ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് രാത്രി

നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാ നൊരുങ്ങുകയാണ് ലോകം. കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം കാണാനാകും. ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന് മിനുട്ടും നീണ്ടു നിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം. സാധ്യമായ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തെക്കാൾ നാല് മിനിറ്റ് മാത്രം കുറവാണിത്.

ഇന്ത്യയിൽ 27ന് രാത്രി 11 മണിയോടെ ചന്ദ്രൻ ഭൂമിയുടെ ഭാഗിക നിഴൽ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അർദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന് പുലർച്ചെ 1 മണിയോടെ ചന്ദ്രൻ പൂർണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂർണ്ണ ഗ്രഹണം സംഭവിക്കും. പുലർച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രൻ ഭാഗിക നിഴൽ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തിൽ നിന്നും പൂർണ്ണമായും പുറത്ത് വരികയും ചെയ്യും

ഇത് ഈ നൂറ്റാണ്ടിലെ മാത്രമല്ല ഇതുവരെ ഭൂമിയിൽ നിന്ന് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെക്കാൾ വെറും 4 മിനിറ്റു മാത്രം കുറവ് സമയം മാത്രമേ ഇതിനുള്ളൂ. കൂടാതെ ഈ പൂർണ ചന്ദ്രനായിരിക്കും ഈ വർഷത്തെ ഏറ്റവും വലിപ്പം കുറഞ്ഞ ചന്ദ്രൻ. കാരണം ചന്ദ്രൻ ഭൂമിയിൽനിന്നു ഏറ്റവും അകലെ ആയിരിക്കും ആ സമയം.
ഇന്ത്യയിൽനിന്നും, ഗൾഫ് രാജ്യങ്ങളിൽനിന്നും ഈ ഗ്രഹണം പൂർണമായി കാണാവുന്നതാണ്. എന്നാൽ അമേരിക്കയിൽ ഗ്രഹണം ദൃശ്യമാവില്ല.

ഈ ഗ്രഹണ സമയത്തു ചന്ദ്രന് തൊട്ടടുത്തായി ചൊവ്വയെയും നമുക്ക് കാണാം. ചൊവ്വ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന മാസവും, വർഷവും ആണിത്. ഓരോ 2 വർഷം കൂടുമ്പോഴും ആണ് ചൊവ്വ ഭൂമിയുടെ അടുത്തായി വരുന്നത്. അതിൽത്തന്നെ ഭൂമിയുടെ ഏറ്റവും അടുത്തുവരുന്ന വർഷമാണ് 2018 .ചന്ദ്രഗ്രഹണം ഇന്ത്യയിൽനിന്നും, മിഡിലീസ്റ്റിൽ നിന്നും നഗ്നനേത്രംകൊണ്ട് കാണാവുന്നതാണ്.

ഹാനികരമായ യാതൊരു വിധ രശ്മികളും ചന്ദ്രനിൽ നിന്ന് ഗ്രഹണ സമയത്ത് പ്രഭവിക്കില്ല. അതു കൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണുന്നതിന് തടസ്സമില്ല. നൂറ്റാണ്ടിലെ , പതിനേഴാമത്തെ പൂർണ്ണ ഗ്രഹണമാണിത്.രണ്ടായിരത്തി പതിനെട്ടിലെ രണ്ടാമത്തേതും , ജനുവരിയിലായിരുന്നു ആദ്യ ഗ്രഹണം , അന്നത്തേതു പോലെ ഇന്നും ചന്ദ്രൻ ചുവന്ന നിറത്തിലാകുമെങ്കിലും അത്രയും വലിപ്പത്തിൽ ഇന്ന് ചന്ദ്രനെകാണാൻ കഴിയില്ല.