മാവേലിക്കരയിൽ ആറു മക്കളുളള അമ്മയെ വീട്ടുമുറ്റത്ത് ഉറുമ്പരിച്ച അവസ്ഥയില്‍ കണ്ടെത്തി

ആറു മക്കളുള്ള എണ്‍പത്തിയാറുകാരിയായ സ്ത്രീയെ വീടിനു പുറത്ത് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്തെ സന്നദ്ധ സംഘടന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാനെത്തി.കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍ ഭവാനിയമ്മയാണ് മക്കളുടെ അവഗണന മൂലം ഉറുമ്പരിച്ച് കിടന്നത്. മൂന്നു ആണും മൂന്നു പെണ്ണും ഉള്‍പ്പെടെ ആറു മക്കളുള്ള ഇവര്‍ കല്ലുമലയിലെ വീട്ടില്‍ ഇളയ മകനും മരുമകള്‍ക്കു മൊപ്പമായിരുന്നു താമസം. എന്നാല്‍ മകനും മകളും ജോലിക്ക് പോകുമ്പോള്‍ വീട് പൂട്ടി ഇവരെ പുറത്താക്കിയിട്ടാണ് പോകുക.

ജ്വാലയുടെ പ്രവര്‍ത്തകരും പോലീസും എത്തുമ്പോള്‍ മൂഖത്തും ശരീരത്തിലും വിസര്‍ജ്യം പുരണ്ട നിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു ഇവര്‍. ജ്വാലയുടെ പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ശ്രീകല, എ.എസ്.ഐമാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭവാനിയമ്മയുടെ മക്കള്‍ക്കെതിരേ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാലയുടെ പ്രവര്‍ത്തകര്‍ മാവേലിക്കര പോലീസില്‍ പരാതി നല്‍കി. മക്കളോട് ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ: സി.ശ്രീജിത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആയിരുന്നു പുനലൂരില്‍ മക്കള്‍ തിരിഞ്ഞു നോക്കാതെ വൃദ്ധ ഉറുമ്പരിച്ച് മരിച്ച വാര്‍ത്ത വന്നത് ആ വാര്‍ത്തയുടെ വേദന മാറും മുമ്പാണ് ഇപ്പോള്‍ സമാനമായൊരു വാര്‍ത്ത മാവേലിക്കരയില്‍ നിന്നും വരുന്നത്.