യുപിഎ – എൻഡി എ സർക്കാരുകൾക്ക് സനാതന്‍ സന്‍സ്തയുമായി എന്താണ് ബന്ധം ?

ലിബി. സി.എസ്

ഡോ.നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ സനാതന്‍ സന്‍സ്ഥ നേതാവും ഇഎന്‍ടി സ്പെഷ്യലിസ്റ്റുമായ ഡോ. വീരേന്ദ്രസിങ് താവ്ഡെയാണ്.ഹിന്ദുത്വതീവ്രവാദി സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരായ സാരംഗ് അകോല്‍ക്കര്‍ക്കും വിനയ് പവാറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

താവ്ഡെയും സനാതന്‍ സന്‍സ്ഥ എന്ന സംഘടയിലെ മറ്റുള്ളവരുമായി പല ഘട്ടങ്ങളില്‍ നടത്തിയ ഇ മെയില്‍ സന്ദേശങ്ങളാണ് സിബിഐ പ്രധാന തെളിവായി നിരത്തുന്നത്. ധാബോല്‍ക്കറെ വധിക്കുന്നതിനുള്ള ആസൂത്രണത്തിന്റെ രേഖാചിത്രം ഈ ഇ മെയില്‍ സന്ദേശങ്ങളിലൂടെ ലഭ്യമാണെന്ന് സിബിഐ കുറ്റപത്രം അടിവരയിടുന്നു. 2007ല്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥയുടെ വക്താവ് ദുര്‍ഗേശ് സാമന്ത് താവ്ഡെയ്ക്കയച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഡോ.ധാബോല്‍ക്കറെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമെന്നാണ് സിബിഐ കണ്ടെത്തിയത്.

അന്ധവിശ്വാസവിരുദ്ധ ബില്ലിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ഉയരുകയാണെന്നും അതിനാല്‍ ധാബോല്‍ക്കറില്‍ കൂടതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നുമായിരുന്നു ഈ മെയില്‍ സന്ദേശം. 2009 ഏപ്രിലില്‍ സാംഗ്ളി ജില്ലയിലെ മിറാജ് സ്വദേശിയായ സാരംഗ് അകോല്‍ക്കര്‍ അയച്ച ഇ മെയില്‍ സന്ദേശത്തില്‍ എവിടെനിന്നാണ് ആയുധം സംഭരിക്കേണ്ടത് എന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത്. കോഡ് ഭാഷ ഉപയോഗിച്ചുള്ള സന്ദേശമായിരുന്നു ഇത്. വിദേശസാഹിത്യം (വിദേശനിര്‍മിത ആയുധം) അസമില്‍നിന്ന് ശേഖരിക്കാമെന്നും ആയുധനിര്‍മാണത്തിനായി ഒരു വ്യവസായശാലതന്നെ സ്ഥാപിക്കണമെന്നും ഈ ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.

സിബിഐ നിരത്തുന്ന മറ്റൊരു പ്രധാന തെളിവ് കോല്‍ഹാപുരിലെ വര്‍ക്ക്ഷോപ് നടത്തുന്നയാളെ കണ്ട് തോക്കിനാവശ്യപ്പെട്ടുവെന്ന സാക്ഷിമൊഴിയാണ്. അകോല്‍ക്കറും വിനയ് പവാറുമാണ് ധാബോല്‍ക്കറെ വധിക്കുന്നതിന് ഏതാനും ദിവസംമുമ്പ് ഈ കച്ചവടക്കാരനെ കണ്ട് തോക്കിനാവശ്യപ്പെട്ടത്. താവ്ഡെ പരസ്യമായിത്തന്നെ ധാബോല്‍ക്കറെ അധിക്ഷേപിച്ച് നടത്തിയ പ്രകടനങ്ങളെക്കുറിച്ചും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 2002, 2007, 2009 തുടങ്ങിയ വര്‍ഷങ്ങളില്‍ ധാബോല്‍ക്കറെ മുഖാമുഖം നിര്‍ത്തി ഭീഷണിമുഴക്കാന്‍ താവ്ഡെ തയ്യാറായി എന്നാണ് സിബിഐ പറയുന്നത്.

ധാബോല്‍ക്കര്‍ക്കെതിരെ പരോക്ഷമായും പരസ്യമായും ഭീഷണി ഉയര്‍ത്തിയ പ്രസ്ഥാനമായിരുന്നു സനാതന്‍ സന്‍സ്ഥ. സന്‍സ്ഥയുടെ വെബ്സൈറ്റില്‍ ചുവന്ന വരയോടെ ഡോ.ധാബോല്‍ക്കറുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഒഴിവാക്കപ്പെടേണ്ടയാളാണെന്ന് സൂചിപ്പിച്ചുള്ള ഈ ചിത്രം പ്രസിദ്ധീകരിച്ചത്. എന്തുകൊണ്ട് ധാബോല്‍ക്കറെ ഉന്മൂലനം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഒരു ലേഖനവും സന്‍സ്ഥയുടെ മുഖപത്രമായ ‘സനാതന്‍ പ്രഭാത്’ പ്രസിദ്ധീകരിക്കുകയുണ്ടായി. ഗോവ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മല്‍ഗോണ്ട പാട്ടീലായിരുന്നു ഈ ലേഖനം എഴുതിയത്. ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടതിനുശേഷം അതിനെ ന്യായീകരിച്ചുള്ള ലേഖനവും സനാതന്‍ പ്രഭാത് പ്രസിദ്ധീകരിച്ചുവെന്ന് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

അന്ധവിശ്വാസത്തിനെതിരെ പൊരുതിയ ഡോ.നരേന്ദ്ര ധാബോല്‍ക്കര്‍ 2013 ആഗസ്ത് 20നാണ് കൊല്ലപ്പെട്ടത്. പുണെയില്‍ പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ താരകേശ്വര്‍ പാലത്തില്‍വച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ധാബോല്‍ക്കര്‍ കൊല്ലപ്പെട്ട് ഒന്നരവര്‍ഷത്തിനുശേഷം 2015 ഫെബ്രുവരിയിലാണ് സിപിഐ നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെടുന്നത്. പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്ഥ അംഗം സമീര്‍ ഗെയ്ക്ക്വാദിനെ കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ത്തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഇരുകൊലപാതകങ്ങളുമായി സനാതന്‍ സന്‍സ്ഥ എന്ന സംഘടനയ്ക്ക് ബന്ധമുണ്ടെന്നര്‍ഥം. കര്‍ണാടകയിലെ എഴുത്തുകാരന്‍ എം എം കലബുര്‍ഗിയുടെ വധവുമായും (2015 ആഗസ്ത് 30) ഗൗരിലങ്കേഷിന്റെ വധവുമായും ഈ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന സംശയം ഉണര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഒരുപോലെ വേരുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥ.

കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയ പിസ്റ്റള്‍ ഉപയോഗിച്ച് തന്നെയാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെയും വധിച്ചതെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനേയും കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.

മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ ഗോവിന്ദ് പന്‍സാരെയെ വധിക്കാന്‍ ഉപയോഗിച്ച പിസ്റ്റളും കല്‍ബുര്‍ഗി കൊലപാതക കേസിലെ പിസ്റ്റളും സാമ്യമുണ്ടെന്ന് ഫോറന്‍സിക് അന്വേഷണം സംഘം നേരത്തെ കണ്ടെത്തിയിരുന്നു.ഈ മൂന്നു സംഭവങ്ങളുടെ പിന്നിലും ഒരേ സംഘമായിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

എന്നാൽ സനാതന്‍ സന്‍സ്ഥ എന്ന സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പലകോണുകളില്‍നിന്നും ഉയര്‍ന്നെങ്കിലും അതൊന്നും പരിഗണിക്കപ്പെടുകയുണ്ടായില്ല.

നേരത്തെ യുപിഎ സര്‍ക്കാരും ഇപ്പോള്‍ മോഡിസര്‍ക്കാരും സനാതന്‍ സന്‍സ്ഥയെ നിരോധിക്കാനാകില്ലെന്ന നിലപാടാണ് എടുത്തത്. സംഘടനയെ നിരോധിക്കാനാവശ്യമായ തെളിവൊന്നും ലഭ്യമല്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയും ആവര്‍ത്തിക്കുന്നത്.. ഇതിനര്‍ഥം നിഗൂഢമായി പ്രവര്‍ത്തിക്കുന്ന, ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സംഘടനകള്‍ തുടര്‍ന്നും സാമൂഹ്യജീവിതത്തെ അശാന്തമാക്കിക്കൊണ്ടിരിക്കും എന്ന് തന്നെയാണ്.