർക്കാർ, സാംസ്കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ എന്നിവർക്ക് നോട്ടീസയച്ചു. ഇൗ നോട്ടീസിനാണ് ആർക്കിയോളജി വകുപ്പ് മറുപടി നൽകിയിരിക്കുന്നത്.

1920 ഡിസംബർ 22യിലെ ലെ ഉത്തരവ് പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്മെന്റ്റ് താജ്മഹൽ സംരക്ഷിത സ്മാരകമായി സംരക്ഷിക്കുകയാണ്. താജ്മഹൽ നിന്നിരുന്ന സ്ഥാനത്ത് ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന് വകുപ്പിന്‍റെ രേഖകൾ വ്യക്തമാക്കുന്നു.

1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹലിനെ ഉൾപ്പെടുത്തി എന്ന ഒരൊറ്റ കാരണമാണ് നേരിട്ടുള്ള ഒരു ആക്രമണത്തിന് താജ്മഹൽ ഇത് വരെ വിധേയമാകാതിരുന്നത്. ഇപ്പോൾ ആ കടമ്പയും അവർ മറികടന്നിരിക്കുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം കൈപ്പുസ്തകത്തില്‍ നിന്നും താജ്മഹല്‍ ഒഴിവാക്കിയത് വിവാദമായതോടെയാണ് താജ് മഹലിന്റെ നിര്‍മ്മാണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. അത് എല്ലാകാലത്തെയും പോലെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാനുള്ള അവസരമായി സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി എന്‍ ഒക് എഴുതിയ ‘താജ്മഹല്‍-ദി ട്രൂ സ്റ്റോറി’ എന്ന പുസ്തകത്തിലെ ക്ഷേത്രമുണ്ടായിരുന്നു എന്ന വാദമാണ് സംഘപരിവാര്‍ തങ്ങളുടെ ചരിത്ര വിശകലനത്തിന് ഉപോൽബലകമാക്കിയിരിക്കുന്നത്.

ചരിത്രം ഒരനിവാര്യതയാണ്. അന്ന് ഷാജഹാൻ താജ്മഹൽ ഉണ്ടാക്കിയത് ധൂർത്തായിരുന്നു എന്ന് പറയാം (അന്നത്തെ മൂല്യവ്യവസ്ഥിതിയിൽ രാജാവിന് ചെയ്യാവുന്ന കാര്യം). ഇക്കണ്ട കാലത്തൊക്കെ കിട്ടിയ ടൂറിസ്റ്റ് വരുമാനം നോക്കിയാൽ അത് നന്നായി എന്നും പറയാം. ഒരു കാര്യം നിസ്സംശയം പറയാം:ബാബറി മസ്ജിദ് പോലെ തകർക്കപ്പെട്ടാൽ ഇനി ഒരു താജ്മഹൽ ഉണ്ടാക്കാൻ കഴിയില്ല. ലോകത്തിന് ഇനി അതിന്റെ കാര്യവുമില്ല.കാരണം ബുർജ് ഖലീഫയും എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിനും മറ്റു സ്കൈ സ്ക്രപേഴ്സിനും ശേഷം താജ് മഹലിന് വല്ലാതെ ഒന്നും ചെയ്യാനുമില്ല. ആഖ്യാനങ്ങളിലൂടെ, പുനരാവിഷ്കാരങ്ങളിലൂടെ താജ്മഹൽ നേടിയ ഖ്യാതി, യാത്രകളുടെ ലോകത്ത് ഇന്നും അതിനെ സവിശേഷമാക്കി നിർത്തുന്നുവെന്ന് മാത്രം.