ഡു ഫോര്‍ കേരള: പ്രളയത്താല്‍ ദുരിതത്തിൽ സഹായഹസ്തവുമായി താരങ്ങൾ

പ്രളയത്തെ തുടര്‍ന്ന് ദുരിത ജീവിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കുടൂതല്‍ പേര്‍ രംഗത്ത്. ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ധനസഹായം നടന്‍ കമല്‍ ഹാസന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.നടന്‍മാരായ സൂര്യ , കാര്‍ത്തി എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്നറിയിച്ചു. അഞ്ച് കോടി രൂപ ദുരിതബാധിതര്‍ക്കായി നല്‍കുമെന്ന് വ്യവസായി എംഎ യൂസഫലി പറഞ്ഞു. താരസംഘടനയായ എഎംഎംഎ 10 ലക്ഷവും നല്‍കി.ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു.

പ്രകൃതി ദുരന്തത്തിന്റെ ഇരകളായവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നഭ്യര്‍ഥിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എല്ലാവരും കഴിയാവുന്ന വിധം സഹായിക്കണമെന്ന് നടന്‍മാരായ മോഹന്‍ ലാല്‍, മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.

ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു.’ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന. ദുല്‍ഖര്‍ സല്‍മാനും ‘ഡു ഫോര്‍ കേരള’ എന്ന ഹാഷ്ടാഗോടെയാണ് അഭ്യര്‍ഥന നടത്തിയത്.

എന്നാൽ കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൊങ്കാലയെത്തുന്നത്.

എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക് കുറിപ്പ് ഇട്ടത്. ദുരന്തത്തെ ഒന്നായി നേരിടാമെന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.. എന്നാല്‍ സഹായധനങ്ങള്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങള്‍ അഭ്യര്‍ത്ഥനയുമായെത്തി.