എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ചു; പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍

കേരളാ പൊലീസിൽ ഗുണ്ടായിസവും അടിമത്തവും തുടരുന്നു. തലസ്ഥാനത്ത് എഡിജിപിയുടെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി. പരിക്കേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സതേടി. ബറ്റാലിയന്‍ എഡിജിപി സുദേവ് കുമാറിന്റെ മകളാണ് ഗവാസ്‌കറെ മര്‍ദ്ദിച്ചത്. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ മുന്നിലിട്ടാണ് മർദ്ദിച്ചത് സുദേവ്കുമാറും മകളും നിരന്തരം തന്നെ അസഭ്യം പറയാറുണ്ടെന്നും മര്‍ദ്ദിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പൊലീസുകാരന്‍ പറയുന്നു. ഗവാസ്‌കര്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

പ്രഭാത നടത്തത്തിനായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും തിരുവനന്തപുരം കനകക്കുന്നിൽ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുടെ മകൾ ഗവാസ്ക്കറിനെ അസഭ്യം പറഞ്ഞിരുന്നതായും ഇക്കാര്യത്തിൽ ഗവാസ്ക്കർ എ.ഡി.ജി.പിയോട് പരാതിപ്പെട്ടതായും വിവരമുണ്ട്. രാവിലെ കനകക്കുന്നിൽ വച്ചും അസഭ്യം പറയുന്നത് തുടർന്നു.

എന്നാൽ ഇതിനെ എതിർത്ത ഗവാസ്ക്കർ ഇനിയും അസഭ്യം തുടർന്നാൽ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം സൈഡിലേക്ക് ഒതുക്കി നിറുത്തി. ഇതിൽ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകൾ വാഹനത്തിൽ നിന്ന് ഇറങ്ങുകയും ഗവാസ്ക്കറെ മൊബൈൽ ഫോൺ കൊണ്ട് കഴുത്തിന് താഴെ ഇടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഗവാസ്ക്കർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ എ.ഡി.ജി.പി തയ്യാറായിട്ടില്ല.