ദളിതന്‍ വൈദീകനാകേണ്ടെന്ന് ബിഷപ്പ്; വിജയപുരം ലത്തീന്‍ രൂപതാ ബിഷപ്പിനെതിരെ ദളിത് ക്രൈസ്തവർ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീക പീഡനപരാതിയില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന കത്തോലിക്കാ സഭയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ വിവാദം. മധ്യകേരളത്തിലെ പ്രധാന ലത്തീന്‍ രൂപതയായ വിജയപുരത്തിനും ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരിയിലിനുമെതിരെയാണ് പുതിയ ആരോപണം ഉയരുന്നത്.

രൂപതയിലെ ഭൂരിഭാഗം വരുന്ന ദളിത് ക്രൈസ്തവരെ ബിഷപ്പും ഒരു വിഭാഗം വൈദീകരും ചേര്‍ന്ന് ദ്രോഹിക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. രൂപതയിലെ ദളിത് കത്തോലിക്കാ മഹാജന സഭയാണ് ഈ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. രൂപതയുടെ സ്ഥാപനത്തില്‍ പഠിക്കാനും ജോലി ചെയ്യാനും, വൈദീകരാകാനും ദളിത് ക്രൈസ്തവരെ ബിഷപ്പ് അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ബിഷപ്പിന്റെ നിലപാടുകള്‍ക്കെതിരെ ജൂലൈ 16ന് രൂപതാ ആസ്ഛാനത്തേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനും ദളിത് കത്തോലിക്കാ മഹാജന സഭ ( ഡി.സി.എം.എസ്) തീരുമാനിച്ചിട്ടുണ്ട്.

പഠിക്കാനും, ജോലി ചെയ്യാനുമുള്ള ദളിതന്റെ അവകാശത്തിനു മേല്‍ കത്തി വച്ച വിജയപുരം രൂപതാ അധ്യക്ഷനും സംഘവും വൈദികനാകാനുള്ള ദളിതന്റെ അവകാശവും അടക്കിപ്പിടിച്ചിരിക്കുകയാണെന്നാണ് ദളിത് കാത്തലിക് മഹാജന സഭ വിജയപുരം രൂപതാ സമിതി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കുന്നത്. ഒരു ദളിതന്‍ പോലും വിജയപുരം രൂപതയില്‍ വൈദികനാകേണ്ടെന്നു പ്രഖ്യാപിച്ച സഭാ അധ്യക്ഷന്‍ ദളിത് യുവാക്കള്‍ക്കു സെമിനാരിയിലേയ്ക്കുള്ള പ്രവേശനം പോലും നിഷേധിച്ചിരിക്കുന്നു.

വേദം കേട്ട ദളിതന്റെ കാതില്‍ ഈയം ഉരുക്കിയൊഴിച്ച ഹിന്ദു സമൂഹത്തിന്റെ യഥാര്‍ത്ഥ പിന്‍മുറക്കാരനായി മാറുകയാണ് ലത്തീന്‍ സഭയിലെ വിജയപുരം രൂപതാ അധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരിലെന്നാണ് ദളിത് സമൂഹം ഒറ്റക്കെട്ടായി ആരോപിക്കുന്നത്. ഈ നീതി നിഷേധത്തിനെതിരായ പോരാട്ടമാണ് ജൂലൈ 16 ന് കോട്ടയത്തു നടക്കാനിരിക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തില്‍ നിഷേധിക്കപ്പെട്ട നീതി തേടി ആയിരക്കണക്കിനു ദളിത് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ അവകാശപ്പെടുന്നു.

ഏതാണ്ട് ഒന്‍പതു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് വിജയപുരം രൂപതയ്ക്കുള്ളത്. എന്നാല്‍, ഇവിടെ ഇതുവരെ 18 ദളിത് വിഭാഗത്തിലുള്ളവര്‍ മാത്രമാണ് വൈദീകരായിട്ടുള്ളത്. ദളിത് വിഭാഗത്തിനായി ആരംഭിച്ച പള്ളികളില്‍ വൈദിക വൃത്തി ചെയ്യാന്‍ ദളിത് സമൂഹത്തിനു കാത്തിരിക്കേണ്ടി വന്നത് ഏതാണ്ട് 48 വര്‍ഷത്തോളമാണ്. ഈ സമുദായത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെയാണ് ഇപ്പോള്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരിക്കൊപ്പം നിന്ന് ദളിതന് എല്ലാ മേഖലയിലും നീതി നിഷേധിച്ചുകൊണ്ടിരിക്കുന്നത്.

തെക്കേത്തെച്ചേരില്‍ ബിഷപ്പ് ആയതിനു ശേഷമുള്ള പത്തു വര്‍ഷത്തിനിടെ, 2007 മുതല്‍ 2018 വരെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് വൈദിക പട്ടം ലഭിച്ചത്. അടുത്ത ഏഴു വര്‍ഷത്തിനിടെ വൈദിക പട്ടം കാത്തിരിക്കുന്ന ഒരാള്‍ക്കു മാത്രമാണ് സെമിനാരിയില്‍ പ്രവേശനം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ധാരാളം ദളിത് വിദ്യാര്‍ത്ഥികള്‍ സെമിനാരിയില്‍ പഠനത്തിനായി പ്രവേശനം നേടി. എന്നാല്‍, വിവിധ കാരണങ്ങള്‍ ഉണ്ടാക്കി ബിഷപ്പ് തന്നെ അവരെ പുറത്താക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. 2018 ല്‍ ഡീക്കന്‍ പട്ടം ലഭിച്ച് വൈദികരാകേണ്ട രണ്ടു വിദ്യാര്‍ത്ഥികളെ പട്ടം നല്‍കാന്‍ യോഗ്യതയുണ്ടെന്നു സെമിനാരി അധികൃതര്‍ വ്യക്തമാക്കിയിട്ടും ദളിതരാണെന്ന ഒറ്റക്കാരണത്താല്‍ പട്ടം നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.

നിങ്ങള്‍ വിജയപുരം രൂപതയില്‍ വൈദികരാകുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. മറ്റേതെങ്കിലും ലത്തീന്‍ രൂപതയില്‍ ചേര്‍ന്ന് വൈദികരാകുന്നതിനു ഞാന്‍ ശുപാര്‍ശ ചെയ്യാം. ഈ രുപതയുടെ സെമിനാരിയില്‍ നിന്നു നിങ്ങള്‍ പിരിഞ്ഞ് പോകണം എന്ന നിര്‍ദേശം ബിഷപ്പ് നല്‍കിയതായും ദളിത് കാത്തലിക് മൂവ്‌മെന്റിന്റെ നേതാവ് ജോയ് ജോര്‍ജ്ജ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു.

ദളിത് വിഭാഗത്തില്‍ തന്നെയുള്ള ചില വൈദീകരും ഇതിനു കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ഇതിനു പുറമെ രൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ വിശേഷിച്ച് പ്ലസ് ടു സ്‌കൂളുകളില്‍ ദളിത് കുട്ടികള്‍ക്ക് കമ്മ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം നല്‍കുന്നില്ലെന്നാണ് പരാതി. നിലവില്‍ ഈ രൂപതയിലെ അംഗങ്ങളില്‍ 85 ശതമാനം പേര്‍ ദളിതരാണ്. എന്നാല്‍ ആ സമുദായത്തിന് കാര്യമായ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

സഭയുടെ സ്ഥാപനങ്ങളില്‍ കേവലം 15 ശതമാനത്തില്‍ മാത്രമാണ് ദളിതര്‍ക്ക് ജോലി ലഭിച്ചിട്ടുള്ളത്. ബാക്കി 85 ശതമാനം തസ്തികകളും കൈയടക്കിവെച്ചിരിക്കുന്നത് മറ്റുള്ളവരാണ് ജോയ് ജോര്‍ജ്ജ് പറഞ്ഞു. ഈ അവഗണനയിനി തുടരാനാകില്ല. ഏപ്രില്‍ 24ന് ദളിത് കത്തോലിക്കാ മൂവ്‌മെന്റിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം രൂപതാ കേന്ദ്രത്തിലേക്ക് നടത്തിയെങ്കിലും തങ്ങളുടെ പരാതി കേള്‍ക്കാനോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനോ സഭാ നേതൃത്വം ഒന്നും ചെയ്തില്ലെന്ന് ജോയ് കുറ്റപ്പെടുത്തി. അതുകൊണ്ടാണ് വീണ്ടും സമരത്തിലേക്ക് പോകേണ്ടി വരുന്നത്.

സഭയുടെ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപ നിയമനത്തിലും വേര്‍തിരിവ് രൂക്ഷമാണെന്നും ദളിത് വിഭാഗം പറയുന്നുണ്ട്. രൂപതയുടെ കീഴില്‍ എരുമേലി മുക്കൂട്ടുതറയില്‍ പ്രവര്‍ത്തിക്കുന്ന അസീസി ആശുപത്രിയിലും നഴ്സിങ് സ്‌കൂളിലുമൊക്കെ വരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് ആശുപത്രി ഡയറക്ടറും, പി.ആര്‍.ഒയുമൊക്കെ ജാതീതമായ വേര്‍തിരിവുകളൊടെ കാണുകയാണെന്നും ആക്ഷേപമുണ്ട്. ഈ വിഷയങ്ങളില്‍ അടിയന്തര പരിഹാരം വേണമെന്ന ആവശ്യമുന്നയിച്ചാണ് ജൂലൈ 16നുള്ള പ്രതിഷേധം.