സാം എബ്രഹാം വധം; ഭാര്യയ്ക്ക് 22 വര്‍ഷവും കാമുകന് 27 വര്‍ഷവും തടവുശിക്ഷ വിധിച്ചു

സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും കടുത്ത ശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ കോടതി. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്. നേരത്തെ സാമിനെ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചിരുന്നു.

2015 ഒക്ടോബര്‍ 14നായിരുന്ന മെല്‍ബണിലെ വസതിയില്‍ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യ സോഫി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരത വെളിയിലാകുന്നത്.

സോഫിയുടെ സമ്മതത്തോടെയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു. അരുണിന് വീടിനുള്ളില്‍ കടക്കാനും ഉറങ്ങി കിടക്കുന്ന സാമിന്റെ വായിലേക്ക് സയനൈഡ് ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കാനും സോഫി സഹായം നല്‍കിയതായും വ്യക്തമായതായി കോടതി പറയുന്നു. ഒമ്പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അരുണിന്റെ കുറ്റസമ്മതമാണ് കേസില്‍ വഴിത്തിരിവായത്.

പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ സോഫിയയുടെ സഹായമില്ലാതെ ഇത്തരമൊരു കൃത്യം നടത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കട്ടിലില്‍ ഒന്നിച്ച് കിടന്നിരുന്ന സാമിനെ സോഫിയുടെ അറിവില്ലാതെ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കോടതി പറയുന്നു.

സോഫിയയുമായുള്ള അരുണ്‍ കമലാസനനുള്ള അവിഹിത ബന്ധമാണ് സാമിന്റെ കൊലപാതകത്തിന് കാരണമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നു വർഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം നടത്തിയ കൊലപാതകമായിരുന്നു ഇതെന്നും, അരുൺ കമലാസനമായിരുന്നു അതിന്റെ ആസൂത്രകനെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913