‘മീശ’യുടെ കവറിലെ കുറുവടി ഒരു രാഷ്ട്രീയ നിലപാട് കവര്‍ ഡിസൈന്‍ ചെയ്ത സൈനുല്‍ ആബിദ്

സംഘപരിവാർ സംഘടനകൾ വിവാദമാക്കിയ എസ് ഹരീഷിന്റെ മീശ നോവലിന്റെ കവറിലെ കുറുവടി യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും അതൊരു രാഷ്ട്രീയ നിലപാടാണെന്നും കവര്‍ ഡിസൈന്‍ ചെയ്ത പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദ്. നോവലിനെക്കുറിച്ച് ഏകദേശ രൂപം പറഞ്ഞുതരികയും വായിക്കാന്‍ തരുകയും ചെയ്തിരുന്നു. കൂടാതെ മീശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്നും സൈനുല്‍ ആബിദ് പറഞ്ഞു.

ആദ്യം മനസില്‍ തോന്നിയത് തന്നെ ഡിസൈന്‍ ചെയ്യുകയും അത് തന്നെ നോവലിന്റെ കവറെന്ന് ഉറപ്പിക്കുകയും ആയിരുന്നു.സംഘപരിവാര്‍ ഇതിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കണ്ടിരുന്നു. അത് ശ്രദ്ധിച്ചിരുന്നത് കൊണ്ടുതന്നെ ഈ കവര്‍ ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.ഇപ്പോഴുളള വിഷയങ്ങള്‍ ഉണ്ടായിരുന്നില്ലേല്‍ ഈ രീതിയില്‍ ആയിരിക്കില്ല കവര്‍ ചിത്രീകരിക്കുന്നത്.

വളരെ രഹസ്യാത്മകമായിട്ടായിരുന്നു ഇത് സംബന്ധിച്ച കാര്യങ്ങള്‍. ഹരീഷുമായി ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഒരുപക്ഷേ ഹരീഷ് പോലും ഇപ്പോഴായിരിക്കും കവര്‍ കണ്ടുകാണുകയെന്നും സൈനുല്‍ ആബിദ് വ്യക്തമാക്കി. ഡിസി ബുക്‌സാണ് നോവല്‍ പുറത്തിറക്കിയത്. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡിസി ബുക്‌സ് അറിയിച്ചിരുന്നു.

വര്‍ഗീയവാദികളുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന മീശ എന്ന നോവല്‍ എസ്.ഹരീഷ് പിന്‍വലിച്ചത്. നോവലിന്റെ രണ്ടാം അധ്യായം പുറത്തുവന്നതിന് ശേഷമാണ് ഭീഷണികളും വ്യാജപ്രചാരണങ്ങളും ഉയര്‍ന്നത്.ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഭോഗാസക്തകള്‍ എന്ന തലക്കെട്ടിട്ടാണ് നോവലിനെ ദുര്‍വ്യാഖ്യാനിച്ച് സംഘപരിവാര്‍ പ്രചരിപ്പിച്ച ത്.

ഇതിനെ തുടര്‍ന്ന് എഴുത്തുകാരനും കുടുംബത്തിനും നിരവധി ഭീഷണി ഉയർന്നിരുന്നു.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.ഇപ്പോഴും സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധ പരിപാടികളും പലയിടങ്ങളില്‍ അരങ്ങേറുന്നുണ്ട്.കൂടാതെ ഇന്ന് മീശ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു നൽകിയ ഹർജിയിൽ വാദം കേൾക്കുന്നുണ്ട്.

സംഘ്പരിവാറിനെതിരെ കടുത്ത പ്രതിഷേധമാണ് കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക ലോകത്തുനിന്നും ഉണ്ടാകുന്നത്.എഴുത്തുകാരന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി രാഷ്ട്രീയക്കാരും സാഹിത്യകാരും രംഗത്ത് വന്നിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും സര്‍ക്കാരും ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരള സമൂഹം ഇതിന് പാകമാകുമ്പോള്‍ മാത്രമേ നോവല്‍ പ്രസിദ്ധീകരിക്കു എന്നും ഉടനുണ്ടാകില്ലെന്നും ആയിരുന്നു ഹരീഷ് നേരത്തെ പറഞ്ഞിരുന്നത്.

എഴുത്തുകാരനും നോവലിനും വ്യാപകമായ പിന്തുണ കേരളീയ സമൂഹത്തില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നാണ് നോവല്‍ പ്രസിദ്ധീകരിക്കാനുളള തീരുമാനം പെട്ടന്ന് ഉണ്ടായത്. ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. ഹരീഷിന്റെ മീശ എന്ന നോവലില്‍ ഹിന്ദുസ്ത്രീകള്‍ക്കെതിരായ പരാമര്‍ശം ഉണ്ടെന്നാരോപിച്ചായിരുന്നു വധഭീഷണി.

ഹിന്ദുത്വവാദികളൂടെ എതിർപ്പിനെ തുടർന്ന് മനോരമയിലും എസ്.ഹരീഷിന് വിലക്ക് ഏർപ്പെടുത്തിയതായി ആരോപണമുയരുന്നുണ്ട്..എസ്.ഹരീഷുമായി നിശ്ചയിച്ചിറപ്പിച്ചിരുന്ന അഭിമുഖം അവസാന നിമിഷം മനോരമ ടി.വി റദ്ദാക്കി.

വിവാദത്തെ തുടര്‍ന്ന് ഹിന്ദുവായനക്കാരിയില്‍ ഒരു വലിയ ശതമാനം മാതൃഭൂമി നിര്‍ത്തി മനോരമയുടെ വരിക്കാരാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും ചാനലില്‍ എസ്.ഹരീഷുമായി അഭിമുഖം വന്നാല്‍ ആ വായനക്കാര്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നാണ് മനേജ്മെന്റിന്റെ നിലപാടെന്നറിയുന്നു. മാതൃഭൂമിയില്‍ ‘മീശ’പ്രസിദ്ധീരിക്കുന്നതിന്റെ മാനേജ്മെന്റിന്റെ ഒരു വിഭാഗം എതിര്‍ത്തിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

പുസ്തകപ്രസാധനത്തെ തുടര്‍ന്നാണ് മനോരമ ടി.വിയുമായുള്ള പ്രത്യേക അഭിമുഖത്തിന് എസ്.ഹരീഷ് തയ്യാറായത്. അതാണ് ഏകപക്ഷീയമായി മനോരമയുടെ ഭാഗത്ത് നിന്ന് റദ്ദാക്കപ്പെട്ടത്.‘മീശ’ പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913