ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തു; യുവനടന്മാരും വിമെൻ ഇൻ സിനിമ കളക്ടീവും വിട്ടുനിന്നു

 മലയാള ചലചിത്ര താര സംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുത്തു. ഇന്ന് നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ദിലീപിനായി വാദിച്ചിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ നടൻ മോഹൻലാലിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗം തുടങ്ങിയപ്പോൾ തന്നെ ദിലീപിനെ പിന്തുണച്ച് താരങ്ങൾ രംഗത്തെത്തി.

നടി ഊർമ്മിള ഉണ്ണിയാണ് ദിലീപ് വിഷയം അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ദിലീപിനെ ഉടനടി പുറത്താക്കിയത് ശരിയായില്ലെന്ന് ഊർമ്മിള ഉണ്ണി പറഞ്ഞു. എന്നാൽ, അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങൾ ദിലീപിനെ പുറത്താക്കുന്ന കാര്യത്തിൽ സ്വീകരിച്ചിരുന്നില്ലെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു വിശദീകരിച്ചു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെ ആയിരുന്നെന്ന് അഭിപ്രായം മറ്റ് താരങ്ങളും തുറന്ന് പറഞ്ഞു. നടൻ സിദ്ധിഖിന്റെ നേതൃത്വത്തിലായിരുന്നു ദിലീപിനായി താരങ്ങൾ അണിനിരന്നത്. വനിതാ താരങ്ങളും ഇതിനെ ശക്തമായി തന്നെ പിന്തുണച്ചു. കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കുന്നതിന് മുന്പ് വിശദീകരണം തേടാൻ പോലും തയ്യാറായില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. കുറ്റം ചെയ്തവന് കോടതിയിൽ പോലും തന്റെ ഭാഗം ന്യായീകരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഇവിടെ ദിലീപിന് അത് നിഷേധിക്കപ്പെടുകയായിരുന്നു.

പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയെ സമീപിക്കാതിരുന്നത് ആശ്വാസകരമായെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു. നിയപരമായ മാർഗങ്ങൾ ദിലീപ് സ്വീകരിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അഭിപ്രായത്തോടും താരങ്ങൾ യോജിച്ചു. തന്റെ കാലത്ത് സംഘടനയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യം ഉണ്ടാകാതിരുന്നതിൽ ആശ്വസിക്കുന്നതായി മുൻ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. തുടർന്നാണ് ദിലീപിനെ തിരിച്ചെടുക്കാൻ ധാരണയായത്.

ദിലീപിനെ തിരിച്ചെടുക്കുമെന്ന് നേരത്തെ സൂചന ലഭിച്ചതു കൊണ്ടായിരിക്കണം ഇന്നത്തെ യോഗത്തിൽ നിന്ന് യുവതാരങ്ങൾ പലരും വിട്ടുനിന്നിരുന്നു. പൃഥ്വിരാജ്, നിവിൻപോളി, ടൊവനോ തോമസ് അടക്കമുള്ളവരും നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ലിയു.സി.സി) സംഘടനയിലെ അംഗങ്ങളും യോഗത്തിന് എത്തിയില്ല.

ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗമാണ് ട്രഷററായിരുന്ന ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചത്. കമ്മിറ്റിയിലുണ്ടായിരുന്ന യുവ അഭിനേതാക്കളുടെ ശക്തമായ നിലപാടിനെത്തുടർന്നായിരുന്നു നടപടിയെങ്കിലും ഇതു ചട്ടപ്രകാരമായിരുന്നില്ല എന്നാണ് പുതിയ അമ്മ ഭാരവാഹികളുടെ വാദം.