‘യേശു’ക്കച്ചവടം പോലെ ലാഭകരമല്ല കോളേജ് കച്ചവടം: കെപി യോഹന്നാന്റെ എന്‍ജിനിയറിംഗ് കോളേജ് അടച്ച്പൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി, ബിഷപ്പ് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് ഉടമസ്ഥതയിലുള്ള എന്‍ജിനിയറിംഗ് കോളേജ് അടച്ച്പൂട്ടുന്നു

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ റാന്നി പെരുനാടുള്ള കാര്‍മല്‍ എഞ്ചിനിയറിംഗ് കോളേജാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. അടുത്ത വര്‍ഷം മുതല്‍ ബിടെക്, എംടെക്, എംബിഎ കോഴ്‌സുകളിലേക്കുള്ള അഡ്മിഷിന്‍ നിര്‍ത്തിവെച്ചതായി കോളേജ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. കോളേജില്‍ അഡ്മിഷന്‍ എടുക്കന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് വിവരം പുറത്തുവന്നത്.

നിലവില്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഒഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കോഴ്‌സുകള്‍ എല്ലാം പൂര്‍ത്തിയായതിന് ശേഷമേ കോളേജ് അടച്ച്പൂട്ടുകയുള്ളു എന്നാണ് കോളേജില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ കോളേജ് അടച്ചുപൂട്ടുകയല്ല പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ എടുക്കുന്നില്ല എന്നതാണ് സഭയില്‍ നിന്നുള്ള തീരുമാനമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

കോളേജില്‍ വിദ്യാര്‍ഥികള്‍ ആശങ്കയുമായി എത്തിയതോടെ വിശദീകരണവുമായി സഭ അധികൃതരും രംഗത്ത് എത്തിയിരുന്നു. കോളേജില്‍ ഇപ്പോള്‍ കോഴ്‌സുകള്‍ ചെയ്യുന്ന എല്ലാ വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസം തീരുംവരെ കോളേജ് തുടരുമെന്നും ഇത് സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കും എഴുതി നല്‍കിയതായും വിദ്യാര്‍ഥികളോട് അധികൃതര്‍ പറഞ്ഞു. എന്‍ജിനയറിംഗ് കോഴ്‌സ് പാസാകുന്നവര്‍ക്ക് ജോല്ി കിട്ടാനുള്ള സാധ്യത കുറഞ്ഞതോടെ നിരവധി കോളേജുകള്‍ അടച്ച്പൂട്ടലിന്റെ വക്കിലാണ്. കഴിഞ്ഞ വര്‍ഷം മാത്രം പതിനെട്ട് കോളേജുകള്‍ക്ക് താഴ് വീണിരുന്നു.

കേന്ദ്രഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ എത്തിയതുമുതല്‍ കടുത്ത പ്രതിസന്ധിയാണ് കെപി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് നേരിടുന്നത്. വിദേശത്ത് നിന്നുമുള്ള ഫണ്ട് വരവിന് കടുത്ത നിയന്ത്രണം സര്‍്ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യഘട്ടമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ആത്മീയയാത്ര ചാനല്‍ അടച്ച്പൂട്ടി. ചാനലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ശമ്പളം ലഭിക്കാതെ ജോലി വിട്ടെങ്കിലും പഴയ പ്രോഗ്രാമുകള്‍ ഓടിച്ച് ചാനല്‍ കുറച്ച് നാളുകള്‍ കൂടി മുന്നോട്ട് പോയി. പിന്നീട് ഒട്ടും നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ അടച്ച്പൂട്ടുകയായിരുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യന്‍ സംഘടനകള്‍ക്കുള്ള വിദേശത്ത് നിന്നുമുള്ള സാമ്പത്തിക വരവില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നും കോടികളുടെ വരവ് പ്രതീക്ഷിച്ച് പ്രവര്‍ത്തനം നടക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് ഉള്‍പ്പടെയുള്ള നിരവധി ന്യൂ ജനറേഷന്‍ ചര്‍ച്ചുകള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം തിരിച്ചടിയായിരുന്നു.