സംസ്ഥാനത്ത് കനത്ത മഴ:ഏഴ് മരണം; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം തുടങ്ങിയ വടക്കന്‍ ജില്ലകളിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കോഴിക്കോട് താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ മരിച്ചു. മഞ്ചേരിയില്‍ പുല്‍പ്പറ്റ സ്വദേശി സുനീര്‍ (35) മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു മരിച്ചു.

കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുന്നതിനാല്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷ കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ഡി.ടി.പി.സി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നേക്കും. ചാലുകളിലും വെള്ളക്കെട്ടുകളിലും മഴയത്ത് ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലൂടെ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

വയനാട്ടില്‍ രാവിലെ എട്ട് മണിക്കുള്ളില്‍ 114.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. വയനാട്ടില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നാല് ക്യാമ്പുകള്‍ കൂടി ഉടന്‍ തുറക്കും. വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. ചെറിയ വാഹനങ്ങള്‍ മാത്രമേ ചുരത്തിലൂടെ കടത്തിവിടുന്നുള്ളൂ. കബനി നദിയിലെ അണക്കെട്ടിന്റെ ഷട്ടറുകള്‍ താഴ്ത്തി നദികളില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ആലപ്പുഴ എസി റോഡ് വെള്ളത്തിനടിയിലാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടരുന്നുണ്ട്. കിടങ്ങറ-മുട്ടാര്‍-നീരേറ്റുപുറം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ് സര്‍വീസ് അടക്കം ഗതാഗതം നിര്‍ത്തിവച്ചു. കുട്ടനാട്ടില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പാലക്കാട് മംഗലം ഡാം പ്രദേശത്ത് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. ഇരുപത് ഏക്കറോളം കൃഷി നശിച്ചു. കടപ്പാറ, പോത്തംകോട്, മണ്ണെണ്ണക്കയം എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ചാലക്കുടി പുഴയില്‍ നിന്ന് റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.

ജൂണ്‍ 18 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് വകുപ്പ് മന്ത്രി കെ.കെ ഷൈലജ നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആശുപത്രികള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. ദുരിതബാധിത മേഖലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി