ബദൽ ചികിത്സാ മാഫിയ ‘ എലിവിഷം’ എന്നാഘോഷിക്കുന്ന പാരസെറ്റാമോളിന് 141 വയസ്സ്

സാധാരണക്കാരന് ആധൂനിക വൈദ്യശാസ്ത്രം ‘അലോപ്പതി’ യാണ്. ‘അലോപ്പതി’ മരുന്നിന്റെ ഉത്തമോദാഹരണം പാരസെറ്റാമോളും. ബസ്സിൽ പുൽതൈലം കൊണ്ടുനടന്ന് വിൽക്കുന്നയാൾ മുതൽ കേരളം മുഴുവൻ വിഷവേരിറക്കി വാഴുന്ന ബദൽ ചികിത്സാ മാഫിയ വരെ കാലാകാലങ്ങളായി ‘ എലിവിഷം’ എന്നാഘോഷിക്കുന്ന പാരസെറ്റാമോളിനെക്കുറിച്ചുള്ള പ്രാഥിക വിവരം പോലും മിക്കവർക്കുമില്ല എന്നതാണ് രസകരമായ കാര്യം. മരുന്നുകളുടെയെല്ലാം വിശദമായ ചരിത്രം ഡോക്ടർമാർ അറിഞ്ഞിരിക്കണം എന്ന് പറയാനാകില്ലെങ്കിലും പാരസെറ്റാമോൾ പോലെയുള്ള ഒരു ഐക്കോണിക് മരുന്നിന്റെ പരിണാമ ചരിത്രം പൊതുജനങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിജ്ഞാന വഴികളെക്കുറിച്ച് രസകരമായി മനസ്സിലാക്കാനുള്ള മാർഗ്ഗമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനും അവരുടെ ഭീതി അകറ്റാനും സാധിക്കുക.

മരുന്നുകൾ മനുഷ്യരെ പോലെയാണ് അവ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ചില മരുന്നുകൾ വളരെക്കുറച്ചുകാലം ജീവിച്ച് അകാല ചരമമടയുന്നു. താലിസോ മൈഡിനെപ്പോലെ. മറ്റു ചിലവയാകട്ടെ ഘോരമായ ദുരന്തങ്ങൾ വരുത്തി എന്നെന്നേക്കും വെറുക്കപ്പെട്ടവയാകുന്നു. ആന്റി ബയോട്ടിക്കുകളെപ്പോലെ ഇനിയും ചിലത് അത്ഭുതകരമായി മൃത്യുവിനെ തുരത്തിയോടിച്ച് നീണ്ടകാലം പ്രശസ്തിയാർജ്ജിച്ച് വാഴുന്നു. ചിലതാകട്ടെ കുപ്പത്തൊട്ടിയിലെ രത്‌നത്തെപ്പോലെ തന്റെ തിളക്കം മാനവരാശി തിരിച്ചറിയുന്നത് കാത്തുകാത്തിരിക്കുന്നു.

നമ്മുടെ കഥാ നായകനായ പാരസെറ്റാമോൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗർഭഗൃഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിൽ 1877 ലാണ് പിറന്നു വീണത്. പല പരീക്ഷണങ്ങൾക്കിടയിൽ യാദൃശ്ചികമായി ഉണ്ടായ ഒരു രാസ രാസവസ്തു എന്നതിനുപരി ഒരു പ്രാധാന്യം പാരസെറ്റാമോളിന് തുടക്കത്തിൽ നൽകപ്പെട്ടിട്ടില്ലെങ്കിലും സ്വാഭാവികമായും മനുഷ്യ ശരീരത്തിൽ ആ മരുന്നിന് ചെലുത്താൻ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനങ്ങൾ അധികം വൈകാതെ തന്നെ ആരംഭിച്ചു. എന്നാൽ പാരസെറ്റാമോളിന്റെ വേദന കുറയ്ക്കാനുള്ള കഴിവ് കണ്ടെത്തുന്നതിന് 1886 വരെ കാത്തിരിക്കേണ്ടിവന്നു.

അസറ്റാനിലൈഡ് എന്ന രാസവസ്തുവിന് വേദനാസംഹാരിയായി പ്രവർത്തിക്കാനാകും എന്നായിരുന്നു ശാസ്ത്രജ്ഞർ തുടക്കത്തിൽ കണ്ടെത്തിയത്. എന്നാൽ വളരെയധികം പാർശ്വഫലങ്ങളുള്ള ഒരു രാസവസ്തുവായിരുന്നു അസറ്റാലൈഡ്. ഈ സാഹചര്യത്തിലാണ് രാസഘടനയിൽ അസറ്റാലൈഡിന്റെ ബന്ധുവായ പാരസെറ്റാമോളിലേക്ക് ഗവേഷണം നീളുന്നത്. അന്ന് വേദന സംഹാരിയായി ലഭ്യമായിരുന്ന ഫിനാസെറ്റിന് എന്ന മരുന്നിനോട് പാരസെറ്റാമോളിനെ താരതമ്യപ്പെടുത്തിയായിരുന്നു പഠനം. 1887 ൽ തുടങ്ങി വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ 1899 ൽ ഗവേഷകനായ ജോസഫ് മെറിങ് തന്റെ പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചു. രക്തത്തിലെ ഓക്‌സിജൻ വഹിക്കുന്ന പ്രോട്ടീനായ ഹീമോ ഗ്ലോബിനെ ‘മെത് ഹീമോ ഗ്ലോബിൻ ’ എന്ന ഉപയോഗ ശുന്യമായ പ്രോട്ടീനാക്കിമാറ്റാൻ പാരസെറ്റാമോളിന് കഴിവുണ്ടെന്നായിരുന്നു മെറിങ്ങിന്റെ കണ്ടെത്തൽ. ഇത്തരത്തിലുള്ള ഒരു മാർഗ്ഗം ഹീമോഗ്ലോബിന്റെ ഓക്‌സിജൻ വഹിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും കൂടിയ അളവിലായാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ പാരസെറ്റാമോൾ മരുന്നായി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം അഭിപ്രായപ്പെട്ടത്. എന്നാൽ ജോസഫ് മെറിങ് തന്റെ പരീക്ഷണത്തിന് ഉപയോഗിച്ച പാരസെറ്റാമോൾ സാമ്പിളിൽ കടന്നു കൂടിയ മറ്റ് രാസവസ്തുക്കളാണ് ഈ ഒറ്റ ഫലം നൽകിയത് എന്ന് കണ്ടെത്താൻ വീണ്ടും അറുപത് കൊല്ലങ്ങൾ ലോകത്തിന് കാത്തിരിക്കേണ്ടി വന്നു. അതുവരെ പാരസെറ്റാമോൾ ഉപയോഗ ശൂന്യമായ ഒരു രാസവസ്തു എന്ന നിലയിൽ അവഗണിക്കപ്പെട്ടു കിടന്നു.

പാരസെറ്റാമോളിന് പറ്റിയ ക്ഷീണം വളമായത് ഫിനാസെറ്റിൻ എന്ന മരുന്നിനാണ്. വിവിധ പഠനങ്ങളിലൂടെ തന്റെ കഴിവും സുരക്ഷയും തെളിയിച്ചത്. അംഗീകൃതമായ വേദന സംഹാരിയായി ഫിനാസെറ്റിൻ പെട്ടെന്ന് പ്രചാരം നേടി. ഫിനാസെറ്റിന്റെ പ്രീതി മുതലെടുത്ത് അത് നിർമ്മിക്കുന്ന കമ്പനിയായ ബയെർ അതിവേഗം വളർന്നു പന്തലിച്ചു ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ മരുന്ന് കമ്പനിയാകാനും ബെയറിനെ ഫിനാസെറ്റിൻ തുണച്ചു. 1899-ൽ രംഗത്തെത്തിയ മറ്റൊരു വേദനാസംഹാരിയായ ആസ്പിരിൻ ഫിനാസെറ്റിന്റെ അപ്രമാദിത്വത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും പിന്നീട് വന്ന ഏതാനും ദശകങ്ങൾ ഫിനാസെറ്റിന്റേതു തന്നെയായിരുന്നു. തലവേദനയ്ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന (Over the Counter) ഫിനാസെറ്റിൻ ആസ്പിരിൻ കോമ്പിനേഷനുകൾ വിപണി വാണു.

ജോസഫ് മെറിങ് പാരസെറ്റാമോളിനെക്കുറിച്ച് നടത്തിയ ഗവേഷണത്തെ അരനൂറ്റാണ്ടോളം ആരും ചോദ്യം ചെയ്തില്ല. എന്നാൽ 1947 ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ അസറ്റാനിലൈഡ്, ഫിനാസെറ്റിൻ എന്നീ അനിലീൻ മരുന്നുകളെല്ലാം തന്നെ മനുഷ്യ ശരീരത്തിൽ പാരസെറ്റാമോളായി രൂപം പ്രാപിക്കുന്നു എന്നും ഈ പാരസെറ്റാമോളാണ് മറ്റു രണ്ട് മരുന്നുരളുടേയും വേദന സംഹാരീ ഫലത്തിന് കാരണമെന്നും ഗവേഷകർ വാദിച്ചു. 1949 ൽ ഈ ദിശയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. രക്തത്തിലെ ഹീമോഗ്ലോബിനെ ‘മെത് ഹീമോഗ്ലോബിൻ’ ആക്കി മാറ്റുന്നതിന് പാരസെറ്റാമോൾ പങ്കുവഹിക്കുന്നില്ല എന്നും സംശയലേശമെന്യേ തെളിയിക്കപ്പെട്ടു. അരനൂറ്റാണ്ട് നീണ്ടുനാന്ന ഗ്രഹണം അതിജീവിച്ച പാരസെറ്റാമോളിന്റെ തിരിച്ചുവരവാണ് പിന്നീട് ഉണ്ടായത്.

ഈ ഗവേഷണ ഫലങ്ങളുടെ ബലത്തിൽ 1950 ൽ ആദ്യമായി പാരസെറ്റാമോൾ അമേരിക്കയിൽ മാർക്കറ്റ് ചെയ്യപ്പെട്ടു. എന്നാൽ ‘ട്രയാജെഡിക് ’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ മരുന്നിനേയും ദുർവിധി വിടാതെ പിൻതുടർന്നു. ഈ മരുന്ന് ഉപയോഗിച്ച മൂന്ന് പേർക്ക് രക്തത്തിലെ കോശങ്ങളുടെ എണ്ണം കുറയുന്ന മാരകമായ ‘അഗ്രാനുലോഡൈറ്റേസിന്’ (Agranulocytosis) ബാധിച്ചു എന്ന സംയശയത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗം ഈ മരുന്ന് വിപണിയിൽ നിന്ന് പിൻവലിക്കുകയാണുണ്ടായത്. വീണ്ടും രണ്ട് വർഷം നീണ്ട ഗവേഷണങ്ങളിൽ പാരസെറ്റാമോൾ അഗ്രാനുലോഡൈറ്റേസിന് കാരണമാകുന്നില്ല എന്ന് സംശയാതീതമായി തെളിയിക്കുകയും അഗ്നിശുദ്ധി വരുത്തി വീണ്ടും “പാൻഡോൾ” എന്ന പേരിൽ വിപണിയിൽ തിരിച്ചെത്തുകയും ചെയ്തു. കുട്ടികളിലും ഉദരരോഗമുള്ളവരിലും ആസ്പിരിനേക്കാൾ സുരക്ഷിതം എന്ന ഖ്യാതി പാരസെറ്റാമോളിന് തുണയായി. 1955ൽ കുട്ടികൾക്കുള്ള ആദ്യ പാരസെറ്റാമോൾ കുപ്പി മരുന്ന്. “ടൈലിനോൺ” എന്ന പേരിൽ പുറത്തിറങ്ങി. ഈ ബ്രാൻഡ് നാമം പിന്നീട് ലോകപ്രശസ്തമായി.

സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾ തുടക്കത്തിൽ പാരസെറ്റാമോളിന്റെ വിപണനത്തെ പിന്നോട്ടടിച്ചെങ്കിലും 1980 കളിൽ ആസ്പിരിനെപ്പോലും മറികടന്ന് ലോകത്തിലെങ്ങും ഏറ്റവുമധികം വിൽക്കപ്പെടുന്ന വേദനസംഹാരിയായി പാരസെറ്റാമോൾ സ്ഥാനമുറപ്പിച്ചു. ഇത് ഫിനാസെറ്റിന്റെ അന്ത്യം കുറിക്കുകയും ചെയ്തു. 1959 മുതൽ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ആവശ്യമില്ലാതെ പാരസെറ്റാമോൾ ലഭ്യമാണ്. കണ്ടുപിടിച്ച് ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞതിനാൽ പാരസെറ്റാമോളിന്റെ പേറ്റന്റ് കാലാവധികളൊക്കെ അവസാനിച്ചു. അതിനാൽ വിലകുറഞ്ഞ ജനറിക് മരുന്നായി ലോകമെമ്പാടുമുള്ള വിപണികളിൽ പാരസെറ്റാമോൾ സുലഭവുമാണ്. ഇന്നും ലോകത്ത് ഒന്നാം സ്ഥാനത്തുനിൽക്കുന്ന പനിമരുന്നും വേദനസംഹാരിയും പാരസെറ്റാമോൾ തന്നെ.

ആസ്പിരിൻ പോലെയുള്ള മറ്റ് വേദന സംഹാരികൾക്ക് സമാനമായ രീതിയിലാണ് പാരസെറ്റാമോളുകളും പ്രവർത്തിക്കുന്നത്. എന്നാൽ മറ്റ് വേദനസംഹാരികളിൽ നിന്നും വ്യത്യസ്തമായി വീക്കവും നീരും കുറയ്ക്കാനുള്ള ശേഷി പാരസെറ്റാമോളിന് വളരെ കുറവാണ്. വയറെരിച്ചിൽ, രക്തം കട്ടപിടിക്കുന്നതിലുള്ള വ്യതിയാനം രക്തത്തിലെ ph ന് ഉണ്ടാകുന്ന മാറ്റം എന്നീ പാർശ്വഫലങ്ങളും മറ്റ് വേദനസംഹാരികളെ അപേക്ഷിച്ച് പാരസെറ്റാമോളിന് കുറവാണ്. അതിൽ തന്നെ പനിമരുന്ന് വേദന സംഹാരി എന്നീ റോളുകളിലാണ് പാരസെറ്റാമോൾ ഉപയോഗിക്കപ്പെട്ടുവരുന്നത്. തലച്ചോറിലുള്ള കോക്‌സ് (cox) റിസ്പ്ടറിൽ നടത്തുന്ന ക്രിയകളാണ് പാരസെറ്റാമോൾ ഉദ്പാദിപ്പിക്കുന്ന ഫലങ്ങൾക്ക് കാരണം എന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഈ മരുന്നിന്റെ പ്രവർത്തനം ഏത് വിധമാണ് നടക്കുന്നത് എന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ഇന്നും പൂർണ്ണ പ്രാപ്തിയിൽ എത്തിയിട്ടില്ല.

സാധാരണ പ്രിസ്‌ക്രൈബ് ചെയ്യുന്ന ഡോസിൽ പാരസെറ്റാമോൾ വളരെ സുരക്ഷിതമാണ്. അപൂർവ്വമായി മനംമറിയൽ, തൊലിയിലെ ചുവന്ന പാടുകൾ എന്നിവയ്ക്ക് ഈ മരുന്ന് കാരണമാകാം. വർഷങ്ങളോളം തടർച്ചയായി അമിതമായ അളവിൽ പാരസെറ്റാമോൾ കഴിക്കുന്നവരുടെ വൃക്കകൾ തകരാറിലാകാൻ സാധ്യതയുണ്ടെന്നും ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പെടുന്നനെ അമിതമായ അളവിൽ അകത്തുചെന്നാൽ അത്ര നിരുപദ്രവകാരിയല്ല ഈ മരുന്ന്. കൗതുകം അടക്കാനാവാതെ ഗുളികകൾ / നിറമുള്ള കുപ്പി മരുന്നുകൾ എടുത്ത് ശാപ്പിടുന്ന കുട്ടികളാണ് മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങളുടെ ഇരകൾ. കുട്ടികളുടെ കരളിന് പാരസെറ്റാമോൾ പുറന്തള്ളാൻ കഴിവ് കുറവാണ് എന്നതും പ്രശ്‌നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു. വിപണിയിൽ സാധാരണ ലഭിക്കുന്ന പാരസെറ്റാമോൾ ഗുളിക (500 mg) ഒരു 30 എണ്ണം അകത്താക്കിയാൽ മുതിർന്നവർക്ക് വരെ മരണം സംഭവിക്കാം. സ്ഥിരം മദ്യപിക്കുന്നവരിൽ കുറഞ്ഞ അളവിൽപ്പോലും പാരസെറ്റാമോൾ അപകടകാരിയാകാം. മദ്യം പുറന്തള്ളുന്ന എൻസൈമായ CYP2E1 തന്നെയാണ് പാരസെറ്റാമോൾ വിഘടിപ്പിക്കുകയും ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം. എന്നാൽ അമിത അളവിൽ പാരസെറ്റാമോൾ അകത്താക്കിയാലും 16 മണിക്കൂറിനകം ചികിത്സ തുടങ്ങാനായാൽ രോഗിയെ രക്ഷപ്പെടുത്താനാകുന്ന മറുമരുന്നും നമുക്കിന്നുണ്ട്. എൻ അസറ്റിൽ എന്ന ഈ മരുന്ന് പാരസെറ്റാമോൾ വിഘടിച്ചുണ്ടാകുന്ന വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു.

ഇന്ത്യയും ബ്രിട്ടനുമടക്കം മിക്കരാജ്യങ്ങളിലും പാരസെറ്റാമോൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുന്ന് അമേരിക്ക, കാനഡ, ജപ്പാൻ, കൊളംബിയ, വെനീസ്വേലേ എന്നീ രാജ്യങ്ങളിൽ മാത്രം അറിയപ്പെടുന്നത് ‘അസറ്റോ മിനോഫെൻ’ എന്ന പേരിലാണ്. ഈ പേര് വ്യത്യാസം ഉണ്ടാക്കിയ തെറ്റിദ്ധാരണ മുതലെടുത്താണ് അമേരിക്കയിൽ നിരോധിച്ച മരുന്നാണ് പാരസെറ്റാമോൾ എന്ന വ്യാജ പ്രചരരണം കൊഴുക്കുന്നത്.

19-ാം നൂറ്റാണ്ടിൽ ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവൽ ഹാനിമാൻ എന്ന് നിലവിലുള്ള വൈദ്യശാസ്ത്രത്തെ അധിക്ഷേപിച്ച് വിളിച്ചൊരു കുറ്റപ്പേരാണ് ‘അലോപ്പതി’ എന്നത് ‘മറു ദുരിതം’ Other suffering എന്നർത്ഥം. ആയുർവ്വേദക്കാർ ഇന്നും നമ്മുടെ നാട്ടിൽ പഞ്ചകർമ്മം ചികിത്സയ്ക്കായി തുടരുന്ന വിരേചനം, രക്തമോക്ഷം തുടങ്ങിയവയ്ക്ക് സമാനമായ അസംബന്ധങ്ങൾ ആയിരുന്നു അന്നത്തെ യൂറോപ്യൻ ചികിത്സകരുടെ പ്രധാന ചികിത്സാ രീതികൾ എന്നിരിക്കെ അന്നീ കുറ്റപ്പേര് കുറേയൊക്കെ ന്യായീകരിക്കാവുന്നതും ആയിരുന്നു. എന്നാൽ അക്കാലത്ത് സ്വപ്നം കാണാൻ പോലും ആവാത്തവിധം സയൻസ് പുരോഗമിക്കുകയും അതിനനുസൃതമായി ആധുനിക വൈദ്യശാസ്ത്രം അടിമുടി മാറുകയും ചെയ്തിട്ടും ‘അലോപ്പതി’ എന്ന അധിക്ഷേപം നാം അറിഞ്ഞും അറിയാതെയും പ്രയോഗിക്കുന്നു.