വാദിയെ പ്രതിയാക്കി കേരളാപോലീസ് വീണ്ടും മാതൃകയായി; പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം

വാദിയെ പ്രതിയാക്കി അഞ്ചൽ പോലീസ് മാതൃകയായി. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ കെ.ബി. ഗണേശ്കുമാർ എം.എൽ.എയ്ക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോൾ ഗണേഷ് കുമാറിനെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം. അനന്തകൃഷ്ണൻ ആദ്യം പരാതി നൽകിയിട്ടും കേസെടുത്തപ്പോൾ പരാതി കൊടുത്തത് ഗണേഷ് കുമാറായി. മാരകായുധം കൊണ്ടു ദേഹോപദ്രവമേൽപ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെയുള്ളത്.

നേരത്തെ കെ.ബി. ഗണേശ്കുമാറിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അനന്തകൃഷ്ണനെ ഗണേശ് കുമാർ തോളിൽ അടിയ്ക്കുകയും പിടിച്ചു തള്ളുകയും ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗണേശിനെ കൂടാതെ ഡ്രൈവർ ശാന്തകുമാറും യുവാവിനെ മർദ്ദിച്ചതായി റിപ്പോർട്ടിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ശബരിഗിരി സ്കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടിൽ നിന്ന് മാതാവുമൊത്ത് കാറിൽ മടങ്ങുകയായിരുന്നു യുവാവ്. ഈ സമയം എം.എൽ.എ യുടെ കാർ എതിരെ വന്നു. രണ്ട് വാഹനത്തിന് കടന്നുപോകാവുന്ന വീതി റോഡിനുണ്ടായിരുന്നില്ല. ഈ സമയം അനന്തകൃഷ്ണൻ കാർ പിന്നോട്ടെടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് ഒതുക്കിയെങ്കിലും എം.എൽ.എയുടെ വാഹനത്തിന് കടന്നുപോകാനായില്ല. തന്റെ കാർ ഏറെ ദൂരം പിന്നോട്ടെടുക്കേണ്ടതുണ്ടായിരുന്നു.

എന്നാൽ എം.എൽ.എയുടെ വാഹനം അല്പം പിന്നോട്ടെടുത്തെങ്കിൽ ഇരുവാഹനങ്ങൾക്കും സുഗമമായി പോകാമായിരുന്നു എന്ന് യുവാവ് പറഞ്ഞു. അതിന് തയ്യാറാകാതെ പ്രകോപിതനായ എം.എൽ.എ കാറിൽനിന്നിറങ്ങി വന്ന് നീ എടുത്ത് മാറ്റില്ലേടാ എന്ന് ആക്രോശിച്ച് കാറിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചെന്നും തുടർന്ന് തന്നെ കാറിൽ നിന്ന് വലിച്ചു പുറത്തിറക്കി എം.എൽ.എ മർദ്ദിക്കുകയായിരുന്നുവെന്നും അനന്തകൃഷ്ണൻ പരാതിയിൽ പറയുന്നു. മകനെ മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത ഷീനയെ എം.എൽ.എ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഡ്രൈവറെത്തി അനന്തകൃഷ്ണനെ മർദ്ദിച്ചത്. മാതാവ് തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവറും മർദ്ദനം തുടർന്നു.