നിർഭയ കേസ്: പ്രതികൾക്ക് കഴുമരം തന്നെ, പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

മനസാക്ഷിയെ ഞെട്ടിച്ച് 2012ൽ പാരാമെഡിക്കൽ വിദ്യാർത്ഥിയെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന കേസിൽ വധശിക്ഷ ലഭിച്ച പ്രതികളുടെ പുന:പരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,​ അശോക് ഭൂഷൺ,​ ആർ.ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹർജി തള്ളിയതോടെ പ്രതികൾക്ക് ഇനി തിരുത്തൽ ഹർജി നൽകാം. അതും തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകാം. ശിക്ഷ പുന:പരിശോധിക്കാൻ തക്ക കാരണങ്ങൾ ഒന്നും തന്നെ ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. വിധിയിൽ തെറ്റുന്നുണ്ടെന്ന പ്രതികളുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

കേസിലെ പ്രതികളായ മുകേഷ് സിംഗ് (29), പവൻ ഗുപ്ത (22), വിനയ് ശർമ്മ (23) എന്നിവരാണ് പുന:പരിശോധനാ ഹർജി നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂർ (31) ഹർജി നൽകിയിരുന്നില്ല. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ നാലു പേരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ,​ ഹൈക്കോടതി ശിക്ഷ ശരിവച്ചു. ഇത് പിന്നീട് സുപ്രീം കോടതിയും ശരിവച്ചു. തുടർന്നാണ് പുന:പരിശോധനാ ഹർജിയുമായി പ്രതികൾ വീണ്ടും സുപ്രീം കോടതിയിലെത്തിയത്.

അതേസമയം, പ്രതികളുടെ കാര്യത്തിൽ അനീതിയാണുണ്ടായതെന്ന് അവരുടെ അഭിഭാഷകൻ ആരോപിച്ചു. പൊതുസമൂഹത്തിന്റേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും സമ്മർദ്ദം കാരണമാണ്. കോടതി ശിക്ഷ ശരിവച്ചതെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

2012 ഡിസംബർ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി നിർഭയ കൂട്ടമാനഭംഗത്തിനിരയായത്.കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിംഗ് വിചാരണഘട്ടത്തിൽ തിഹാർ ജയിലിൽ ആത്മഹത്യചെയ്തു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതി; മൂന്ന് വർഷത്തെ തടവിനുശേഷം പുറത്തിറങ്ങി. ഡ്രൈവർ രാംസിംഗിന്റെ സഹോദരൻ മുകേഷ്, സുഹൃത്തുക്കളായ വിനയ്, അക്ഷയ്, പവൻ എന്നിവർക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.