മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

ലോകകിരീടം നിലനിർത്താനായി റഷ്യയിലെത്തിയ ജർമനിയെ ഞെട്ടിച്ച് മെക്സിക്കൻ പടയോട്ടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചത്. 1982ന് ശേഷം ഇത് ആദ്യമായാണ് ജർമനി ലോകകപ്പിലെ ആദ്യമത്സരത്തിൽ തോൽക്കുന്നത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മെക്സിക്കോ നിരവധി സുവർണാവസരങ്ങൾക്ക് ശേഷമാണ് ജർമൻ വല ചലിപ്പിച്ചത്. 35ആം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിന്റെ പാസിൽ നിന്ന് ഹിർവിംഗ് ലൊസാനോയാണ് മെക്സിക്കോയുടെ ഗോൾ നേടിയത്.

കളി തുടങ്ങിയത് മുതൽ ജർമനിയെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്സിക്കോ പുറത്തെടുത്തത്. ജർമനിയുടെ ബോക്സിൽ നിരന്തരം ആക്രമണം നടത്താൻ ഒത്തിണക്കത്തോടെ കളിച്ച് മെക്സിക്കോയ്ക്ക് സാധിച്ചു. ജർമനിക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മതിൽ പോലെ ഉറച്ചു നിന്ന മെക്സിക്കൻ പ്രതിരോധത്തെ മറികടക്കാൻ ഒന്നാം പകുതിയിൽ ചാമ്പ്യൻമാർക്ക് സാധിച്ചില്ല.

ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമനിയെ അല്ല രണ്ടാം പകുതിയിൽ കണ്ടത്. നിരന്തരം മെക്സിക്കൻ ബോക്സിലേക്ക് ഇരച്ചു കയറിയെത്തിയ ജർമൻ നിര നിരന്തരം പ്രതിരോധ നിരയ്ക്ക് ഭീഷണി ഉയർത്തി കൊണ്ടിരുന്നു. എന്നാൽ സ്കോർ മാത്രം അകന്ന് നിന്നതോടെ അറുപതാം മിനിറ്റിൽ ഡിഫന്റീവ് മിഡ്ഫീൽഡറായ സമി ഖദീരയ്ക്ക് പകരം അറ്റാക്കിംഗ് മിഡ്ഫിൽഡറായ മാർക്കോ റൂസിനെ ഇറക്കി ജർമ്മനി ആക്രമണം ശക്തമാക്കി. എന്നാൽ മൊറോനെയേയും അയാലയും അടങ്ങിയ പ്രതിരോധത്തെ മറികടക്കാൻ ജർമനിയുടെ പേരുകേട്ട മുന്നേറ്റ നിര ശരിക്കും വിഷമിച്ചു. അവസാന നിമിഷം വരെ ആക്രമിച്ച് കളിച്ച ജർമൻ പടയെ പിടിച്ചു നിർത്തിയ പ്രതിരോധ നിരയ്ക്കും ഗോളെന്ന് തോന്നിച്ച നിരവധി അവസരങ്ങൾ തട്ടിമാറ്റിയ മെക്‌സിക്കോ ഗോളി ഒച്ചൗയോയ്ക്കും അവകാശപ്പെട്ടതാണ് ആ വിജയം.