അർജന്റീനയെ പിടിച്ചുകെട്ടി എെസ്‌ലാൻഡ്

നായകൻ തന്നെ സുവർണാവസം പാഴാക്കിയ മത്സരത്തിൽ ലോകകപ്പ് പ്രതീക്ഷകളുമായി എത്തിയ അർജന്റീനയ്ക്ക് തോൽവിക്ക് തുല്ല്യമായ സമനിലയോടെ തുടക്കം. 64ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ മെസി ഒരിക്കൽ കൂടി നിറം കെട്ട പ്രകടനത്തിലൂടെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് മോസ്കോയിൽ കണ്ടത്. വിജയപ്രതീക്ഷയുമായി എത്തിയ അർജന്റീനയെ കളിയിൽ ഉടനീളം എെസ്ലാൻഡ് പിടിച്ചു കെട്ടുകയായിരുന്നു. 19 മിനിറ്റിൽ അഗ്യൂറോയിലൂടെ അർജന്റീന മുന്നിലെത്തിയെങ്കിലും നാല് മിനിറ്റ് തികയുന്നതിന് മുമ്പ് 11ആം നമ്പർ താരം ഫിൻബോഗൻസിന്റെ ഗോളിലൂടെ എെസ്ലാൻഡ് മത്സരത്തിലേക്ക് തിരിച്ചു വന്നു.പാഴാക്കിയ പെനാൽറ്റി എത്ര വലുതാണെന്ന് ഇപ്പോൾ അർജന്റീന നായകൻ മെസി അറിയുന്നുണ്ടാവും.

മെസി. ഡി മരിയ, അഗ്യൂറോ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരന്ന അർജന്റീനയ്ക്കെതിരെ യാതൊരു സമ്മർദ്ദവുമില്ലാതെ പോരാടുന്ന എെസ്ലാൻഡിനെയാണ് മെെതാനത്ത് കണ്ടത്. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ എെസ്ലാൻഡ് നിരവധി തവണ അർജന്റീനയുടെ ഗോൾ മുഖത്തേക്ക് ഇരച്ചു കയറി. തിരിച്ചും മികച്ച ആക്രമണം നടത്തിയ അർജന്റീന പത്തൊമ്പതാം മിനിറ്റിൽ തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കുകയായിരുന്നു. റോജോയിൽ നിന്ന് ലഭിച്ച പാസിനെ കരുത്തുറ്റ ഷോട്ടിലൂടെ അഗ്യൂറോ എെസ്ലാൻഡ് വലയിൽ എത്തിച്ചു.

എന്നാൽ അർജന്റീന ആരാധകരുടെ ആഘോഷങ്ങൾക്ക് നാല് മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നു. മത്സരത്തിന്റെ 23ആം മിനിറ്റിൽ ഫിൻബോഗൻസിന്റെ ഗോളിലൂടെ എെസ്ലാൻഡ് സമനില പിടിക്കുകയായിരുന്നു. ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് സിഗുഡ്സൻ പോസ്റ്റിന് സമാന്തരമായി നീട്ടി നിൽകിയ പാസ് ഫിൻബോഗൻസൻ അർജന്റീനയുടെ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് സ്കോർ ഉയർത്താൻ ഇരുടീമും പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. എെസ്ലാൻഡിനേയും അർജന്റിനയേയും കൂടാതെ നെെജീരിയയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.