ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

ഈ ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് തകർപ്പൻ വിജയം. കളി അവസാനിപ്പിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രതിരോധതാരം ജോസ് ഗിമനസ് നേടിയ ഗോളിന്റെ കരുത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേ വിജയിച്ചത്. ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സല ഇല്ലാതിരുന്നിട്ടും പൊരുതിക്കളിച്ച ഈജിപ്തിന്റെ നെഞ്ച് തകർക്കുന്ന ഗോൾ 89ആം മിനിറ്റിലാണ് പിറന്നത്.

വലത് കോർണറിൽ നിന്നും കാർലോസ് സാഞ്ചസ് ഉയർത്ത് നൽകിയ ഫ്രീ കിക്ക് ഗിമനസ് ബുള്ളറ്റ് ഹെഡ്ഢറിലൂടെ ഈജിപ്ത് വലയിലെത്തിക്കുകയായിരുന്നു. അതേസമയം ലൂയി സുവാരസും എഡിസൻ കവാനിയും ഉൾപ്പെട്ട ടീമിനെ 88 മിനിറ്റ് വരെ പിടിച്ചു നിർത്താൻ സാധിച്ചത് ഈജിപ്തിന് അടുത്ത പോരാട്ടത്തിന് ഊർജം നൽകും.