‘മീശ’ നോവലിന്‍റെ പ്രസിദ്ധീകരണവും പ്രചാരണവും വിതരണവും തടയണമെന്ന് ആവശ്യപെട്ട് ഹര്‍ജിയുമായി ഒരു ദേശസ്നേഹി സുപ്രീം കോടതിയില്‍

എസ് ഹരീഷിന്‍റെ വിവാദമായ നോവൽ ‘മീശ’ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹർജി. ഡൽഹി മലയാളി രാധാകൃഷ്ണൻ വരേണികൽ ആണ് സുപ്രീം കോടതിയെ സമീപിചിരിക്കുന്നത്. ‘അഭിമാനിയായ ഹിന്ദു’ എന്ന് വിശേഷിപ്പിച്ചാണ് അഭിഭാഷക ഉഷ നന്ദിനി മുഖേന ഇദ്ദേഹം ഹർജി ഫയൽ ചെയ്തിരിക്കുന്നത് .

സംസ്ഥാന സർക്കാറിന്‍റെ നടപടി ചാർളി ഹെബ്ദോയ്ക് സമാനം ആയ പ്രതിഷേധം ഇന്ത്യയിൽ ക്ഷണിച്ച് വരുത്തുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സൽമാൻ റുഷ്ദിയുടെയും തസ്ലീമ നസ്രീന്റെയും പുസ്തകങ്ങൾ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ചില രാഷ്ട്രീയകാർ മീശക്ക് അനുകൂലമായി നിന്നു. ഹിന്ദുക്കളുടെ വികാരം വ്രണപെട്ടിട്ടും സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് മൂന്നാം ലക്കത്തോടെ പിന്‍വലിച്ച എസ് ഹരീഷിന്‍റെ നോവല്‍ ‘മീശ’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഡിസിയുടെ പ്രധാന ബുക്ക്‌സ്റ്റോളുകളില്‍ പുസ്തകം എത്തിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപതിപ്പില്‍ രണ്ട് ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോഴാണ് സംഘപരിവാര്‍ സംഘടനകള്‍ നോവലിലെ ഒരു കഥാപാത്രത്തിന്‍റെ സംഭാഷണത്തിന്‍റെ പേരില്‍ വിവാദവും അക്രമവും ആരംഭിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഡിസി ബുക്‌സിന് നേരെയും ഭീഷണി ഉണ്ടായി. ഭീഷണിയെ തുടര്‍ന്ന് രവി ഡിസി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കി.

ഹരീഷിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ അശ്ലീലവും അസഭ്യവുമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നു. ഹരീഷിനെതിരെ വധഭീഷണി വരെ ഉണ്ടായി. ഇതില്‍ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഹരീഷിനും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയും മാതൃഭൂമിയ്ക്ക് നേരെ ആക്രമണങ്ങളും നടന്ന സാഹചര്യത്തില്‍ ഹരീഷ് ജൂണ്‍ 21 ന് നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയിരുന്നു.

മൂന്നാം ഭാഗം വന്നതിന് ശേഷമായിരുന്നു നോവല്‍ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുമുള്‍പ്പടെയുളളവര്‍ ഹരീഷിന് പിന്തുണയുമായി എത്തി. മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913