സോഷ്യല്‍ മീഡിയയുടെ ഉത്തരം താങ്ങുന്ന നാസ്തിക – ആസ്തിക അരാഷ്ട്രീയ പല്ലികളുടെ രാഷ്ട്രീയം

വിനീത് സുകുമാരൻ

ലോകം മുഴുവന്‍ പലതിന്റെയും പേരില്‍ ഒരു തരം ധ്രുവീകരണത്തിന് വിധേയമാകുന്ന ഈ കാലത്ത് അരാഷ്ട്രീയതയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യതയായി മാറുന്നു. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സമൂഹത്തിന്റെ സമസ്ത മേഖലയെയും നന്മകളില്‍ അധിഷ്ഠിതമല്ലാത്ത മാറ്റത്തിനു വിധേയമാക്കി കൊണ്ടിരിക്കുന്നു. വേര്‍തിരിവുകള്‍ നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുമെന്ന പ്രതീക്ഷ നല്‍കിയവര്‍ ഇന്നു മൗനത്തിന്റെ വല്‍മീകത്തിനുള്ളിലേക്ക് ഉള്‍വലിഞ്ഞു.

വേര്‍തിരിവുകള്‍ പഴയതില്‍ നിന്നും ഒരുപാട് മാറി, അതു സാമൂഹത്തിന്റെ സ്വസ്ഥതയെ തന്നെ കീഴ്മേല്‍ മറിച്ചു കളഞ്ഞു എന്നതാണ് വാസ്തവം. സര്‍ക്കാരുകളുടെ സാമൂഹ്യമായ ഉത്തരവാദിത്വത്തില്‍ നിന്നും തീര്‍ത്തും പിന്‍‌വാങ്ങി, വ്യാപാരത്തിനും വ്യവസായത്തിനും പ്രാധാന്യം നല്‍കി സാമ്പത്തിക നേട്ടമുള്ള പ്രക്രിയകള്‍ക്കു മാത്രം ഊന്നല്‍ നല്‍കിക്കൊണ്ടിരിക്കുന്ന ബജറ്റുകള്‍ ലോകത്തെമ്പാടുമുള്ള ഭരണകര്‍ത്താക്കള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും, അതിന്റെ ഗുണഭോക്താക്കള്‍ സമൂഹത്തിലെ ന്യൂനപക്ഷങ്ങള്‍ (മത ന്യൂനപക്ഷങ്ങള്‍ എന്നര്‍ത്ഥമില്ല) മാത്രമാവുകയും, ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ അബദ്ധജടിലങ്ങളായ വാഗ്ദാനങ്ങളിലും സ്വപനങ്ങളിലും മാത്രം ഒതുക്കപ്പെടുകയും ചെയ്യുന്നു.

സാ‍മ്പത്തികമായ അന്തരമാണ് സമൂഹത്തിന്റെ മുന്നൊട്ടുള്ള പ്രയാണത്തിന് കൂച്ച് വിലങ്ങാ‍വുന്നതെന്ന യാഥാര്‍ത്യം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ മറ്റു പല കാര്യങ്ങളിലേയ്ക്കും പൊതു സമൂഹത്തിന്റെ ശ്രദ്ധയെ മാറ്റി പ്രതിഷ്ഠിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും ഭരണകര്‍ത്താക്കളും വിജയിച്ചു പോന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രാധമികമായ ആവശ്യങ്ങളില്‍ നിന്നു പോലും ഒരു വലിയ വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്നത് ഒരു യാഥാര്‍ത്യമായിരിക്കെ, രാഷ്ട്രീയമായ അവരുടെ ഇച്ഛാശക്തിയെ ഇല്ലായ്മ ചെയ്യുന്ന ഒരു പുതിയ രീതി പരീക്ഷിക്കുകയാണ് ആഗോള മൂലധനത്തിന്റെ അസുര വിത്തുകള്‍.അത് വിശ്വാസികളുടെ സംഘടനകളിലൂടെ ആയാലുംനാസ്തികരുടെ സംഘടനകളിലൂടെ ആയാലും അവരത് ഭംഗിയായി നിർവഹിക്കുന്നുണ്ട്.

ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ആഗോളമൂലധന ശകതികളുടെ കയ്യിലെ പാവയെ പോലെ പെരുമാറുകയും ലോകത്തെമ്പാടുമുള്ള കോടാനു കോടി ജനതയുടെ പ്രതീക്ഷകള്‍ അപ്പാടെ തകിടം മറിയുകയും ചെയ്യുമ്പോഴും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ദയനീയമായ രാഷ്ട്രീയ പതനവും തിരിച്ചു വരവും ഇല്ലായ്മയുടെ എരിതീയില്‍ നിന്നുയിര്‍ത്തു വന്നതാണെന്ന സത്യം, അവരുടെ കഴിഞ്ഞകാല കെടുതികളും കെടുകാര്യസ്ഥകളും വീക്ഷിക്കുന്നവര്‍ക്കു മനസ്സിലാകും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചു കൊണ്ട്, സര്‍ക്കാര്‍ അധീനതയിലുള്ള (ജന സേവനത്തിന് മാത്രമുള്ള ഉപാധി) സ്ഥാപനങ്ങളും സ്വത്തുകളും പലതരത്തിലുള്ള ഇടപെടലിലൂടെ സ്വകാര്യ മൂലധനത്തിനു അടിയറവെച്ചപ്പോള്‍ അതു സ്വന്തം ജനതയുടെ ജീവനും സ്വത്തിനും നേരെയുള്ള കടന്നു കയറ്റമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിപ്പോയിരുന്നു. ധനാസാക്തിയില്‍ നെട്ടോട്ടമോടാത്ത രാജ്യങ്ങളില്‍ വംശീയതയുടെയും വര്‍ഗ്ഗീയതയുടെയും വിത്തു പാകിക്കൊണ്ട് അസ്ഥിരമാകുന്ന സാമൂഹ്യാന്തരീക്ഷത്തിലൂടെ അധിനിവേശം നടത്തുന്ന പല “ദുര്‍മുഖങ്ങളും“ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ നമുക്ക് സമ്മാനിച്ചു കഴിഞ്ഞു.

ഇവിടെയാണ് അരാഷ്ട്രീയതയുടെ രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഇന്ത്യയെപ്പോലെ പോലെ വിഭിന്നങ്ങളായ മത ജാതി സമ്പ്രദായങ്ങളെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഒരു സംസ്കാരം ലോകത്തില്‍ തന്നെ ഒരു അത്ഭുതമായി നിലകൊള്ളുന്നു. നാനാത്വത്തില്‍ ഏകത്ത്വം എന്ന സങ്കല്പം പൌരാണിക കാലഘട്ടം മുതല്‍ക്കു തന്നെ നില നിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ, ആ വൈജാത്യങ്ങളുടെ ഏകത്വത്തെ, മതത്തിന്റെയും ജാതിയുടെയും പേരില്‍ വെട്ടിമുറിച്ച്, ഒരു രാഷ്ട്രത്തിന്റെ പൈതൃകത്തെ പോലും ചോദ്യം ചെയ്യാനുള്ള ശ്രമം നടക്കുകയുണ്ടായി, നടന്നു കൊണ്ടിരിക്കുന്നു. മതം വിഭിന്നങ്ങളായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലും, ജാതി വിഭിന്നങ്ങളായ തൊഴില്‍ സമ്പ്രദായങ്ങളുടെ പേരിലും ഉള്ള വിഭജനം ആയിരുന്നെങ്കിലും, അതു സമൂഹത്തില്‍ സൃഷ്ടിച്ചത് വ്യക്തമായ അതിര്‍ വരമ്പുകള്‍ തന്നെയായിരുന്നു. മാനവ പുരോഗതിക്കനുസരിച്ച്, ചിന്തയിലും, ഉള്‍ക്കരുത്തിലും മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയപ്പോള്‍ സാമൂഹ്രപരിഷ്കരണ ശ്രമങ്ങളും ശക്തമായിക്കൊണ്ടിരുന്നു.

കേരളത്തിലും ഭാരതത്തിലങ്ങോളമിങ്ങോളവും സാമൂഹ്യപരിഷ്കരണത്തിന്റെ കാറ്റ് വീശിയെങ്കിലും , കേരളം ഒഴിച്ച് മറ്റൊരിടത്തും അത് അത്രകണ്ട് വിജയം കണ്ടില്ല എന്നതായിരുന്നു അതിന്റെ മറ്റൊരു വശം.സാമൂഹ്യപരിഷ്കരണത്തിന്റെ ചുവടു പിടിച്ച് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതോടെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം സമൂലമായ മാറ്റത്തിന് വിധേയമാവുകയായിരുന്നു.

അരാഷ്ട്രീയ വാദത്തിന് കൂടുതല്‍ വേരു കിട്ടി തുടങ്ങിയത് വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയിലാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പോലും, അപക്വമായ കുഞ്ഞു മനസ്സുകളില്‍ അരാഷ്ട്രീയതയുടെ വിത്തു വിതയ്ക്കാന്‍ ഗൂഡമായ ശ്രമം നടന്നു എന്നു വേണം കരുതാന്‍. വളരുന്ന തലമുറയെ സമൂഹത്തിന്റെ ഭാഗമാക്കാതെ, എല്ലാത്തില്‍ നിന്നും വിഭിന്നമായ ഒരു ജീവിത ആസക്തിയിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്. രാഷ്ട്രീയമെന്നാല്‍, കക്ഷികള്‍ക്കിടയിലെ മത്സരമാണെന്നും, രാഷ്ട്രീയക്കാര്‍ മുഴുക്കെ വിശ്വസിക്കാന്‍ കൊള്ളരുതാത്തവരാണെന്നുമുള്ള വിഷമുള്ള ചര്‍ച്ചകള്‍ സമൂഹത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതായിരുന്നു അവരുടെ വിജയം. അവരെ ശക്തമായി ചെറുക്കാന്‍ ഇടതിന്റെയും വലതിന്റെയും രാഷ്ട്രീയ പ്രബുദ്ധതയ്ക്കു കഴിഞ്ഞില്ല എന്നത് ചരിത്രവിദ്യാര്‍ത്ഥികള്‍ പഠനവിഷയമാക്കേണ്ടതുണ്ട്.

വലതുപക്ഷത്തിന് പൊതുവെ രാഷ്ട്രീയത്തെക്കാള്‍ പ്രധാനം എന്നും സ്വാര്‍ത്ഥമായ ചില ഒളിച്ചുകളികള്‍ ആണെന്നത് കാലം തന്നെ തെളിയിച്ചതാണല്ലൊ. പക്ഷെ ഇടത്തിന്റെത്, ആദര്‍ശ ശുദ്ധിയുടെയും, പൊതുജനസേവനത്തിന്റെയും, സ്വാര്‍ത്ഥതയില്ലാത്ത കാഴ്ചപ്പാടുമായിരുന്നു എന്ന പൊതുജന വിശ്വാസത്തിനു കോട്ടം തട്ടി തുടങ്ങിയത് ഈ അടുത്തകാലത്തായിരുന്നു. സ്വജനപക്ഷപാതവും, ധനാസക്തിയും അവരിലുള്ള പലരെയും വെറുമൊരു ശരാശരി മനുഷ്യന്റെ നിലവാരത്തിലേക്കെത്തിച്ചുവെന്നത് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്ന കഥകള്‍ എന്നതിനും അപ്പുറത്തേക്ക് എത്തിയോ എന്നത് അവര്‍ തന്നെ പരിശോധിക്കേണ്ടതുണ്ട്. അവര്‍ അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ജീവിത രീതികള്‍ തൊട്ട്, വെറും ഒരു വ്യക്തി എന്ന നിലയിലേക്കുള്ള അവരുടെ പതനം വരെ സുതാര്യമായ, ആഴത്തിലുള്ള സ്വയം വിമര്‍ശനത്തിന് വിധേയമാക്കേണ്ടത്, പൊതുസമൂഹം അവരോട് ആവശ്യപ്പെടുന്ന കടമായാണ്.

ഈ ഇടവേളയിലേക്കാണ് അരാഷ്ട്രീയ വാദത്തിന്റെ വരട്ടു സങ്കല്പങ്ങളുമായി പലരും കയറി വന്നത്. ആര്‍ എസ് എസ്സും , എന്‍ ഡി എഫും പോലുള്ള തീവ്ര മത നിലപാട് സ്വീകരിക്കുന്ന (മതവും അതുള്‍ക്കൊള്ളുന്ന സമൂഹവും അത്തരം നിലപാടുകള്‍ അവരോട് ആവശ്യപ്പെടുന്നില്ല എന്നത് മറ്റൊരു വശം) അവരുടെ ആശയങ്ങള്‍ ഭദ്രമായി വച്ചു കൊണ്ട് ഒരു നിശബ്ദമായ ആശയപ്രചരണരീതി ഇക്കാലമത്രയും പരീക്ഷിക്കുകയായിരുന്നു. അതിനിടയ്ക്ക് ആള്‍ ദൈവങ്ങള്‍ പലരൂപത്തിലും ഭാവത്തിലും അവതരിച്ചു. അവര്‍ക്ക് നിശബ്ദമായ പിന്തുണയും, പ്രോത്സാഹനവും നല്‍കി സമൂഹത്തെ മാനുഷികമൂല്യങ്ങളില്‍ ഊന്നിയ ചിന്താശീലങ്ങളില്‍ നിന്നും മാറി, സ്വസ്ഥമായ ജീവിതത്തിനുള്ള എളുപ്പ വഴികള്‍ നിര്‍ദ്ദേശിച്ചും ഒരു വലിയ ജനവിഭാഗത്തെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തിക്കൊണ്ടെയിരുന്നു.

സമൂഹത്തോടിഴുകി ചേരാതെയുള്ള ഒരു പരിഹാരവും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുതകില്ലെന്ന് തലയ്ക്കകത്ത് ആളനക്കമുണ്ടായിരുന്നവര്‍ (ഇതില്‍ മഹര്‍ഷിമാരും, തത്വഞാനികളും, രാഷ്ട്രതന്ത്രഞ്ജരും ഉള്‍പ്പെടും) കുറിച്ച് വച്ചിട്ടുള്ളതൊന്നും ഇവര്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയമായ ഒന്നിനു നിലനില്‍പ്പില്ലെന്നും (രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചതെല്ലാം എന്ന അര്‍ത്ഥം പോലും വിസ്മരിക്കപ്പെട്ടു) ആദ്ധ്യാത്മികമായ വിഷയങ്ങളിലൂന്നിയ ചര്യയിലൂടെ മാത്രമെ സംശുദ്ധമായ ജീവിതം കെട്ടിപ്പടുക്കാന്‍ പറ്റൂ എന്നു പറയുകയും അതിനായ് യാഥാര്‍ത്ഥ്യവുമായ് ഒരു ബന്ധവും ഇല്ലാത്ത കുറെ ചെപ്പടി വിദ്യകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അതില്‍ വീണു പോകുന്നത് സാധാരണക്കാര്‍ മുതല്‍, അറിവും വിവേകവുമുള്ളവരും പെടും എന്നത് ഇതിന്റെ ഭീകരത വെളിവാക്കുന്നു.

ആദ്ധ്യാതിമികതയിലൂന്നിയ ജീവിതം നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ, ഒരു വ്യക്തിയുടെ സാമൂഹ്യമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒരൊളിച്ചോട്ടത്തിനു അവരെ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ഇന്നത്തെ “ആദ്ധ്യാത്മിക വ്യാപാരം“ മാറിയിരിക്കുന്നു. അര്‍ത്ഥശങ്കയ്കിടമില്ലാത്ത തരത്തില്‍ ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട് താനും. ഒരു വ്യക്തി എന്ന നിലയ്കുള്ള തന്റെ കടമകളില്‍ നിന്നും, ഒരു പൌരന്‍ എന്ന ഉത്തരവാദിത്വത്തില്‍ നിന്നും, അതിനെല്ലാമുപരി സ്വന്തം ജീവിതത്തില്‍ നിന്നും പോലും ഒളിച്ചോടുന്നവനായി മാറ്റുന്നതാണൊ മതങ്ങളും പുരാണങ്ങളും പറഞ്ഞു തന്ന വഴികള്‍ എന്ന് മനുഷ്യ ദൈവങ്ങളും, അവരുടെ കൂട്ടു നടപ്പുകാരും, ഒപ്പം സ്വച്ചജീവിതത്തിന് “കുപ്പി മരുന്ന്” നല്‍കുന്ന അവതാരങ്ങളും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉയര്‍ന്ന ജീവിത സാഹചര്യമുള്ളവര്‍ക്ക് പൊതുവെ ഇത്തരം “കുപ്പി മരുന്നുകള്‍” കാര്യമായ ദൂഷ്യഫലമൊന്നും ചെയ്യാതിരിക്കുകയും, അതിനെതിരായുള്ള വാദങ്ങളെ ബാലിശമാണെന്ന് അവര്‍ തള്ളിക്കളയുമെങ്കിലും, സാധാരണക്കാരില്‍ സാധാരണക്കാരായവരില്‍ ഇത്തരം “കണ്ണടച്ചിരുട്ടാക്കുന്ന വിദ്യകള്‍“ സൃഷ്ടിക്കുന്ന പ്രകമ്പനം ഭീകരം തന്നെയാണ്. ഒളിച്ചോട്ടത്തിനുള്ള എളുപ്പവഴിയായി, “വന്‍ ചിന്തകളെയും” മഹാന്‍‌മാരുടെ വചനങ്ങളെയും ആവശ്യത്തിനും അനാവശ്യത്തിനും എടുത്തുപയോഗിക്കുന്നത് മാറിയ ലോകത്തിന്റെ “ഹോബി”യായി മാറിയിരിക്കുന്നു. ജീവിത പ്രതിസന്ധികളെ നേരിടാന്‍ ഒറ്റമൂലികളൊന്നുമില്ലെന്ന് തിരിച്ചറിയുമ്പോഴേക്കും കാലമേറെ വൈകിയെന്ന ചിന്ത, മനോരോഗത്തിലേക്കും, ചിത്തഭ്രമത്തിലേക്കും ആളുകളെ കൊണ്ടു ചെന്നെത്തിക്കുന്നു.

അരാഷ്ട്രീയവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍, പുരോഗമനചിന്തയുടെ ആള്‍‌രൂപങ്ങളെന്ന് അവകാശപ്പെടുന്നവരും, മാധ്യമ വിശാരദന്മാരും നാസ്തിക ആസ്തിക ആൾദൈവങ്ങളുമെല്ലാം ഒരേതൂവല്‍ പക്ഷികളാവുമ്പോള്‍, ശരിയേത് തെറ്റേതെന്നറിയാതെ പൊതു ജനം വല്ലാത്തൊരു പ്രതിസന്ധിയിലാവുന്നു. സത്യത്തിന്റെ നെടുംതൂണാവേണ്ട പത്രങ്ങളിലൂടെ “സിണ്ടിക്കേറ്റ്” പ്രവര്‍ത്തനം സംഘടിപ്പിക്കുകയും, വാര്‍ത്തകള്‍ക്ക് ഇല്ലാത്ത നിറങ്ങളും ഭാവങ്ങളും പകരാന്‍ മത്സരിക്കുന്നതിനിടയില്‍ ചോര്‍ന്ന് പോവുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത തന്നെയാണെന്ന് തിരിച്ചറിയപ്പെടാതിരിക്കുകയും, ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ച് “എക്സ്ക്ലൂസീവ്” ന്റെ പുറകെ മാത്രം പോകുകയും ചെയ്താല്‍ വരും കാലം ജനാധിപത്യത്തിന്റെ ശവപ്പറമ്പാവുമെന്നുറപ്പ്.

കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ പടിയ്ക്കു പുറത്താക്കിയവര്‍, അവര്‍ക്കു മുന്നില്‍ ഉപേക്ഷിച്ചു പോയത് ഗൌരവമില്ലാത്ത ജീവിതം ശീലിപ്പിക്കുന്ന അരാഷ്ട്രീയതയുടെ വിഷവിത്തുകളായിരുന്നു. “മോഡേണ്‍” എന്നു പേരിട്ട് വിളിച്ചു കൊണ്ട്, നമ്മുടെതല്ലാത്ത പലതിനെയും വിപണി ലാക്കാക്കി കൊണ്ടുള്ള “മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി” യുടെ പരീക്ഷണശാലയാക്കുകയായിരുന്നു ലക്ഷ്യം. അതിനെ മനോഹരമായ വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് പൊലിപ്പിച്ചെടുക്കാന്‍, ജനസമ്പര്‍ക്കം ഒട്ടുമില്ലാതെ, മാര്‍ക്കറ്റ് വാല്യൂവിലും, തിണ്ണമിടുക്കിലും മാത്രം ശ്രദ്ധയൂന്നിയ മാധ്യമ ഭീകരന്മാര്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു.

കലാലയങ്ങളിലെ രാഷ്ട്രീയം ആര്‍ക്ക് എന്തൊക്കെയാണ് നഷ്ടപ്പെടുത്തിയതെന്നു ചോദിച്ചാല്‍, കുറെ രാഷ്ട്രീയ സംഘട്ടനങ്ങളുടെയും സമരങ്ങളുടെയും കണക്കാവും നിരത്തുക. പക്ഷെ ഇതു വളരെ നിലവാരം കുറഞ്ഞ വിലയിരുത്തലാണ്. കാരണം ശക്തമായ സംഘബോധത്തിലൂടെ വളരുന്ന ഒരു തലമുറയ്ക്ക് സമൂഹത്തോടും, സഹജീവികളോടും പ്രകൃതിയോടുമുള്ള അനുഭാവം സമാനതകളില്ലാത്തതാണ്. സംഘബോധം പലരും പ്രചരിപ്പിക്കുന്നത് പോലെ പലതും പിടിച്ചടക്കാനോ കാര്യം നേടാനോ ഉള്ള ഒരു ആധുനിക പ്രക്രിയയല്ല. അന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നു സ്വന്തം ജീവന്റെ നിലനില്പിനു വേണ്ടിയുള്ള കൂട്ടായ്മയിലൂടെ പ്രാചീന മനുഷ്യന്റെ അസ്തിത്വത്തില്‍ നിന്നും ഉല്‍ഭവിച്ച ചിന്തയാണത്. അതുകൊണ്ടാണ് ചരിത്രത്തില്‍ ഇന്നേവരെ രൂപപ്പെട്ട എല്ലാ കൂട്ടായ്മകളും ഒരു തരം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്ന് മാര്‍ക്സ് പറഞ്ഞു വച്ചതും.

ജനാധിപത്യത്തിലൂന്നിയ ശക്തമായ രാഷ്ട്രീയബോധം വരും തലമുറകളില്‍ വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ സംസ്കാരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാവുന്നു. ഉയര്‍ന്ന മൂല്യബോധവും, സഹജീവികളോട് കരുണയുമുള്ള ഒരു തലമുറയെ സംഭാവന ചെയ്യാന്‍ അരാഷ്ട്രീയതയുടെ രാഷ്ട്രീയത്തിനു കഴിയില്ല. മനുഷ്യനെ വികാരങ്ങളില്ലാത്ത ഉല്‍‌പന്നങ്ങളാക്കുകയും, സ്വപ്നത്തിന്റെ കുമിളകള്‍ക്കുമേല്‍ അടയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വെറും ഭ്രമാത്മകമായ ഒരു നാളെയെക്കുറിച്ചു മാത്രമെ അവര്‍ക്കു നമ്മോട് സംസാരിക്കാന്‍ കഴിയൂ. അബദ്ധജടിലങ്ങളായ നിലപാടുകാര്‍ക്കും, മതതീവ്രവാദത്തിന്റെ ഉപാസകര്‍ക്കും, സമൂഹത്തെ വെറും കൊടുക്കല്‍ വാങ്ങല്‍ ഉപകരണങ്ങളായും മാത്രം കാണുന്നവര്‍ക്കും പ്രതികരണശേഷി നഷ്ടപ്പെട്ട, സംഘബോധമില്ലാത്ത, തീര്‍ത്തും നിര്‍ജീവമായ (അരാഷ്ട്രീയമായ) ഒരു തലമുറയെ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.

ലൌകികമായ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കു ഊന്നല്‍ നല്‍കാതെ, ആത്മീയമായ എല്ലാത്തിനോടും സന്ധിചെയ്യലാണ് പുണ്യകര്‍മ്മമെന്ന് ഊണിലും ഉറക്കത്തിലും നമ്മെ ഉല്‍ബോധിപ്പിക്കുന്നവരില്‍ പലരും മറച്ചു വെയ്ക്കപ്പെട്ട അരാഷ്ട്രീയതയുടെ ഉദ്ധരണികളാണെന്ന് നമ്മള്‍ മറന്നു കൂടാ. ഓജസ്സുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടി രാഷ്ട്രീയമായ തിരിച്ചറിവുകളോടെ മാത്രമെ സാധ്യമാവൂ എന്നത് നിസ്തര്‍ക്കവുമാണ്. നീറുന്ന ജനതയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കാനായാലെ ഒരു പൌരന്‍ എന്ന നിലയിലെ കടമകള്‍ നിറവേറ്റപ്പെടുന്നുള്ളൂ എന്ന രാഷ്ട്രീയബാലപാഠം മറക്കാതിരിക്കുകയും വേണം അത് നാസ്തികർ ആയാലും.

(തുടരും)