ലാൽ സലാം, ധീരസഖാവേ ജർമൻ സലാം; രാജു സഖാവ് അന്തസുള്ളവനാണ്; സുനിൽകുമാറിനെപ്പോലെ അല്ല

രാജു മന്ത്രി ഓടിപ്പിടഞ്ഞു വന്നിട്ടും ഇവിടെ ഒന്നും ചെയ്യാനില്ലെന്ന് പരിഹാസവുമായി അഡ്വ.ജയശങ്കർ പ്രളയക്കെടുതിയിൽ വലയുമ്പോൾ വനം മന്ത്രി കെ.രാജു ജർമ്മനിയിലേക്ക് പറന്നത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. യാത്ര റദ്ദാക്കി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ സ്വന്തം പാർട്ടിയായ സി.പി.ഐ തന്നെ ആവശ്യപ്പെടുകയും, തന്റെ അനുവാദമില്ലാതെയാണ് മന്ത്രി ജർമ്മനിക്ക് പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തതോടെ രാജു ശരിക്കും പരുങ്ങലിലാവുകയായിരുന്നു.ഈ വിഷയത്തിൽ വനം മന്ത്രിയെ ട്രോളി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ.ഫെയ്‌സ്‌ബുക്കിൽ ഇട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉരുൾപൊട്ടൽ, മലയിടിയൽ, വെളളപ്പൊക്കം, കടലാക്രമണം എന്നിവയാൽ വലയുന്ന ജർമൻ മലയാളികളെ സാന്ത്വനിപ്പിക്കാനും സമാശ്വസിപ്പിക്കാനുമാണ് ബഹു വനംവകുപ്പ് മന്ത്രി കെ.രാജു ബോണിലേക്ക് പോയത്. കൂട്ടത്തിൽ ബെർലിൻ മൃഗശാല സന്ദർശിക്കാനും പരിപാടി ഉണ്ടായിരുന്നു.

പൊന്നാനി എംപി ജനാബ് ഇടി മുഹമ്മദ് ബഷീറും മന്ത്രിക്കൊപ്പം ബോണിൽ എത്തിയിട്ടുണ്ട്. മന്ത്രി സുനിൽകുമാറും ഡോ എംകെ മുനീർ എംഎൽഎയും കൂടെ ചെല്ലാമെന്ന് സമ്മതിച്ചതാണ്, പക്ഷേ അവസാന നിമിഷം കാലുമാറി.

പനിയും ജലദോഷവുമാണ് എന്നു പറഞ്ഞു രാജു സഖാവിനും പോകാതിരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അസ്സലുളളവനാണ്. വാക്ക് പറഞ്ഞാൽ പാലിക്കുന്നവനാണ്. അതുകൊണ്ട് പറഞ്ഞ സമയത്ത് പുറപ്പെട്ടു, കൃത്യമായി ജർമനിയിലെത്തി. സഖാവിൻ്റെ സമയനിഷ്ഠയും കർത്തവ്യ വ്യഗ്രതയും കണ്ട് ജർമൻ സായ്പുമാർ പോലും അന്തംവിട്ടു.

നമ്മുടെ നാട്ടിലെ ചില തൂലിക തൊഴിലാളികൾക്കു മാത്രം മന്ത്രി സഖാവിന്റെ ജർമൻ യാത്ര രസിച്ചില്ല. മുഖ്യമന്ത്രി ബാൾട്ടിമോർ യാത്ര മാറ്റിവച്ചില്ലേ, പ്രധാനമന്ത്രി ഇങ്ങോട്ട് വന്നില്ലേ എന്നൊക്കെയാണ് അവരുടെ ചോദ്യം. അതിലൊന്നും കഥയില്ല. അലക്കൊഴിഞ്ഞിട്ട് ബെർലിനിൽ പോകാൻ പറ്റില്ല എന്ന് സഖാവ് വെളിയം ഭാർഗവൻ പറഞ്ഞിട്ടുണ്ട്.

തല്പരകക്ഷികളുടെ കുപ്രചരണ കോലാഹലത്തിൽ പാർട്ടി നേതൃത്വം കുടുങ്ങിപ്പോയതാണ് ഏറ്റവും കഷ്ടം. മന്ത്രിയോട് മടങ്ങി വരാനാവശ്യപ്പെട്ട് കാനം സഖാവ് എക്സ്പ്രസ് ടെലഗ്രാം അയച്ചുവത്രേ. ടിക്കറ്റ് ഓകെ ആയിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നിട്ടുമില്ല. അതുകൊണ്ട് രാജു മന്ത്രി പതുക്കെ വന്നാൽ മതി. ഓടിപ്പിടഞ്ഞു വന്നിട്ടും ഇവിടെ ഒന്നും ചെയ്യാനില്ല.

ലാൽ സലാം, ധീരസഖാവേ ജർമൻ സലാം