മന്ത്രിമാർക്കിടയിലും ‘പോര്’ മണിയാശാനും കടകംപള്ളിയും എതിർചേരിയിൽ; വിട്ട്കൊടുക്കാതെ സി എം

ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ലോകം പല കൊടിക്കീഴുകളിൽ അണിനിരന്ന് കഴിഞ്ഞു. പലയിടത്തും ആരാധകർ തമ്മിലുള്ള പരസ്യ തർക്കവും ഉടലെടുത്തിട്ടുണ്ട്. ഈ തർക്കം മന്ത്രിസഭയിലേക്കും നീണ്ടിരിക്കുകയാണ്.

അർജന്റീനാ ടീമിനോടുള്ള തന്റെ അഗാധമായ പ്രണയം തുറന്ന് കാട്ടി വൈദ്യുത മന്ത്രി എം.എം.മണിയും ബ്രസീൽ ടീമിനോടുള്ള ആരാധന വ്യക്തമാക്കി മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും രംഗത്തെത്തി. ചങ്കല്ല ചങ്കിടിപ്പാണ് അർജന്റീനയൊണ് മണിയാശാൻ ഫേസ്ബുക്കിൽ കുറിച്ചത്.

അർജന്റീനയുടെ കുപ്പായവും മുണ്ടും ധരിച്ച് പന്തിൽ കാലും വച്ച് നിൽക്കുന്ന ഫോട്ടോയും മണിയാശാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു കടകംപ്പള്ളിയുടെ പോസ്റ്റ്. ചങ്കിടിപ്പല്ല ചങ്കുറപ്പാണ്. കാനറിപ്പടയാണ് ആശാനേ, കാൽപ്പന്തിന്റെ ആവേശം, മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫുട്ബോൾ ആവേശവുമായി മുഖ്യമന്ത്രി പിണറായി വിജയനും വിട്ടുകൊടുക്കാതെ ഒപ്പമുണ്ട്. തന്റെ ചെറുമകനുമൊത്ത് ഫുട്ബോൾ തട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും ഫുട്ബോൾ പ്രേമികൾക്കൊപ്പം കൊച്ചു മകൻ ഇഷാനോടൊപ്പം ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പിന്നാലെയാണ് ഫുട്‌ബോളിന്റെ രാഷ്ട്രീയവും ഇഷ്ടടീമിനേയും വെളിപ്പെടുത്തി തോമസ് ഐസക് രംഗത്തെത്തിയത്.തോറ്റാലും ജയിച്ചാലും അര്‍ജന്റീനയ്‌ക്കൊപ്പമെന്ന് കുറിച്ച് അര്‍ജന്റീനയുടെ ചിത്രമുള്‍പ്പെടുത്തി തോമസ് ഐസക്കും വാക്‌പോരിനെത്തി. മന്ത്രിമാരുടെ വാക്‌പോരിനു രസകരമായ കമന്റുകളും ഉയരുന്നുണ്ട്..