ഫ്രഞ്ച് വിപ്ലവം: ഇരുപത് വർഷത്തിന് ശേഷം രണ്ടാം സുവർണകിരീടത്തിൽ ഫ്രാൻസ്

നിലയ്ക്കാതെ പെയ്ത ഗോൾ മഴയ്ക്ക് ഒടുവിൽ ലോകകീരിടത്തിൽ മുത്തമിട്ട് ഫ്രാൻസ്. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകർത്താണ് ഫ്രാൻസ് ഇരുപത് വർഷത്തിന് ശേഷം തങ്ങളുടെ രണ്ടാം സുവർണകിരീടത്തിൽ മുത്തമിട്ടത്. ആന്റോയ്ൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, കെെലിയൻ എംബാപെ എന്നിവർ ഗോൾ നേടിയപ്പോൾ മരിയോ മൻസൂക്കിച്ചിന്റെ ഒരു സെൽഫ് ഗോളും ഫ്രഞ്ച് വിജയത്തിന് മൊ‌ഞ്ചേകി. ഇവാൻ പെരിസിച്ച്, മരിയോ മൻസൂക്കിച്ച് എന്നിവരുടെ വകയായിരുന്നു ക്രൊയേഷ്യയുടെ ഗോളുകൾ

തുടക്കത്തിലെ ഫ്രാൻസ് ബോക്‌സിലേക്ക് ആക്രമണം നടത്തുന്ന ക്രൊയേഷ്യൻ നിരയെ ആണ് കളിക്കളക്കത്തിൽ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റിൽ ക്രൊയേഷ്യ മത്സരത്തിൽ ആധിപത്യം പുലർ‌ത്തുന്ന കാഴ്ചയായിരുന്നു. എന്നാൽ എതിരാളികളെ ബഹുമാനിച്ച് തിരിച്ചടിക്കുന്ന ഫ്രാൻസിനെയാണ് പിന്നീട് കളിക്കളത്തിൽ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റിൽ കണ്ട് ഫ്രാൻസായിരുന്നില്ല പിന്നീട്. പതിനെട്ടാം മിനിറ്റിൽ മൻസൂക്കിച്ചിന്റെ സെൽഫ് ഗോളിലൂടെയാണ് ഫ്രാൻസ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ബോക്സിന് തൊട്ട് പുറത്ത് നിന്നും ആന്റോയിൻ ഗ്രീസ്മാൻ എടുത്ത മനോഹരമായ ഫ്രീകിക്ക് മൻസൂക്കിച്ചിന്റെ തലയിൽ തട്ടി ക്രൊയേഷ്യൻ വലയിൽ എത്തുകയായിരുന്നു. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്‌ത്തിയതിനായിരുന്നു ഫ്രാൻസിന് അനുകൂലമായ ഫ്രീകിക്ക് റഫറി വിധിച്ചത്.

എന്നാൽ അധികം വെെകാതെ ഒരു ഗോൾ തിരിച്ചടിച്ച് ഈ ലോകകപ്പിലെ ജെെത്രയാത്ര ക്രൊയേഷ്യ തുടരുകയാണോ എന്ന് തോന്നിപ്പിച്ചു. 28ആം മിനിറ്റിൽ ഇവാൻ പെരിസിച്ച് നേടിയ മിന്നൽ ഗോളിലൂടെയാണ് ക്രൊയേഷ്യ ഒപ്പത്തിനൊപ്പം എത്തിയത്. മഗോജ് വിദയിൽ നിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് വലയിൽ എത്തിക്കുകയായിരുന്നു. സ്കോർ ഒപ്പത്തിനൊപ്പം എത്തിയതോടെ ആക്രമിച്ച് കളിക്കാൻ ഫ്രാൻസ് നിർബന്ധിതരായി.

ക്രൊയേഷ്യയുടെ ആഹ്ലാദം അധികം നീട്ടാതെ തന്നെ ലീഡ് നേടി മത്സരത്തിലേക്ക് തിരിച്ചു വരാൻ ഫ്രാൻസിനായി. 38ആം മിനിറ്റിൽ ആന്റോയിൻ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെയാണ് ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടിയത്. ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വി.എ.ആറിന്റെ സഹായത്തോടെ വിധിച്ചതോടെയാണ് ക്രൊയേഷ്യക്ക് പാരയായി പെനാൽറ്റി ഗോൾ പിറന്നത്. ഗ്രീസ്മാന്റെ ഈ ലോകകപ്പിലെ നാലാം ഗോൾ കൂടിയായിന്നു ഇത്. ആദ്യ പകുതിയിൽ സമനില ഗോളിനായി ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫ്രാൻസിന്റെ പ്രതിരോധ നിരയുടെ വൻമതിലിൽ തട്ടി ഗോൾ അകലുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമിച്ച് കളിക്കുന്ന ക്രൊയേഷ്യൻ നിരയായിരുന്നു മെെതാനത്ത്. നിരന്തരം ആക്രമണങ്ങളിലൂടെ ഫ്രഞ്ച് പടയുടെ ബോക്‌സിനുള്ളിൽ നിരന്തരം ഭീഷണിയുയർത്താൻ ക്രൊയേഷ്യയ്ക്കായി. എന്നാൽ പതിയിരുന്ന് ആക്രമിക്കുന്ന ഫ്രഞ്ച് ശെെലി തന്നെയാണ് പിന്നീട് അങ്ങോട്ടും കണ്ടത്. സമനില ഗോളിനായി ക്രൊയേഷ്യ ശ്രമിക്കുന്നതിനിടെ 59ആം മിനിറ്റിൽ കളിക്കളത്തിൽ കളി മെനയുന്ന പോഗ്ബയുടെ മിന്നൽ ഗോളിലൂടെ ഫ്രാൻസ് വീണ്ടും ലീഡ് വർദ്ധിപ്പിച്ചു. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിച്ചെങ്കിലും റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ മിന്നും ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിലേക്ക് എത്തുകയായിരുന്നു.

മൂന്നാം ഗോളിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ ക്രൊയേഷ്യയെ ആകെ നിരാശയിലാക്കി എംബാപെയിലൂടെ ഫ്രാൻസ് നാലാം ഗോൾ ക്രൊയേഷ്യയുടെ വലയിലെത്തിച്ചു. ലൂക്കാസ് ഹെർണാണ്ടസിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് കിലിയൻ എംബപെയിലേക്ക്. മികച്ച ഒരു ഷോട്ടിലൂടെ പന്ത് ഗോൾ കീപ്പർ‌ സുബാസിച്ചിന് ഒരവസരവും നൽകാതെ എംബാപെ വലയിൽ എത്തിക്കുന്നു. ഈ ലോകകപ്പിലെ എംബാപെയുടെ നാലാം ഗോളാണ് കലാശപ്പോരട്ടത്തിൽ പിറന്നത്.

എന്നാൽ അധികം വെെകാതെ മറിയോ മൻസൂക്കിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിലെ രണ്ടാം ഗോൾ നേടി പ്രതീക്ഷ നൽകി. ഫ്രഞ്ച് നായകൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവിൽ നിന്നാണ് ക്രൊയേഷ്യ രണ്ടാം ഗോൾ നേടിയത്. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസിന്റെ കാലിൽ നിന്നും വന്ന പന്ത് ഈസി ടച്ചിലൂടെ മൻസൂക്കിച്ച് വലയിലെത്തിക്കുകയായിരുന്നു. ക്രൊയേഷ്യ രണ്ടാം ഗോൾ നേടിയതോടെ ഉണർന്ന് കളിച്ച ഫ്രാൻസ് പ്രതിരോധം ശക്തിപ്പെടുത്തി ക്രൊയേഷ്യൻ മുന്നേറ്റം തടയുകയായിരുന്നു. മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ സുവർണ തലമുറയ്ക്ക് ഫ്രഞ്ച് അധിനിവേഷത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ലുഷ്കിനി സ്റ്റേഡിയത്തിന് മുകളിൽ ഫെെനൽ വിസിൽ ഉയരുമ്പോൾ ഫ്രഞ്ച് പട തങ്ങളുടെ രണ്ടാം കിരീടം ഫ്രാൻസിൽ എത്തിക്കുമെന്ന് ഉറപ്പിച്ചിരുന്നു.