റെഡ് സല്യൂട്ട്: കനല്‍വഴികളിലെ പാട്ടുകാരി പി.കെ. മേദിനിക്ക് എൺപത്തിയാറാം പിറന്നാൾ

‘വസന്തത്തിന്റെ കനല്‍വഴിയിലൂടെ’ എന്ന സിനിമയില്‍ എണ്‍പതാമത്തെ വയസ്സില്‍ മേദിനി അഭിനയിച്ചു. 1940–കളിലെ കേരളത്തിലെ സാമൂഹ്യസാഹചര്യത്തില്‍ കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ നേരിട്ട് പങ്കെടുത്ത ചിരുത എന്ന കഥാപാത്രത്തെയാണ് അനില്‍ നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍വഴിയില്‍’ മേദിനി അവരിപ്പിച്ചത്. അതേ സിനിമയില്‍ ഒരു പാട്ടുംമേദിനി ട്യൂണ്‍ ചെയ്യുകയുണ്ടായി. എന്റെ എണ്‍പതാം വയസ്സില്‍ കിട്ടിയ വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഈ അഭിനയത്തെ കാണുന്നത് എന്ന് സഖാവ് മോദിനി പറയുന്നു

ഗൌരി അമ്മയും മുകേഷും ഒക്കെ ഉണ്ടായിരുന്നു ലൊക്കേഷനില്‍. കുറെകാലത്തിനുശേഷം അവര്‍ക്കുവേണ്ടി ‘റെഡ് സല്യൂട്ട്’ പാടി. സുരഭിയെപ്പോലുള്ള പുതിയ തലമുറ എനിക്ക് സന്തോഷം തന്നു. “കത്തുന്ന വേനലിലൂടെ….” എന്ന പാട്ടായിരുന്നു ഞാനാ സിനിമയില്‍ ട്യൂണ്‍ ചെയ്തുപാടിയത്.

ഇപ്പോഴും പാടാന്‍ പോകും. ബസ്സിലും, ട്രെയിനിലും മറ്റും കയറി തന്നെയാണ് വലിയൊരു പങ്കും യാത്ര. ആരോഗ്യം പതുക്കെ മോശമാകാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും കമ്യൂണിസ്റ്റ് രക്തം എന്റെ ശരീരത്തിലൂടെ ഒഴുകുന്നതുകൊണ്ട് ഞാനൊന്നും കാര്യമാക്കാറില്ല. ഇടതും വലതുമൊന്നും എന്നെ ബാധിച്ചിട്ടില്ല. പിളര്‍പ്പില്‍ ഞാന്‍ അന്ധാളിച്ചു നിന്നിട്ടുണ്ട് എങ്കിലും. ഞാന്‍ കഷ്ടപ്പാടുകള്‍, തൊഴിലാളി ജീവിതങ്ങള്‍ മനസ്സില്‍ കലമ്പല്‍ കൂടുന്നിടത്തോളംകാലം എന്റെ പടപ്പാട്ടുകള്‍ ഇരമ്പലായി മാറുകതന്നെ ചെയ്യും.

ജീവിതത്തെക്കുറിച്ച് സന്തോഷം മാത്രമേ എനിക്കുള്ളൂ. എന്റെ പടപ്പാട്ടുകളാണ് എന്റെ ജീവന്‍. എന്റെ മക്കളെപ്പോലെ ഞാനവരെ സ്നേഹിച്ചു. കൊണ്ടുനടന്നു ഇത്രയും കാലം. ഇടയ്ക്ക് ജീവിതത്തില്‍ തളര്‍ന്നു… പക്ഷേ ശബ്ദത്തെ ആരോഗ്യം മാത്രമെ തളര്‍ത്തിയിട്ടുള്ളൂ. ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും വിളിവരും പാട്ടിനായി… എനിക്ക് അപ്പോള്‍ എന്തെന്നില്ലാത്ത ഊര്‍ജ്ജം വരും. ഞാന്‍ പാടും. എന്റെ പടപ്പാട്ടുകള്‍…

1933 ആഗസ്റ്റിൽ ആലപ്പുഴയിലെ ചീരപ്പഞ്ചിറയിൽ ജനിച്ച പി കെ മേദിനി കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. നാടകനടി,പുന്നപ്ര-വയലാർ സമരസേനാനി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിയ്ക്കുകയും വിപ്ലവഗായിക എന്ന നിലയിൽ അതിപ്രശസ്ത ആവുകയും ചെയ്ത പി കെ മേദിനി, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിയുറച്ച അനുഭാവിയും സംഘാടകയുമാണ്.

മേദിനിസഖാവ് തന്നെ പറയുന്നു “ജാതീയത കൊടികുത്തി വാഴുന്ന കാലത്ത്, ഒരു ഈഴവാത്തി കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. 1933 ആഗസ്റ്റ് എട്ടാം തീയതി. അച്ഛന്‍ കങ്കാണിയും അമ്മ പാപ്പിയും. എന്റെ അമ്മ പന്ത്രണ്ടു കുട്ടികളെ പ്രസവിച്ചു. അന്ന് പേര് പറയുന്നതിനൊപ്പം ജാതിയും പറയേണ്ട കാലമായിരുന്നു. പക്ഷേ എന്റെ അച്ഛന്‍ ഒരു വേറിട്ട മനുഷ്യനായിരുന്നു. ജാതിയില്‍ കുറഞ്ഞവന് ഷര്‍ട്ട് ഇടാന്‍ പറ്റാത്ത കാലത്ത് സ്വര്‍ണ്ണ കുടുക്കുള്ള ഷര്‍ട്ടുമായാണ് അച്ഛന്‍ തന്റെ തൊഴിലായ ബാര്‍ബര്‍ പണി ചെയ്തിരുന്നത്. വായനയൊക്കെ ഉണ്ടായിരുന്ന, ശ്രീനാരായണഗുരു പ്രസ്ഥാനത്തോടൊക്കെ താല്‍പ്പര്യമുണ്ടായിരുന്ന നല്ല കലാകാരനായിരുന്നു അദ്ദേഹം. മൃദംഗം നന്നായി വായിക്കുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രത്യേകതയുള്ള പേരുകളാണ് അദ്ദേഹം നല്‍കിയത്. പത്മനാഭന്‍, ബാവ, ചക്രപാണി, ശാരംഗപാണി, ഭാര്‍ഗവി, വസുമതി, മേദിനി, ദയാനന്ദന്‍, ജലം എന്നിങ്ങനെയുള്ള പേരുകളിലൂടെ ഞങ്ങള്‍ അക്കാലത്ത് വ്യത്യസ്തരായി. അമ്മയാണ് പാട്ടിന്റെ ഗുരു. അമ്മയുടെ അമ്മാനപാട്ടുകളുടെ ഈണം ഇന്നും മനസ്സിലുണ്ട്. പക്ഷെ പാട്ടിനും, താളലയത്തിനുമപ്പുറത്ത് ദാരിദ്യ്രം ഞങ്ങളെ ചുറ്റിപ്പിടിച്ചിരുന്നു. ജീവിക്കാന്‍ അല്ലെങ്കില്‍ ചാവാതിരിക്കാനുള്ള ശ്രമം ആയിരുന്നു അന്നത്തെ ഓരോ പ്രവൃത്തിയും.”

നിരോധിച്ച പാട്ടും അറസ്റ്റും

നിരോധിച്ച പാട്ടുകള്‍ പൊതുപരിപാടികളില്‍ പാടി അപ്രത്യക്ഷരാവുക എന്നതായിരുന്നു ഞങ്ങളുടെ പരിപാടി. ഭരണവര്‍ഗ്ഗത്തിന് ഈ പടപ്പാട്ടുകള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കി. കോട്ടയത്ത് പടപ്പാട്ടുകള്‍ നിരോധിച്ചകാലം. അപ്പോഴേയ്ക്കും എനിക്ക് വയസ്സ് പതിനേഴായി കാണും. ഒരു വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പരിപാടിക്ക് എന്നെ അവര്‍ പാടാനായി ക്ഷണിച്ചു. കോട്ടയം തിരുനക്കര മൈതാനത്തുവെച്ച്. നിരോധിച്ച പാട്ടുപാടാന്‍ പോകുന്നതിനുമുമ്പ് ജില്ലാ സെക്രട്ടറി ഓഫീസില്‍ ചെന്ന് അന്നത്തെ സെക്രട്ടറി വി എസ് അച്യുതാനന്ദനെ കണ്ടു വിവരം പറഞ്ഞു. അറസ്റ്റുണ്ടാവും എങ്കിലും പോകണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷമായി നിരോധിച്ച പാട്ടുപാടിയതിന്റെ പേരില്‍ എനിക്ക് അറസ്റ്റുവാറണ്ടുണ്ട്. എങ്കിലും ആലപ്പുഴയിലേക്കുള്ള ബോട്ട് കയറി. മനസ്സില്‍ പേടിയൊന്നും തോന്നിയില്ല, വി എസ് സഖാവ് പറഞ്ഞ് അയച്ചതല്ലെ! തിരുനക്കര മൈതാനിയിലെ യോഗം തുടങ്ങി. ആര്‍ സുഗതനൊക്കെ പങ്കെടുത്ത യോഗം. ജനങ്ങള്‍ തിങ്ങിക്കൂടിയിട്ടുണ്ട്. എസ് കെ ദാസിന്റെ “സാമ്രാജ്യത്വം വന്‍കിട ബൂര്‍ഷ്വാവര്‍ഗം ജന്മിത്വം മര്‍ദ്ദക ചൂഷകമൂര്‍ത്തികള്‍ മൂവരും ഒത്തു ഭരിക്കുന്നോ” എന്നു തുടങ്ങുന്ന നിരോധിച്ച ഗാനമാണ് ഞാനന്ന് പാടിയത്. യോഗസ്ഥലത്തുവെച്ച് സഖാക്കള്‍ സൂചിപ്പിച്ചു, ചിലപ്പോള്‍ അറസ്റ്റുണ്ടാവുമെന്ന്. എങ്കിലും ആ വലിയ ജനാവലിക്കുവേണ്ടി ഞാന്‍ ഉറക്കെ പാടി. പിന്നെ കോട്ടയം ഭാസിയുടെ വീട്ടിലേക്കുപോയി. ഭാസിചേട്ടന്റെ അമ്മയ്ക്കുവേണ്ടി ഞാനാ രാത്രി വീണ്ടും പാട്ടു പാടി. അതിനിടയ്ക്കാണ് ശബ്ദം കേട്ടത്.

കൂത്താട്ടുകുളം മേരിയുടെ ജീവിതമൊക്കെ എനിക്കറിയാമായിരുന്നു, അവര്‍ അനുഭവിച്ച യാതനകള്‍ ഞങ്ങളെല്ലാം മനസ്സിലാക്കിയിരുന്നതാണ്. അങ്ങിനെ ആയി തീരുമോ എന്റെയും ജീവിതം? ഞാന്‍ അല്പം അസ്വസ്ഥയായി. ഭാസിചേട്ടന്റെ അമ്മ വാവിട്ടു കരഞ്ഞു. ഈ കൊച്ചുപെണ്‍കുട്ടിയെ, ഈ അര്‍ദ്ധരാത്രിക്ക്? ആ അമ്മ വിലപിച്ചു. സബ് ഇന്‍സ്പെക്ടര്‍ രഹസ്യമായി ഭാസിചേട്ടനോട് പറഞ്ഞു. പേടിക്കേണ്ട, ഇന്നു രാത്രി കുഴപ്പമില്ലാതെ ഞാന്‍ നോക്കിക്കൊള്ളാം എന്ന്. അല്പം ആശ്വാസമായി. എന്നെ വണ്ടിയില്‍ കയറ്റിയിരുത്തി. പോലീസുകാര്‍ കിട്ടിയ അവസരം പാഴാക്കിയില്ല. ലാത്തികൊണ്ട് ശരീരത്തില്‍ അവര്‍ കുത്തുന്നുണ്ടായിരുന്നു. സ്റ്റേഷനില്‍ വെളിച്ചം കുറവായിരുന്നു. ലോക്കപ്പിലെ കള്ളന്മാരെ മാറ്റി എനിക്കായി ഇടം തന്നു.

പോലീസുകാരില്‍ ചിലര്‍ എന്റെ അടുത്തേക്കുവന്ന് ഉപദേശിക്കാന്‍ തുടങ്ങി. നീ പെണ്‍കുട്ടിയല്ലെ, കലാരംഗത്തു തന്നെ നില്‍ക്കണമെങ്കില്‍ കഥാപ്രസംഗത്തിന്റെ ഫീല്‍ഡിന് നല്ല ഡിമാന്റ് ഉണ്ടല്ലോ അതുനോക്കിക്കൂടെ എന്നൊക്കെ. പാര്‍ട്ടിക്കുവേണ്ടിയും മറ്റും പാടി നടക്കുന്നത് പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല എന്നവര്‍ പറയുന്നുണ്ടായിരുന്നു. ഏതായാലും ഒരു പായ കിട്ടി. ഞാന്‍ രാത്രി ലോക്കപ്പില്‍ കിടന്നുറങ്ങി. രാത്രി അവിടെ ചിലവഴിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി. പോലീസുകാരിലും എന്റെ പാട്ട് ഇഷ്ടപ്പെടുന്നവര്‍ ഉണ്ടെന്ന്. ഒരു പോലീസുകാരന്‍ എനിക്ക് എന്റെ പാട്ട് ഇഷ്ടമാണെന്ന കുറിപ്പ് എഴുതി ലോക്കപ്പിന്റെ അകത്തേക്ക് ഇട്ടത് എനിക്ക് അത്ഭുതം ഉണ്ടാക്കി. പുറകെ വന്ന പോലീസുകാരന്‍ ആ കുറിപ്പ് കണ്ട് എന്നെ അനാവശ്യമായി ശകാരിക്കുകയും ചെയ്തു.

രാവിലെ ചില സഖാക്കളെത്തി, അവരെ കണ്ടപ്പോള്‍ എനിക്ക് ശ്വാസം വീണു. അവര്‍ സ്നേഹപൂര്‍വ്വം എനിക്ക് കാപ്പി വാങ്ങിച്ചുതന്നു. പക്ഷെ രാവിലെ ഇന്‍സ്പെക്ടര്‍ രാജന്‍ സ്റ്റേഷനില്‍ എത്തി. പോലീസുകാര്‍ അയാളുടെ മുന്നിലേക്ക് എന്നെ കൊണ്ടുപോയി. നിനക്ക് തിരുവിതാംകൂറിലെ പോലീസുകാരുടെ പേരൊക്കെ പാട്ടായി പാടണമല്ലെ എന്നു ഗര്‍ജ്ജിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. ആ പാട്ട് ഒന്നു പാടൂ എന്ന് ആജ്ഞാപിച്ചു. പാട്ടിന് വിലക്കുണ്ട് അതിനാല്‍ പാടാന്‍ പറ്റില്ല എന്നു ഞാനും. ഒടുവില്‍ നരവേട്ടക്കാര്‍ എം എസ് പിക്കാര്‍, അച്ചുതപ്പാപ്പാട്ടി, ഒ എം ഖാദര്‍, നാടാര്‍ രാജന്‍, കുട്ടികള്‍ മന്നാടി, ഒന്നും തലപൊക്കില്ലിവിടെ… എന്നുള്ള വരികളില്‍നിന്ന് പേരുകള്‍ മാത്രം പറയാന്‍ ആവശ്യപ്പെട്ടു. പറഞ്ഞില്ലെങ്കില്‍ അടി കിട്ടുമെന്ന് എനിക്ക് തോന്നി. ഞാന്‍ പതുക്കെ പേരുകള്‍ നിരത്തി. അതിലുള്ള നാടാര്‍ രാജന്‍ അയാള്‍ തന്നെയായിരുന്നു.

നിനക്ക് എന്റെ പേരും അറിയാമല്ലെ എന്നു പറഞ്ഞുകൊണ്ട് ഒറ്റ അടി. അതിനിടയിൽ മറ്റൊരു പോലീസ് എന്റെ മുടിക്ക് കുത്തിപ്പിടിച്ച് പോടീ റാസ്കൾ ” എന്നും പറഞ്ഞ് എന്നെ ലോക്കപ്പിനകത്തുവെച്ച് പൂട്ടി. എന്നെ കൂടുതൽ അടിയിൽ നിന്നു രക്ഷപ്പെടുത്താനുള്ള തന്ത്രമായിരുന്നു അത്.

കോടതിയില്‍ എന്നെ ഹാജരാക്കിയപ്പോള്‍ എന്റെ കൈകെട്ടിയുള്ള നില്‍പ്പ് മജിസ്ട്രേറ്റിന് സുഖിച്ചില്ല. കൈകൂപ്പണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ശിക്ഷ വിധിച്ചു, 500 രൂപ കെട്ടിവെക്കാന്‍. കോടതി അലക്ഷ്യത്തിന്! അന്ന് 500 രൂപയൊക്കെ വലിയ തുകയാണ്. നാലു മണിക്കു മുമ്പെ അത്രയും കെട്ടിവെച്ചില്ലെങ്കില്‍ അന്നും രാത്രി ഞാന്‍ ലോക്കപ്പില്‍ കിടക്കേണ്ടിവരും. എന്തും സംഭവിക്കാം, പക്ഷെ സഖാക്കള്‍ തിരുനക്കര മൈതാനത്തിനടുത്തുള്ള ഷോപ്പുകളില്‍നിന്നു പിരിച്ചെടുത്ത തുകയുമായി വന്ന് 4 മണിക്കുമുമ്പ് പൈസ കെട്ടി. അങ്ങിനെ എന്റെ താല്‍ക്കാലിക ശിക്ഷ അവസാനിച്ചു. അന്നു കടകള്‍ കയറി ഇറങ്ങി നാലഞ്ചു മണിക്കൂറിനുള്ളില്‍ അവര്‍ അത്രയും പണം പിരിച്ചെടുത്തത്, എന്റെ പാട്ടിനോടുള്ള അവരുടെ സ്നേഹംകൊണ്ടായിരുന്നു.

പികെ മേദിനി എന്ന പഞ്ചായത്ത് പ്രസിഡന്റ്

55 വയസ്സു കഴിഞ്ഞ് ഞാന്‍ കേരള സ്പിന്നേഴ്സില്‍നിന്നു പിരിയുന്ന ആദ്യ വര്‍ഷമാണ് തെരഞ്ഞെടുപ്പു വന്നത്. എന്റെ വാര്‍ഡില്‍ എന്നെ നിര്‍ത്തി. പക്ഷേ പതിനഞ്ചോളം വോട്ടുകള്‍ക്കാണ് ഞാനന്ന് തോറ്റത്. അത് സഖാക്കളിലും എന്നിലും ഒരു ധൈര്യമുണ്ടാക്കി. ഒന്നുകൂടി ശ്രമിച്ചാല്‍ ജയിക്കുമെന്ന തോന്നലുണ്ടാക്കി. എന്റെ പാട്ടിനെ ഇവിടുത്തുകാര്‍ ഏറെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അപ്പോഴാണ് മണ്ണാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി നിന്നത്. വനിതാ സംവരണ സീറ്റില്‍. എനിക്ക് ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ അവിടുത്തെ പ്രശ്നങ്ങള്‍ പഠിച്ചുതന്നെയാണ് ഇലക്ഷന് സംസാരിച്ചത്, ജനങ്ങളെ നേരിട്ടത്.

അങ്ങിനെ ഞാന്‍ ജയിച്ച് പ്രസിഡന്റായി. എസ്.സി./എസ്.ടി. വിഭാഗത്തിനുള്ള ഫണ്ട് ഞങ്ങള്‍ പൂര്‍ണ്ണമായും വിനിയോഗിച്ചു. സംസ്ഥാനത്തുതന്നെ ഞങ്ങളുടെ ഗ്രാമപഞ്ചായത്തിനായിരുന്നു അന്നതിനു മുമ്പില്‍. ജീവിതകഷ്ടതകള്‍ എനിക്കല്ലാതെ ആര്‍ക്കാണ് മനസ്സിലാവുക? രാഷ്ട്രീയവും പാട്ടും എനിക്ക് രണ്ടല്ലായിരുന്നു. ഞാന്‍ എവിടെ ചെന്നാലും പാട്ട് ഒരു കഥാപാത്രമായി വരും. ഞാന്‍ പാടും, അവര്‍ പഞ്ചായത്തിന്റെ ജോലിയില്‍ എന്നെ സഹായിക്കും. സഹപ്രവര്‍ത്തകരെ ജോലിചെയ്യിപ്പിക്കാന്‍ ഞാന്‍ പാട്ടിനെ ഒരു ആയുധമാക്കി. പാട്ടിലൂടെ എന്റെ സ്നേഹം ഞാന്‍ പങ്കുവെച്ചു. അവര്‍ അവരുടെ പണികളില്‍നിന്ന് ഒരിക്കലും മാറിനിന്നില്ല. ഞങ്ങള്‍ ഒന്നിച്ചിരുന്ന് പാടുകയും പഞ്ചായത്തിന്റെ പ്രോജക്ടുകള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. ഒന്നിച്ച് പഞ്ചായത്തിലൂടെ നടന്നുപാടി.

“മനസ്സു നന്നാവട്ടെ…
മതമേതെങ്കിലും ആകട്ടെ
മാനവഹൃത്തില്‍ ചില്ലയിലെല്ലാം
നാമ്പുകള്‍ വിരിയട്ടെ!”

അരിയോട് ബ്ളോക്ക് പഞ്ചായത്തിലെ ഓമനപ്പുഴ കടപ്പുറം എനിക്ക് മറക്കാന്‍ പറ്റാത്ത സ്ഥലമാണ്. അഞ്ചുവര്‍ഷക്കാലം ഞാനാസ്ഥലത്തെ പ്രതിനിധീകരിച്ചിരുന്നു. സുനാമി വന്നകാലം, വീടു മുഴുവന്‍ തകര്‍ന്ന്, സമയത്തിന് ഒരു സഹായവുമെത്താതെ ജനങ്ങള്‍ ക്രുദ്ധരായി ബഹളം വെച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാനവിടെ ചെന്നിറങ്ങുന്നത്. പ്രതിഷേധം കണ്ട് ജനപ്രതിനിധികള്‍ പേടിച്ചു. വണ്ടി എറിഞ്ഞുടക്കാന്‍ ശ്രമിച്ചു. പലരും ഓടി രക്ഷപ്പെട്ടു. ഞാനവിടെ നിന്നു. ഞാനവിടെനിന്ന് പണ്ട് കുറെ പാടിയിട്ടുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നെ ഞാനെന്തിന് ഓടണം? എല്ലാറ്റിനുമൊടുവില്‍ അവര്‍ എന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞു.86 ആറാം വയസിലും ചോരാത്ത വിപ്ലവ വീര്യത്തോടെ മോദിനി സഖാവ് ഓർമ്മിക്കുന്നു.

വിപ്ലവത്തിന്റെ വാനമ്പാടി

പുന്നപ്ര-വയലാർ സമരങ്ങളിൽ ശിക്ഷിയ്ക്കപ്പെട്ട ടി വി തോമസ്,ആർ സുഗതൻ,കെ ആർ ഗൗരിയമ്മ തുടങ്ങിയ സമരസഖാക്കൾക്ക് നൽകിയ സ്വീകരണങ്ങളിൽ പാടിയിരുന്ന മേദിനി അധികം വൈകാതെ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മിയ്ക്ക പൊതുസമ്മേളനങ്ങളിലെയും സ്ഥിരം പാട്ടുകാരി ആയി. നാടകം,പാട്ട് തുടങ്ങിയ ജനകീയകലകളിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജനങ്ങളിലേയ്ക്കെത്തിയ്ക്കാൻ ശ്രമിച്ചവരിലെ മുൻനിരക്കാരിയായ പി കെ മേദിനിയ്ക്ക് കലാകേരളം, വിപ്ലവത്തിന്റെ വാനമ്പാടി എന്ന് വിശേഷണം ചാർത്തിക്കൊടുത്തു.

കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച വിപ്ലവഗാനങ്ങൾക്ക് പുറമേ,ഇരുന്നൂറോളം വേദികളിൽ കെടാമംഗലം സദാനന്ദനോടൊത്ത് “സന്ദേശം” എന്ന നാടകത്തിലും പി ജെ ആന്റണിയോടൊപ്പം “ഇങ്ക്വിലാബിന്റെ മക്കൾ” എന്ന നാടകത്തിലും വേഷമിട്ടു. 2014ലെ “വസന്തത്തിന്റെ കനൽ വഴികൾ” എന്ന സിനിമയിൽ നായികാവേഷം ചെയ്തു. അതോടൊപ്പം ആ സിനിമയിൽ സംഗീതസംവിധാനം നിർവഹിയ്ക്കുകയും പിന്നണി പാടുകയും ചെയ്തു ഈ വിപ്ലവഗായിക.

കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐയുടെ കൂടെ ഉറച്ചു നിന്ന അവർ  മണ്ണഞ്ചേരി പഞ്ചായത്ത് പ്രെസിഡന്റ്,ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡെന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.വടക്കൻപാട്ട് സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തനായ ശാരംഗപാണി മേദിനിയുടെ ഒരു സഹോദരനാണ്. മറ്റു 11 സഹോദരങ്ങൾ.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913