പഞ്ഞമാസത്തിലെ കച്ചവട കള്ളച്ചരക്കുകൾ

കെ.ടി.നിശാന്ത്

കർക്കിടക മാസം മഴയുടേയും, പ്രളയത്തിന്റേയും, പ്രകൃതിക്ഷോഭങ്ങളുടേയും മാസം എന്നതിനേക്കാൾ ഉപരിയായി തട്ടിപ്പിന്റെ മാസം കൂടിയാവുകയാണ്. എല്ലാമാസവും പോലെ ഒരു മാസം മാത്രമാണ് കർക്കിടകമാസവും. വെയിലും, മഴയും, മഞ്ഞുമൊക്കെ കാലാവസ്ഥയിൽ പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ മാത്രമാണ്.. എന്നാൽ കർക്കിടക്കമാവും എറ്റവും വലിയ അന്ധവിശ്വാസ മാസവും..

കർക്കിടക മാസത്തിലെ ആധ്യാത്മിക തട്ടിപ്പാണ് രാമായണ മാസാചരണം, ഒപ്പം പ്രത്യേക പൂജാവിധിയുമൊക്കെ അതിന്റെ ഭാഗമാണ്.. ഇതിനോപ്പം മാർക്കറ്റ് ചെയ്യപ്പെടുന്ന മറ്റൊന്നാണ് കർക്കിടക ചികിൽസയും, കർക്കിടക കഞ്ഞിയും. ചികിൽസയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഒരു മാസം കണ്ടത്തേണ്ട ആവശ്യം ഒരു തരത്തിലും ഇല്ല.. കാരണം അസുഖത്തിനാണ് ചികിൽസ ആവശ്യമായി വരുന്നത്. ഇല്ലാത്ത അസുഖത്തിനു് മരുന്നു കഴിക്കുക എന്നത് കർക്കിടകത്തിലായാലും ശരി മറ്റു മാസങ്ങളിൽ ആയാലും ശരി ശുദ്ധ ഭോഷ്ക്കാണ്.

മരുന്നു് കഞ്ഞി എന്നു് പേരിട്ടു കൊണ്ട് ഇന്ന് വിൽപ്പന നടത്തുന്ന കഞ്ഞി ഒരു കാലത്തിന്റെ ദാരിദ്രത്തിന്റെ ഉത്പന്നമാണ്.. മഴയും, പ്രകൃതിക്ഷോഭവും, കെടുതികളുമായി മല്ലിട്ട് വിശപ്പടക്കാൻ പാടുപെട്ടിരുന്ന സാധാരണ മനുഷ്യർ, കർക്കിടക മാസത്തിൽ അരിയും പലവജ്ഞനങ്ങളും ലാഭിക്കാൻ പറമ്പിലെ ചെടികളും, സസ്യ ഇലകളും കൂടി ചേർത്ത് പാകം ചെയ്താണു് വിശപ്പടക്കിയിരുന്നത്.. കൂടെ കഴിക്കാൻ രുചികരങ്ങളായ കറികളൊക്കെ ഉണ്ടാക്കാൻ പാങ്ങ് ഇല്ലാതിരുന്ന സമയത്ത് ഉണ്ടാക്കിയിരുന്ന ഈ കഞ്ഞിക്ക് ഒരു മാന്യത കിട്ടാൻ പിൽക്കാലത്ത് ആളുകൾ തന്നെ ചാർത്തിക്കൊടുത്തതാണ് ഔഷധ കഞ്ഞി എന്ന സ്ഥാനം..

എല്ലാ പച്ചക്കറികളിലും അടങ്ങിയിരുന്ന പ്രോട്ടീനുകളും, ഊർജവും ഒക്കെ തന്നെയേ ഈ പറയുന്ന ചെടികളിൽ നിന്നു് ലഭിക്കുകയുള്ളൂ.. അതിന് ഔഷധ ഗുണം പ്രദാനം ചെയ്യാൻ കഴിയണമെങ്കിൽ അതിലെ പ്രോട്ടീനുകൾ വേർതിരിച്ച് ഔഷധസമാനമാക്കേണ്ടി വരും.. അതായത് ഈ കഞ്ഞി മനുഷ്യ ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ല.. ഇപ്പോ കുറച്ചു കൂടെ ചേരുവകൾ ചേർത്ത് കളർഫുൾ ആക്കിയാണു് കഞ്ഞി വിൽപ്പന എന്നു മാത്രം..

കർക്കിടക കഞ്ഞിയും, കിഴികളും, കർക്കിടക സുഖ ചികിൽകളും ഒക്കെ ഒന്നാം തരം മാർക്കറ്റിംഗ് തന്ത്രം ഉപയോഗിച്ച് വിറ്റഴിക്കപ്പെടുന്ന കള്ള ചരക്കുകൾ മാത്രമാണ്.. പച്ചിലകഞ്ഞിയും കുടിച്ച്, ഏതെങ്കിലും എണ്ണ എടുത്ത് ദേഹത്തുപുരട്ടി കുളിച്ചാല്ലോ.. കുടിച്ചാലോ.. ഒരു അസുഖവും ഭേദമാകാനോ പ്രതിരോധിക്കുവാനോ കഴിയുകയില്ല എന്ന സാമാന്യ ബുദ്ധിയാണ് തട്ടിപ്പിന് ഇരയാവുന്നവർക്ക് ആദ്യം വേണ്ടത്..