ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിർണായകമായ വിധി പ്രസ്താവം നടത്തുന്നത്. എന്നാൽ ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവത്തിൽ നിന്നും വ്യത്യസ്തമായി ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവർ വിധിപ്രസ്താവം നടത്തുമെന്നാണ് അറിയുന്നത്

അതേസമയം, ലഫ്.ഗവർണർക്കെതിരെ ചീഫ് ജസ്റ്റിസ് വിമർശനമുന്നയിച്ചിട്ടുണ്ട്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ട ചുമതല ലഫ്.ഗവർണർക്കുണ്ട്. എല്ലാ കാര്യങ്ങളും തടസപ്പെടുത്തുന്ന വ്യക്തിയാവരുത് ലഫ്.ഗവർണറെന്നും, മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയണമെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധി പ്രസാതവത്തിൽ പറഞ്ഞു. ജസ്റ്റിസ് എ.കെ.സിക്രി, എ.എം. ഖാൻവിൽക്കർ എന്നിവരുടെ വിധി പ്രസ്താവം കൂടി ഉൾപ്പെട്ടതാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവൻ ലഫ്. ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാർട്ടി നൽകിയ കേസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.

പതിനഞ്ചു ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി വിധി പറയുന്നത്. മുതിർന്ന അഭിഭാഷകരുടെ നിര തന്നെ ഡൽഹി സർക്കാരിനുവേണ്ടി ഹാജരായി. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ഇന്ദിര ജയ്സിംഗ് എന്നിവർ എ.എ.പി സർക്കാരിന് വേണ്ടി ഹാജരായപ്പോൾ കേന്ദ്രത്തിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് കോടതിയിൽ വാദമുഖങ്ങൾ നിരത്തി

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ലഫ്.ഗവർണർ അനിൽ ബൈജാൽ തീരുമാനങ്ങൾ കൈക്കൊളളുന്നുവെന്നും, ഫയലുകളിൽ അടയിരിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമായും പൊലീസ് സംവിധാനത്തിന്റെ നിയന്ത്രണം ലഫ്.ഗവർണറുടെ അധികാരത്തിന് കീഴിലായതാണ് സംസ്ഥാന സർക്കാരിന് തിരിച്ചടിയായത്.