മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ മൂന്നു പേര്‍ അറസ്റ്റില്‍

സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശികളായ വി.എന്‍ മുഹമ്മദ്, കെ. മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ. സജീത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പിണറായിയിലെ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ ഡയറിയില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയുടെ ചിത്രം സദ്യ കഴിക്കുന്ന ചിത്രമാക്കിയാണ് മൂവരും പ്രചരിപ്പിച്ചത്.

മുഖ്യമന്ത്രി ജനറല്‍ ഡയറിയില്‍ എഴുതുന്ന ചിത്രത്തില്‍ കൃത്രിമം വരുത്തി സദ്യ കഴിക്കുന്ന പഴയൊരു ചിത്രം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഡി.ജി.പി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരെ കാവല്‍ നിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി സദ്യ കഴിക്കുന്നതായാണ് ചിത്രം കൃത്രിമം ചെയ്തത്. ഡി.ജി.പി, എ.ഡി.ജി.പി, കണ്ണൂര്‍ എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ കാവല്‍ നിര്‍ത്തി സദ്യ കഴിക്കുന്നതായാണ് ചിത്രം. പോലീസിലെ ദാസ്യപ്പണി വിവാദമായിരിക്കുന്ന സമയത്ത് പ്രചരിച്ച ചിത്രം വ്യാജമാണെന്ന് അറിയാതെ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു.