ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും: ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ മലയാളത്തില്‍

വിവാദമായ മീശ എന്ന നോവലിന്റെ പിന്നാലെ ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന നികോസ് കസന്ത് സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന പുസ്തകം ഡി.സി. ബുക്‌സ് പുറത്തിറക്കുന്നു. രണ്ടുദിവസത്തിനുള്ളില്‍ ഡി.സി ബുക്‌സിന്റെ വില്‍പ്പന കേന്ദ്രങ്ങളില്‍ പുസ്തകം എത്തും.കത്തോലിക്കാസഭ ഈ പുസ്തകത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ഈ പുസ്തകം വീണ്ടും മലയാളത്തില്‍ ഇറങ്ങുമ്പോള്‍ ക്രൈസ്തവ സഭകളുടെ നിലപാട് എന്തായിരിക്കുമെന്നത് ആകാംക്ഷയോട് കാത്തിരിക്കുകയാണ് സാഹിത്യലോകം.

കസന്ത് സാക്കീസിന്റെ വിശ്വപ്രസിദ്ധമായ പുസ്തകമാണ് ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്. ഇതിന്റെ മലയാള പരിഭാഷയാണ് ഡി.സി. ബുക്‌സ് പുറത്തിറക്കുന്നത്. ലോകമെമ്പാടും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളില്‍പ്പെടുകയും ചെയ്ത പുസ്തകമാണിത്. ദൈവനിന്ദ ആരോപിച്ച് 1960ല്‍ ഈ പുസ്തകം റോമില്‍ കത്തോലിക്ക സഭ നിരോധിച്ചിരുന്നു. 1955ലാണ് ഈ പുസ്തകം ആദ്യമായി ഗ്രീക്ക് ഭാഷയില്‍ പുറത്തിറങ്ങുന്നത്.

ഈ പുസ്തകത്തെ അധികരിച്ചാണ് പി.എം. ആന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം 1986 ല്‍ അവതരിപ്പിച്ചത്.ആലപ്പുഴ സൂര്യകാന്തി തിയേറ്ററിന്റെ ബാനറില്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം ക്രൈസ്തവ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്ട് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ആദ്യമായി സജീവ ചര്‍ച്ചയായത് ഇക്കാലത്തായിരുന്നു.

ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്ന ക്രിസ്തുവിനെയാണ് കസാന്ത് സാക്കീസ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. വിവാഹം കഴിച്ച് കുട്ടികളുമായി സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന യേശു ഒരു നാള്‍ ക്രൂശിക്കപ്പെട്ട യേശുവിനെക്കുറിച്ചുള്ള ഒരു പ്രഭാഷണം കേള്‍ക്കാന്‍ ഇടയാകുന്നു. തുടര്‍ന്നുള്ള ആത്മസംഘര്‍ഷങ്ങളുടെയും പ്രലോഭനങ്ങളുടെയും തീക്ഷ്ണമായ അവതരണമാണ് ഈ നോവലിന്റെ പ്രതിപാദ്യ വിഷയം. ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകം വിവാദമായ കാലത്ത് കസന്ത് സാക്കീസിന്റെ ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622