കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിച്ചതിന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദി പഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതകാലത്ത് കേരളത്തിലെ ജനങ്ങളെ സഹായിച്ചതിന് ദുബായ് ഭരണാധികാരിക്ക് നന്ദി അറിയിക്കുന്നു. സഹായിക്കാനുള്ള തീരുമാനം ഇന്ത്യയ്ക്കും യു.എ.ഇയ്ക്കും ഇടയിലെ സവിശേഷ ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതിയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി യു. എ. ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടക്കുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് അറബിയിലും ഇംഗ്ളീഷിലും മലയാളത്തിലുമായി അദ്ദേഹം അഭ്യർത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കേരളം പ്രളയത്തിലൂടെ കടന്നു പോവുകയാണെന്നും പുണ്യമാസത്തിൽ ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ദുരിത ബാധിതരെ സഹായിക്കാൻ യു.എ.ഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും. അടിയന്തരസഹായം നൽകാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.